ഇന്ത്യയും അയല്‍ രാജ്യമായ ചൈനയും തമ്മിലുള്ള ബന്ധം വഷളാകുന്ന തരത്തിലേക്ക് അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ മാറുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ജനസംഖ്യയില്‍ ലോകത്ത് ഏറ്റവും മുന്നിലുള്ള രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ചിന്തിക്കാന്‍ പോലും കഴിയാത്ത നാശനഷ്ടങ്ങളാണ് സമ്മാനിക്കുക. അതിര്‍ത്തിയിലെ ഡോക്ലാമിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇരുരാജ്യങ്ങളേയും സംഘര്‍ഷ മുനമ്പിലെത്തിച്ചിരിക്കുന്നത്.
കടുത്ത തണുപ്പിനേയും ശീതക്കാറ്റിനേയും വകവെക്കാതെയാണ് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ മീറ്ററുകള്‍ മാത്രം വ്യത്യാസത്തില്‍ ഡോക്ലാമില്‍ അതിര്‍ത്തി കാക്കുന്നത്. വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഔദ്യോഗിക ചര്‍ച്ച നടന്നിട്ടില്ലെന്നത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുന്നു. ഈ മാസം രണ്ടു തവണയാണ് ടിബറ്റില്‍ ചൈനീസ് സൈന്യം പരിശീലനം നടത്തിയത്. ആധുനിക യുദ്ധോപകരണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സൈനികാഭ്യാസം ഇന്ത്യയെ ലക്ഷ്യംവെച്ചായിരുന്നുവെന്നത് വ്യക്തം.
ഇന്ത്യ-ഭൂട്ടാന്‍-ചൈനീസ് അതിര്‍ത്തി പ്രദേശമായ ഡോക്ലാം എന്ന തന്ത്രപ്രധാന മേഖലയെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇത്രയേറെ വഷളാക്കിയത്. ഡോക്ലാമിനെ ചൊല്ലി നേരത്തെ തന്നെ തര്‍ക്കമുണ്ടായിരുന്നെങ്കിലും മേഖലയിലേക്ക് ചൈന റോഡ് പണിയുന്നതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് പിന്നില്‍. ആവശ്യമെങ്കില്‍ ഡോക്ലാമിലേക്ക് അതിവേഗത്തില്‍ സൈന്യത്തെ വിന്യസിക്കാന്‍ സഹായിക്കുന്നതാണ് ചൈനയുടെ റോഡ് നിര്‍മാണം.
റോഡ് നിര്‍മാണത്തിന്റെ പേരില്‍ ഇന്ത്യ ചൈനയെ കുറ്റപ്പെടുത്തുമ്പോള്‍ ചൈന ആരോപിക്കുന്നത് ഭൂട്ടാനിലെ ഇന്ത്യന്‍ കടന്നു കയറ്റങ്ങളെക്കുറിച്ചാണ്. ചെറിയ രാജ്യമായ ഭൂട്ടാന്‍ ഇന്ത്യയുമായി അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. പരിമിതമായ സൈനിക ശേഷി മാത്രമുള്ള ഭൂട്ടാനിലേക്ക് ഇന്ത്യ സൈന്യത്തെ ഇറക്കിയെന്നതാണ് ചൈനയുടെ ആരോപണം. തങ്ങളുടെ റോഡ് നിര്‍മാണം തടയുകയെന്ന ലക്ഷ്യത്തിലാണ് ഇന്ത്യ ഈ നീക്കം നടത്തിയതെന്നും ചൈന കൂട്ടിച്ചേര്‍ക്കുന്നു.
പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയും യുദ്ധസമാനമായ ജാഗ്രതയോടെ അതിര്‍ത്തികളില്‍ നിലയുറപ്പിക്കുകയും ചെയ്യുന്നത് ലോകത്തെ തന്നെ പ്രധാനപ്പെട്ട രണ്ട് രാജ്യങ്ങളാണ്. ഏകദേശം 260 കോടിയോളം മനുഷ്യരാണ് ഇരു രാജ്യങ്ങളിലുമായുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ യുദ്ധത്തിലേക്കെത്തിയാല്‍ അത് ലോകം കണ്ട ഏറ്റവും വിനാശകാരിയായ യുദ്ധമായി മാറാന്‍ പോലും സാധ്യത ഏറെയാണ്. ചൈനീസ് സൈന്യത്തെക്കുറിച്ച് കാര്യമായി വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും അവര്‍ക്ക് കുറഞ്ഞത് 250 അണ്വായുധങ്ങളുണ്ടെന്നാണ് കരുതുന്നത്. ഇന്ത്യയുടെ പക്കലുള്ള അണ്വായുധങ്ങളുടെ എണ്ണം നൂറില്‍ കൂടുതല്‍ വരും. ഇരു രാജ്യങ്ങളുടെ കൈവശം രാജ്യം ഒന്നടങ്കം പരിധിയിൽ വരുന്ന രഹസ്യവും പരസ്യവുമായി അണ്വാധ മിസൈലുകളും ഉണ്ട്. ഇരുരാജ്യങ്ങളും പരസ്പരം അണ്വായുധം പ്രയോഗിച്ചാൽ കോടിക്കണക്കിന് ജനങ്ങൾ മരിച്ചുവീഴും. ഭൂമിയിൽ തന്നെ വൻ മാറ്റങ്ങൾ വരും, നിലവിലെ കാലാവസ്ഥ തകിടം മറിയും. എന്നാൽ അത്തരമൊരു ആക്രമണത്തിനു ഇരുരാജ്യങ്ങളും മുതിരില്ലെന്ന് വിശ്വസിക്കാം.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ ഡോക്ലാം ലക്ഷ്യം വെച്ചുള്ള ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാക്കിസ്താനുമായി ചൈന നേരത്തെ തന്നെ അടുത്തബന്ധത്തിലാണുള്ളത്. ശ്രീലങ്കയിലും ബെംഗ്ലാദേശിലും വലിയ തോതില്‍ സാമ്പത്തിക നിക്ഷേപങ്ങള്‍ ചൈന നടത്തി സ്വാധീനിക്കുന്നുണ്ട്. അടുത്തിടെയാണ് ചൈന അവരുടെ ആദ്യത്തെ വിദേശ സൈനിക താവളം തുറന്നത്. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ ഏദന്‍ കടലിടുക്കിലാണ് ഇത്. പാക്കിസ്ഥാനില്‍ ചൈന സൈനിക താവളം തുറക്കുമെന്ന ആശങ്ക ഇന്ത്യയ്ക്ക് മാത്രമല്ല രാജ്യാന്തര രാജ്യങ്ങളില്‍ പലര്‍ക്കുമുണ്ട്.
Leave a Reply