ടോം ജോസ് തടിയംപാട് , ജോസ് മാത്യു .

ഞങ്ങൾ കോർദോബ മോസ്കും കത്തീഡ്രലും കണ്ടതിനു ശേഷം പഴയ പട്ടണത്തിലൂടെ നടന്നു. ജറുസലേം പട്ടണം പോലെയാണ് കോർദോബയും; വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന വഴികൾ വളരെ വിരളമാണ്. ചരിത്രത്തെ വിളിച്ചറിയിക്കുന്ന പഴയ കെട്ടിടങ്ങൾ അവിടെ കാണാം. പട്ടണത്തിലെ ജൂത ക്വാർട്ടറിൽ ഒരുകാലത്ത് ധാരാളം ജൂതന്മാർ താമസിച്ചിരുന്നു. അന്തലൂസിയൻ കാലഘട്ടത്തിൽ മുസ്ലിങ്ങളും, പിന്നീട് ക്രിസ്ത്യൻ ഭരണകാലത്ത് ക്രിസ്ത്യാനികളും അവരെ വേട്ടയാടുകയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.

ബി.സി. 218 മുതൽ എ.ഡി. 476 വരെ റോമാക്കാരാണ് സ്പെയിൻ ഭരിച്ചിരുന്നത്. ബി.സി. രണ്ടാം നൂറ്റാണ്ട് മുതൽ എ.ഡി. മൂന്നാം നൂറ്റാണ്ട് വരെ കോർദോബ റോമൻ തലസ്ഥാനമായി പ്രവർത്തിച്ചിരുന്നു. മാർക്കസ് ക്ലോഡിയസ് മർസെല്ലസ് ആണ് ബി.സി. 169-ൽ കോർദോബ പട്ടണം സ്ഥാപിച്ചത്. ഞങ്ങൾ നഗരത്തിലൂടെ നടന്ന് റോമൻ കവാടം വഴി പുറത്തുകടന്നു. നഗരസംരക്ഷണത്തിനായി റോമാക്കാർ നിർമിച്ച കോട്ടയുടെ അവശിഷ്ടങ്ങൾ കണ്ട ശേഷം, മറ്റൊരു ചരിത്രശേഷിപ്പായ റോമൻ പാലം കാണാൻ പോയി. ഗ്വാഡൽക്വിവിർ നദിക്കു കുറുകെ ബി.സി. ഒന്നാം നൂറ്റാണ്ടിൽ അഗസ്റ്റസ് ചക്രവർത്തിയുടെ കാലത്താണ് ഈ പാലം നിർമ്മിച്ചത് എന്ന് കരുതപ്പെടുന്നു. 16 ആർച്ചുകളോടെ പണിതുയർത്തിയ ഈ പാലം പല കാലഘട്ടങ്ങളിൽ പുനരുദ്ധരിച്ചിട്ടുണ്ടെങ്കിലും, റോമൻ ശൈലിയിലുള്ള ആർച്ചുകൾ അതേപടി നിലനിൽക്കുന്നു. ലോകമെമ്പാടുമുള്ള സഞ്ചാരികൾ ഈ പാലം കാണാൻ എത്താറുണ്ട്. 1984-ൽ പാലത്തിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. പാലത്തിന്റെ മറുഭാഗത്ത് ഇസ്ലാമിക കാലഘട്ടത്തിൽ പണിത വലിയൊരു കവാടവുമുണ്ട്. ഈ കാഴ്ചകളെല്ലാം കണ്ട്, ജൂത ക്വാർട്ടറിലെ ഒരു പഴയ ഭക്ഷണശാലയിൽനിന്ന് ഭക്ഷണവും കഴിച്ച് ഞങ്ങൾ കോർദോബയോട് വിടപറഞ്ഞു.

