സ്വന്തം ലേഖകന്‍
ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ 9.10ന് എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സിഎംഐ സഭയിലെ തിരുവനന്തപുരം പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.ഡോ.സെബാസ്റ്റ്യൻ ചാമത്തറയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. പത്തോടെ ഭൗതികശരീരം വിലാപയാത്രയായി സ്വദേശമായ പുളിങ്കുന്നിലേക്കു കൊണ്ടുപോയി.
ഫാ. വാഴച്ചിറയുടെ സഹോദരൻ തങ്കച്ചൻ വർഗീസ്, സിഎംഐ വൈദികനായ ഫാ. ടിബിൻ പുത്തൻപുരയ്ക്കൽ എന്നിവർ സ്കോട്ട്ലൻഡിൽ നിന്നു മൃതദേഹത്തെ അനുഗമിച്ചിരുന്നു. 12.30 ഓടെ പുളിങ്കുന്ന് കണ്ണാടിയിലെ വാഴച്ചിറ വീട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾക്കും നാട്ടുകാർക്കും അന്ത്യോപചാരമർപ്പിക്കാനായി പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് പുളിങ്കുന്നിലെ വീട്ടിൽ നിന്നു ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ ആശ്രമദേവാലയത്തിലേക്ക് കൊണ്ടുപോകും. ഈ ഇടവകയിലാണു രണ്ടു വർഷം ഫാ.മാർട്ടിൻ സഹവികാരിയായി ശുശ്രൂഷ ചെയ്തത്.
വൈകുന്നേരം അഞ്ചിന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ എത്തിക്കുന്ന മൃതദേഹം രാത്രി ഒന്പതുവരെ അവിടെ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കുമ്പസാര കപ്പേളയിൽ എത്തിച്ചു പ്രാര്‍ത്ഥന നടത്തും. വെള്ളിയാഴ്ച രാവിലെ എട്ടിനു മൃതദേഹം വീണ്ടും പള്ളിയിൽ പൊതുദർശനത്തിനുവയ്ക്കും. 8.30ന് ആശ്രമം പ്രിയോർ ഫാ.സെബാസ്റ്റ്യൻ അട്ടിച്ചിറയുടെ കാർമ്മികത്വത്തിൽ പ്രാർഥനാശുശ്രൂഷ നടത്തും. പതിനൊന്നിന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
Leave a Reply