അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സിപിഐയ്ക്കൊപ്പം ചേർന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്ച്യുതാനന്ദനും. പദ്ധതി നടപ്പിലാകില്ലെന്ന് വി.എസ് തുറന്നടിച്ചു. ഏകപക്ഷീയമായി നടപ്പിലാക്കാൻ സർക്കാരിന് ആവില്ലെന്നു പറഞ്ഞ വിഎസ് കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്നും ചൂണ്ടിക്കാട്ടി.
പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവാണ് സർക്കാരിനെയും വെദ്യുതി മന്ത്രി എംഎ. മണിയേയും തള്ളി രംഗത്തെത്തിയത്. മന്ത്രി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. പദ്ധതിക്കു പിന്നിൽ പണക്കൊതിയന്മാരായ ചില ഉദ്യോഗസ്ഥരാണെന്നും പ്രകാശ് ബാബു പറഞ്ഞു.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാരംഭനടപടികൾ ആരംഭിച്ചുവെന്ന് വൈദ്യുതി മന്ത്രി എംഎം മണി നിയമസഭയെ അറിയിച്ചതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. വനേതര പ്രവർത്തനങ്ങൾക്കു വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂർത്തീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തികൾ പുരോഗമിക്കുകയാണ്. വനസംരക്ഷണ നിയമപ്രകാരം വനഭൂമി മറ്റുആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഉണ്ടായിരിക്കേണ്ട എല്ലാ നടപടികളും കെഎസ്ഇബി പൂർത്തീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയും സെൻട്രൽ വാട്ടർ കമ്മിഷനും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഈ പദ്ധതി സംസ്ഥാനത്തിനു ഗുണകരമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Leave a Reply