അവിടെനിന്ന് ട്രെയിനിൽ 345 കിലോമീറ്റർ അകലെയുള്ള സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലേക്ക് യാത്ര തിരിച്ചു. വഴിനീളെ ഇടുക്കിയിലൂടെ സഞ്ചരിക്കുമ്പോൾ കാണുന്നതുപോലെയുള്ള മലനിരകളായിരുന്നു. ആയിരക്കണക്കിന് ഏക്കർ സ്ഥലത്ത് ഒലിവ് മരങ്ങൾ പടർന്നുനിൽക്കുന്നു; മൂന്നാറിലെ തേയിലത്തോട്ടങ്ങൾ പോലെയാണ് അകലെനിന്നു നോക്കുമ്പോൾ അവ കാണപ്പെടുന്നത്. ഇവിടുത്തെ ക്രിസ്ത്യൻ കർഷകരെ മതം മാറ്റാനും അമിത നികുതി ചുമത്താനും ശ്രമിച്ചപ്പോഴാണ്, പിന്നീട് സ്പെയിൻ മുസ്ലിങ്ങളിൽനിന്ന് തിരിച്ചുപിടിക്കാനുള്ള ‘റീകോൺക്വിസ്റ്റ’ (Reconquista of Spain) എന്ന ചരിത്രപ്രസിദ്ധമായ പോരാട്ടം ആരംഭിച്ചത്.

345 കിലോമീറ്റർ ദൂരമുണ്ടെങ്കിലും അതിവേഗ ട്രെയിനിൽ ഒന്നര മണിക്കൂർ കൊണ്ട് ഞങ്ങൾ മാഡ്രിഡിലെത്തി. പിറ്റേദിവസം ചരിത്രപ്രസിദ്ധമായ റോയൽ പാലസ് (രാജകൊട്ടാരം) കാണാനാണ് പോയത്. ഇസ്ലാമിക ഭരണകാലത്ത്, എ.ഡി. ഒമ്പതാം നൂറ്റാണ്ടിൽ ഉമയ്യദ് ഭരണാധികാരി മുഹമ്മദ് ഒന്നാമൻ നിർമിച്ച സൈനികക്കോട്ടയായിരുന്നു ഈ കൊട്ടാരം സ്ഥിതിചെയ്യുന്ന സ്ഥലം. പിന്നീട് 1085-ൽ റീകോൺക്വിസ്റ്റയിലൂടെ ക്രിസ്ത്യൻ സൈന്യം മാഡ്രിഡ് പിടിച്ചെടുത്തു. 1492-ൽ സ്പെയിൻ പൂർണ്ണമായും ക്രിസ്ത്യൻ ഭരണത്തിൻ കീഴിലായതോടെ രാജാക്കന്മാർ ഈ കോട്ടയിൽ താമസം തുടങ്ങി. 1734-ൽ ക്രിസ്മസ് തലേന്നുണ്ടായ തീപിടുത്തത്തിൽ കൊട്ടാരം പൂർണമായി കത്തിനശിച്ചു. തുടർന്ന് 1738-ൽ പണി ആരംഭിച്ച് 1764-ലാണ് ഇന്നു കാണുന്ന കൊട്ടാരം പൂർത്തിയാക്കിയത്. 1,35,000 ചതുരശ്ര മീറ്ററിൽ 3,418 മുറികളുള്ള ഈ കൊട്ടാരം യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കൊട്ടാരങ്ങളിൽ ഒന്നാണ് (ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാം പാലസിന് ഇതിന്റെ പകുതി വലിപ്പം പോലുമില്ല). സ്പാനിഷ് നവോത്ഥാന-ബറോക്ക് വാസ്തുവിദ്യയുടെ ജീവിക്കുന്ന ഉദാഹരണവും ചരിത്രവും കലയും ഒത്തുചേരുന്ന അതുല്യമായ സ്മാരകവുമാണിത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദേശ രാഷ്ട്രത്തലവന്മാരെ സ്വീകരിക്കുന്ന മുറികൾ, ചാപ്പൽ, പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഉപയോഗിച്ചിരുന്ന വയലിൻ ഉൾപ്പെടെയുള്ള സംഗീതോപകരണങ്ങൾ, രാജകീയ പാത്രങ്ങൾ എന്നിവയെല്ലാം കൊട്ടാരത്തിനുള്ളിൽ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. പ്രശസ്തരായ ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് രാജാവിന്റെ കിടപ്പുമുറിയെ അലങ്കരിക്കുന്നത്. പഴയകാല ആയുധങ്ങൾ, അമ്പും വില്ലും, പഴയ തോക്കുകൾ, പടച്ചട്ടകൾ എന്നിവയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. നിലവിലെ രാജാവായ ഫിലിപ്പ് ആറാമൻ താമസിക്കുന്നത് മാഡ്രിഡിന് പുറത്തുള്ള സർസുവേല കൊട്ടാരത്തിലാണ്; ഔദ്യോഗിക ചടങ്ങുകൾക്ക് മാത്രമാണ് അദ്ദേഹം ഇവിടേക്ക് വരുന്നത്.

