ഉത്തർപ്രദേശ് സർക്കാരിന് കീഴിലെ ഗോരഖ്പൂർ ബാബ രാഘവ് ദാസ് ആശുപത്രിയിൽ അഞ്ച് ദിവസത്തിനിടെ മരിച്ചത് 60 ലേറെ കുട്ടികൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദർശിച്ച് ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ഇത്രയും കുട്ടികൾ കൊല്ലപ്പെട്ട വിവരങ്ങൾ പുറത്തെത്തിയത്.
ആശുപത്രിയിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ആഗസ്ത് ഏഴ് മുതൽ വിവിധ വാർഡുകളിലായി 60 ലേറെ കുട്ടികൾ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആഗസ് 7 ന് ഒൻപത് പേരാണ് മരിച്ചത്. ഇതിൽ നാല് കുട്ടികൾ നവജാത ശിശുക്കളായിരുന്നു. രണ്ട് പേർ അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രവും(എഇഎസ്) മൂന്ന് പേർ നോൺ എഇഎസും റിപ്പോർട്ട് ചെയ്തു.
ആഗസ്ത് എട്ടിന് മരണ സംഖ്യ 12 ആയി ഉയർന്നു. ഏഴ് നവജാത ശിശുക്കളുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 3 കുട്ടികൾക്ക് എഇഎസ് ബാധയും 2 കുട്ടികൾക്ക് നോൺ എഇഎസ് ബാധയും കണ്ടെത്തി.
ആഗസ്ത് 9 ന് ഒൻപത് കുട്ടികളും ആഗസ്ത് 10 ന് 23 കുട്ടികളും മരിച്ചു. ആഗസ്ത് 11 ന് 7 കുട്ടികളാണ് മരിച്ചത്. ഇന്ന് രാവിലെ മുതൽ ഇതുവരെ മൂന്ന് കുട്ടികൾ കൂടി മരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണ സംഖ്യ 63 ആയി ഉയർന്നു.
ഓക്സിജൻ ലഭ്യമല്ലാതിരുന്നതും അണുബാധയുമാണ് മരണത്തിന് കാരണമായി ആദ്യം ഉയർന്നുവന്ന ആരോപണം. എന്നാൽ കുട്ടികളുടെ വാർഡിൽ ഓക്സിജൻ ഇല്ലായിരുന്നുവെന്ന വാദം ആശുപത്രി അധികൃതർ തള്ളി. പലവിധ കാരണങ്ങൾ കൊണ്ടാണ് കുട്ടികൾ മരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ദിവസം മുൻപും ഇവിടെയെത്തിയിരുന്നതായാണ് ലഭിക്കുന്ന വിവരം.
പത്ത് കിടക്കകളുള്ള തീവ്ര പരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനവും നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനവുമാണ് യോഗി ആദിത്യനാഥ് നിർവ്വഹിച്ചത്. ജാപ്പാനീസ് എൻസൈഫിലിറ്റി വൈറസ് ബാധയും അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രവും(എഇഎസ്) രേഖപ്പെടുത്തിയ കുട്ടികളെ പ്രവേശിപ്പിച്ച വാർഡ് ഇദ്ദേഹം സന്ദർശിക്കുകയും ചെയ്തിരുന്നു.
ഓക്സിജൻ ലഭ്യമല്ലാതിരുന്നതാണ് മരണ കാരണമെന്ന വാദം സംസ്ഥാന സർക്കാരും തള്ളി. ഇതുവരെ മരിച്ചതിൽ 34 കുട്ടികളും നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞവരായിരുന്നു.
Leave a Reply