17 വയസ്സിൽ രണ്ടു കൗമാര പ്രായക്കാരെ കൊലപ്പെടുത്തിയശേഷം കാറിലിട്ടു ശരീരത്തിന് തീ കൊളുത്തിയ കോന്നർ കെർണർക്ക് (19) 179 വർഷത്തെ ജയിൽ ശിക്ഷ. ഡിസംബർ 8 ചൊവ്വാഴ്ചയായിരുന്നു ജഡ്ജി വിധി പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട തോമസ് ഗ്രിൻ (18), മോളി ലൻഹാം (19) എന്നിവരുടെ കുടുംബാംഗങ്ങൾക്ക് ഈ വിധിയിലൂടെ നീതി ലഭിച്ചുവെന്ന് പോർട്ടർ കൗണ്ടി ചീഫ് ഡപ്യൂട്ടി പ്രോസിക്യൂട്ടർ അർമാന്റോ സാലിനാസ് ചൂണ്ടിക്കാട്ടി. ഒക്ടോബർ 22ന് കോന്നർ കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചിരുന്നു.

2019 ഫെബ്രുവരി 25 നായിരുന്നു സംഭവം. മയക്കുമരുന്നു വിൽപനയുമായി ബന്ധപ്പെട്ട് ഹെബ്രോൻ ഏരിയായിലുള്ള ഗ്രാന്റ് പാരന്റ്സിന്റെ വീടിനോടനുബന്ധിച്ച് ഗാരേജിൽ കൊല്ലപ്പെട്ട തോമസ് ഗ്രിൻ തന്റെ കൈവശമുണ്ടായിരുന്ന തുക കവർച്ച ചെയ്യാൻ ശ്രമിച്ചുവെന്നും ഇതിനെ തുടർന്ന് റിവോൾവർ ഉപയോഗിച്ചു തോമസിനു നേരെ വെടിയുതിർത്തുവെന്നും നിലത്തുവീണ തോമസ് ജീവനുവേണ്ടി യാചിച്ചെങ്കിലും നിർദയമായി ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിനുശേഷം അവിടെയുണ്ടായിരുന്ന മോളിയെ മൃതദേഹം കാണിച്ചു, പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി. എല്ലാം കേട്ടു തിരികെ നടന്ന മോളിയുടെ തലക്കു നേരേയും കോന്നർ വെടിയുതിർത്തു. രണ്ടു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. തുടർന്ന് ഇവരുടെ മൃതദേഹം കൊല്ലപ്പെട്ടവരുടെ തന്നെ ഹോണ്ട സിവിക്കിന്റെ ട്രങ്കിൽ നിക്ഷേപിച്ചു തീ കൊളുത്തുകയും ചെയ്തു. കത്തി നശിച്ച കാർ പിന്നീട് കണ്ടെടുത്തു. സംഭവത്തിന്റെ പിറ്റേ ദിവസം തന്നെ പ്രതിയെ പൊലീസ് പിടികൂടി. കൊല്ലപ്പെട്ട തോമസും മോളിയും കാമുകി കാമുകൻമാരായിരുന്നു.