1603-ൽ ഇംഗ്ലണ്ടിൽ കത്തോലിക്കാ ഭരണം തിരിച്ചുകൊണ്ടുവരുന്നതിനായി ബ്രിട്ടീഷ് പാർലമെന്റ് ബോംബ് വച്ച് തകർക്കാൻ ശ്രമിച്ച ഗൈ ഫോക്സ് (Guy Fawkes), സഹായത്തിനായി സ്പെയിനിലെത്തി ഫിലിപ്പ് മൂന്നാമൻ രാജാവിനെ സന്ദർശിച്ചിരുന്നു (വല്ലാഡോലിഡിലെ കൊട്ടാരത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച). എന്നാൽ കത്തോലിക്കാ വിശ്വാസിയായിരുന്നിട്ടും ഇംഗ്ലണ്ടിനെതിരെ യുദ്ധം പ്രഖ്യാപിക്കാൻ ഫിലിപ്പ് മൂന്നാമൻ തയ്യാറായില്ല. തുടർന്നാണ് 1605 നവംബർ 5-ന് പാർലമെന്റും രാജാവിനെയും ഒരുമിച്ച് സ്ഫോടനത്തിൽ തകർക്കാൻ ഗൈ ഫോക്സ് ശ്രമിച്ചതും പിടിക്കപ്പെട്ടതും. ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് നവംബർ 5 ഇംഗ്ലണ്ടിൽ ‘ബോൺഫയർ നൈറ്റ്’ (Bonfire Night) ആയി ആചരിക്കുന്നത്.

തുടർന്ന് ഞങ്ങൾ മാഡ്രിഡിലെ പ്രശസ്തമായ ഈജിപ്ഷ്യൻ ക്ഷേത്രമായ ‘ടെംപിൾ ഓഫ് ദെബോദ്’ (Temple of Debod) കാണാൻ പോയി. ഈജിപ്തിന് പുറത്ത് ഇത്തരമൊരു സ്മാരകം കാണാൻ കഴിയുന്നത് അപൂർവ്വമാണ്. ബി.സി. രണ്ടാം നൂറ്റാണ്ടിൽ ഈജിപ്റ്റിലെ നൈൽ നദീതീരത്ത് നൂബിയൻ പ്രദേശത്താണ് ഇത് നിർമ്മിക്കപ്പെട്ടത്. പിന്നീട് ഉപേക്ഷിക്കപ്പെട്ട ഈ ക്ഷേത്രം, അസ്വാൻ അണക്കെട്ട് നിർമ്മാണവേളയിൽ സ്പെയിൻ നൽകിയ സഹായങ്ങൾക്കുള്ള നന്ദിസൂചകമായി 1968-ൽ ഈജിപ്ത് സ്പെയിനിന് സമ്മാനിക്കുകയാണുണ്ടായത്. 1970–1972 കാലഘട്ടത്തിൽ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടാതെ പുനർനിർമ്മിച്ച് 1972-ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

അവിടെനിന്നും റോമൻ മാതൃകയിൽ നിർമ്മിച്ച പാർലമെന്റ് മന്ദിരവും സിറ്റി സ്ക്വയറുമെല്ലാം കണ്ടതിനു ശേഷം ഞങ്ങൾ ഇംഗ്ലണ്ടിലേക്ക് മടങ്ങി. യാത്രയിലുടനീളം നാട്ടുകാരോട് വഴി ചോദിക്കുമ്പോൾ പലർക്കും ഇംഗ്ലീഷ് മനസ്സിലാകാത്തത് ഞങ്ങൾക്ക് ചെറിയ തോതിൽ ബുദ്ധിമുട്ടുണ്ടാക്കി.