ലണ്ടന്‍: സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ നയങ്ങളുടെ ഭാഗമായി ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് തൊഴില്‍ രഹിതരില്‍ വര്‍ദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളുടെ പ്രധാന കാരണമാണെന്ന് വിലയിരുത്തല്‍. തൊഴില്‍ രഹിതരിലെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ 50 ശതമാനം വര്‍ദ്ധിച്ചതായി കണക്കുകള്‍ പുറത്തു വന്നിരുന്നു. അമിത ആകാംക്ഷ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചുവെന്നാണ് വ്യക്തമാക്കപ്പെടുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ ഇവയില്‍ 50 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ആനുകൂല്യങ്ങള്‍ നിര്‍ത്തിയത് ഇതിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചെന്ന് യുകെ കൗണ്‍സില്‍ ഫോര്‍ സൈക്കോതെറാപ്പി വ്യക്തമാക്കി.
എന്‍എച്ച്എസ് ജിപി രോഗികളില്‍ നിന്ന് തയ്യാറാക്കിയ വിവരങ്ങള്‍ അനുസരിച്ച് 2017 മാര്‍ച്ചില്‍ മാത്രം 15.2 ശതമാനം തൊഴില്‍രഹിതര്‍ തങ്ങള്‍ മാനസിക പ്രശ്നങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 2013 ജൂണിലെ കണക്കുകളേക്കാള്‍ 10.1 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് നല്കി വന്നിരുന്ന ബെനഫിറ്റുകള്‍ക്ക് പരിധി നിര്‍ണ്ണയിച്ചതും നാണയപ്പെരുപ്പത്തിന്റെ സമയത്ത് ബെനഫിറ്റുകള്‍ മരവിപ്പിച്ചതും ഭിന്നശേഷിക്കാര്‍ക്ക് നല്കി വന്നിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയതും ജനങ്ങളില്‍ സാമ്പത്തികവും മാനസികവുമായ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്.
ബെനഫിറ്റുകള്‍ ഇനിയും കുറയ്ക്കുമെന്നുള്ള ഭീഷണികള്‍ ഈ സമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിച്ചു. 2016 മുതലാണ് നാല് വര്‍ഷത്തേക്ക് ബെനഫിറ്റുകള്‍ വെട്ടിക്കുറക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. സര്‍ക്കാരിന്റെ ഈ നടപടി ദാരിദ്ര്യം വര്‍ദ്ധിപ്പിക്കാനേ ഉപകരിക്കൂ എന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.
Leave a Reply