കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന് ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ശേഖരിച്ച മൊഴികളില്‍ പരാമര്‍ശമുള്ളതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയത്. ശ്രീകുമാര്‍ മേനോന് തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ സംഘത്തിന് നടന് ദിലീപ് മൊഴി നല്‍കിയിരുന്നു.
തന്റെ കുടുംബജീവിതം തകരാന്‍ കാരണം ശ്രീകുമാര്‍ മേനോനാണെന്നു ദിലീപ് കുറ്റപ്പെടുത്തുകയും ചെയ്തു. വിവാഹമോചനത്തിനു ശേഷം തിരിച്ചെത്തിയ മഞ്ജു ആദ്യമായി അഭിനയിച്ച പരസ്യചിത്രത്തിന്റെ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്. മോഹന്‍ലാല്‍ നായനാകുന്ന ഒടിയനും രണ്ടാമൂഴവും ഒരുക്കുന്നതും ശ്രീകുമാര്‍ മേനോനാണ്. ഒടിയനില്‍ നായികയായി എത്തുന്നതു മഞ്ജു വാര്യരാണ്. കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന് ദിലീപിന്റെ മാനേജരും ഡ്രൈവറുമായ അപ്പുണ്ണി (എ.എസ്. സുനില്‍രാജ്)യും ഇന്നലെ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി.
അപ്പുണ്ണിയില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടില്ലെങ്കിലും സംഭവത്തിന്റെ ഉത്തരവാദിത്വം പള്‍സര്‍ സുനിയിലേക്ക് എത്തിക്കുന്ന മറുപടികളാണ് ഇയാള്‍ നല്‍കിയതെന്നാണു സൂചന. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിനെപ്പറ്റി അറിയില്ലെന്നും ഇയാള്‍ പറഞ്ഞു. ഈ മൊഴി വിശദമായി പരിശോധിച്ചശേഷം പൊരുത്തക്കേടുണ്ടെങ്കില്‍ അപ്പുണ്ണിയെയും കാവ്യാ മാധവനെയും വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായാണ് ഇയാള്‍ അറിയപ്പെടുന്നത്.
മുഖ്യപ്രതി സുനില്‍കുമാര്‍ ജയിലില്‍നിന്ന് അപ്പുണ്ണിയുടെ ഫോണിലേക്കു വിളിച്ചതിന്റെ തെളിവ് പോലീസിന്റെ പക്കലുണ്ട്. ഈ സമയത്തെല്ലാം ദിലീപും അപ്പുണ്ണിയും ഒരേ ടവറിനു കീഴിലായിരുന്നുവെന്നും പോലീസ് പറയുന്നു. സുനില്‍കുമാര്‍ അപ്പുണ്ണിയെ വിളിച്ചതു ദിലീപുമായി സംസാരിക്കാനായിരുന്നോ എന്ന സംശയത്തില്‍ അപ്പുണ്ണിയില്‍ നിന്നു വ്യക്തത തേടിയതായാണു വിവരം. അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ച് ദിലീപുമായി സംസാരിക്കാറുണ്ടായിരുന്നുവെന്ന ചില സിനിമാ പ്രവര്‍ത്തകരുടെ മൊഴി പോലീസിന്റെ സംശയത്തിനു ബലം പകരുന്നതാണ്. ജയിലില്‍ നിന്നുള്ള പള്‍സര്‍ സുനിയുടെ കത്ത് ദിലീപിനു കെമാറാനായി സഹതടവുകാരന് വിഷ്ണു ഫോണില്‍ ബന്ധപ്പെട്ടത് അപ്പുണ്ണിയെയായിരുന്നു.
ഇന്നലെ രാവിലെ ആലുവ പോലീസ് ക്ളബ്ബിലെത്തിയ അപ്പുണ്ണിയെ ചോദ്യംചെയ്യലിനു ശേഷം വെകിട്ട് അഞ്ചോടെ വിട്ടയച്ചു. അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹെക്കോടതി, അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
Leave a Reply