നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തു. പള്‍സര്‍ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയറില്‍ നിന്നാണ് കാര്‍ഡ് പിടിച്ചെടുത്തത്. കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
നടിയെ ഉപദ്രവിച്ച കേസില്‍ പൊലീസ് അന്വേഷിക്കുന്ന അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകന് അടക്കം മൂന്നുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കേസിലാണു പ്രതീഷ് ചാക്കോയെ പൊലീസ് അന്വേഷിക്കുന്നത്.
കേസിൽ പൊലീസ് തിരയുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയും പൊലീസിന്റെ വലയിലായതായി സൂചനയുണ്ട്. ഒളിവില്‍ കഴിയുന്ന ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണസംഘം പറയുന്നത്. തിരച്ചിൽ ഉൗർജിതമാണെന്നും ഇവർ അന്വേഷണ പരിധിയിൽതന്നെ ഉണ്ടെന്നുമുള്ള സൂചനയാണ് അധികൃതർ നൽകുന്നത്.
അതിനിടെ,ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.കഴിഞ്ഞ ദിവസം കേസിൽ വളരെ പ്രധാനമെന്ന് കരുതുന്ന രണ്ടുപേരുടെ മൊഴി വളരെ രഹസ്യമായി രേഖപ്പെടുത്തിയതായാണ് വിവരം. ‘ജോർജേട്ടൻസ് പൂരം’ സിനിമയുടെ ലൊക്കേഷനിൽ ദിലീപും പൾസർ സുനിയും സംസാരിച്ചത് കണ്ടതായാണ് മൊഴി. പൾസർ സുനിയെ കണ്ടിട്ടില്ലെന്ന നിലപാട് ദിലീപ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇവരുടെ മൊഴി നിർണായകമാകും. സാക്ഷികൾ സ്വാധീനിക്കപ്പെടാതിരിക്കാനാണ് രഹസ്യമായി മൊഴിയെടുത്തത്. ദിലീപിന്റെ മൊബൈൽ ഫോണുകൾ കോടതിക്ക് കൈമാറിയതിനുപിന്നിൽ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഗൂഢശ്രമമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനിടെ, മറ്റൊരു യുവനടിയെ ക്വട്ടേഷൻ പ്രകാരം പൾസർ സുനി പീഡിപ്പിച്ചതായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അവരെയും പൊലീസ് സമീപിച്ചു. അന്വേഷണത്തോട് സഹകരിക്കാൻ തയാറാണെന്നാണ് നടി അറിയിച്ചിരിക്കുന്നത്.
വിമൻ ഇൻ സിനിമ കലക്ടീവിന്റെ ഇടപെടലിനെ തുടർന്നാണ് നടി സഹകരിക്കാൻ തയാറായത്. ലോഹിതദാസിന്റെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിക്കായി കോട്ടയം കേന്ദ്രമായുള്ള ഒരു നിർമാതാവാണ് ക്വട്ടേഷൻ നൽകിയത്. ദിലീപിന് ഇൗ നിർമാതാവുമായി അടുപ്പമുണ്ട്. ദിലീപിന്റെ ഭാഗം ന്യായീകരിച്ച് ചർച്ചകളിലും മറ്റും ഇദ്ദേഹം സജീവമായിരുന്നു. പൾസർ സുനിക്ക് ദിലീപിൽനിന്ന് ക്വട്ടേഷൻ ലഭിച്ചത് ഇദ്ദേഹം വഴിയാണെന്നും സൂചനയുണ്ട്. കിളിരൂർ പീഡനക്കേസിലും ഇയാൾക്കെതിരെ ആരോപണം ഉയർന്നിരുന്നു.
Leave a Reply