ഗൂസ്‌ബേ: അറ്റ്‌ലാന്റിക്കിനു മുകളില്‍ 37,000 അടി ഉയരത്തില്‍ വെച്ച് എന്‍ജിന്‍ തകര്‍ എയര്‍ ഫ്രാന്‍സ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. ഏറ്റവും വലിയ യാത്രാവിമാനമായ എയര്‍ബസ് എ380 വിമാനമാണ് വലത് ചിറകിലെ എന്‍ജിനുകളില്‍ ഒരെണ്ണം തകര്‍ന്നതിനെത്തുടര്‍ന്ന് നിലത്തിറക്കിയത്. അപകടത്തെത്തുടര്‍ന്ന് കാനഡയിലെ ഗൂസ് ബേ വിമാനത്താവളത്തില്‍ വിമാനം ഇറക്കാന്‍ പൈലറ്റ് നിര്‍ബന്ധിതനാകുകയായിരുന്നു. എന്‍ജിനില്‍ പൊട്ടിത്തെറിയുണ്ടായതിന്റെ അനുഭവങ്ങള്‍ യാത്രക്കാര്‍ പങ്കുവെച്ചു. വലിയൊരു ശബ്ദം കേട്ടതായും വിമാനം പ്രകമ്പനംകൊണ്ടതായും യാത്രക്കാര്‍ പറഞ്ഞു. തകര്‍ന്ന എന്‍ജിന്റെ ചിത്രങ്ങളും വീഡിയോയും യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

വലിയൊരു ശബ്ദം കേട്ടുവെന്നാണ് പമേല ആഡംസ് എന്ന യാത്രക്കാരി പറഞ്ഞത്. 35,000 അടിക്കു മുകളില്‍ പറക്കുന്ന വിമാനം ഒരു ജീപ്പുമായി കൂട്ടിയിടിച്ചതായാണ് തനിക്കു തോന്നിയതെന്ന് അവര്‍ പറഞ്ഞു. ആശങ്കയിലായെങ്കിലും യാത്രക്കാര്‍ സംഭവത്തേക്കുറിച്ച് തമാശകള്‍ പറഞ്ഞുകൊണ്ട് പിരിമുറുക്കം കുറക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. യാത്രക്കാര്‍ പങ്കുവെച്ച ചിത്രങ്ങള്‍ അനുസരിച്ച് എന്‍ജിന്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഒന്നര മണിക്കൂറിനു ശേഷം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിനു ശേഷമാണ് ആശ്വാസമായതെന്നും ചില യാത്രക്കാര്‍ പ്രതികരിച്ചു.

എഎഫ് 66 വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തുവെന്നും യാത്രക്കാര്‍ക്ക് കമ്പനി എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും എയര്‍ഫ്രാന്‍സ് അറിയിച്ചു. പകരം യാത്രാസൗകര്യം ഏര്‍പ്പെടുത്തിയതായും കമ്പനി അറിയിച്ചു. സ്വന്തം ഫ്‌ളീറ്റില്‍ നിന്ന് ഒരു ബോയിംഗ് 777 വിമാനവും ഒരു ചാര്‍ട്ടേര്‍ഡ് 737 വിമാനവും പകരം വിട്ടു നല്‍കി. 500ലേറെ യാത്രക്കാരെ കൊണ്ടുപോകാവുന്ന വിമാനങ്ങളാണ് എയര്‍ബസ് എ380.