ഗൾഫിൽ മലയാളികളുള്‍പ്പെടുന്ന പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണ്. അടുത്തിടെയാണു പെണ്‍വാണിഭ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെടുത്തിയ കോഴിക്കോട് സ്വദേശിനിയെ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലേക്കു മടക്കി അയച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കുടുംബത്തിനു കൈത്താങ്ങാകാന്‍ വേണ്ടി ജീവിതസ്വപ്‌നങ്ങളുമായി ഗള്‍ഫ് നാടുകളിലെത്തുന്ന സാധാരണക്കാരായ മലയാളി സ്ത്രീകളാണ് പെണ്‍വാണിഭ സംഘങ്ങളുടെ കെണിയില്‍ പെടുന്നത്.

യുഎഇ കഴിഞ്ഞാല്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരായ പെണ്‍വാണിഭ സംഘങ്ങള്‍ താവളമടിച്ചിരിക്കുന്നത് ഏറെയും അയല്‍രാജ്യമായ ഒമാനിലാണ്. യുഎഇയിലേയ്ക്ക് നേരിട്ട് എത്തിക്കാന്‍ സാധിക്കാത്ത പെണ്‍കുട്ടികളെയും യുവതികളെയും ഒമാനില്‍ കൊണ്ട് വന്ന് അവിടെ നിന്ന് യുഎഇയിലേയ്ക്കും തിരിച്ചും കടത്തുന്നു.

ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തവെ, പെണ്‍കുട്ടികള്‍ അധികൃതരുടെ വലയില്‍പ്പെടുന്ന സംഭവങ്ങള്‍ നേരത്തെ ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിക്രൂരമായി കാറിന്റെ ഡിക്കിയില്‍ കിടത്തി ഒമാനില്‍ നിന്ന് യുഎഇയിലേയ്ക്ക് കടത്തി ഏജന്റിന് കൈമാറിയ മലയാളി പെണ്‍കുട്ടി അനാശാസ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട സംഭവം രണ്ട് വര്‍ഷം മുന്‍പ് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

പെണ്‍കുട്ടിയുടെ വായ മൂടിക്കെട്ടിയ ശേഷം അതിര്‍ത്തിയിലെത്തുമ്പോള്‍ ഡിക്കിയില്‍ അടയ്ക്കുകയാണ് ചെയ്തത്. മസ്‌കറ്റ് അതിര്‍ത്തിമുതല്‍ അജ്മാന്‍ വരെ മണിക്കൂറുകളോളം ഈ പെണ്‍കുട്ടി ഡിക്കിയില്‍ ചുരുണ്ടുകൂടിക്കിടന്നാണു യാത്ര ചെയ്തത്. ആകെ പരവശയായിരുന്ന പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് ശേഷമാണ് ഇതിന്റെ ഞെട്ടലില്‍ നിന്ന് മോചിതയായത്.

പിന്നീട്, മാസങ്ങള്‍ക്ക് കഴിഞ്ഞ് പെണ്‍കുട്ടി അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ശേഷം പൊലീസിനോട് ഇക്കാര്യം വിവരിക്കുകയായിരുന്നു. ജീവാപായം പോലും സംഭവിക്കാവുന്ന തരം ക്രൂരതയാണ് ഏജന്റുമാര്‍ പെണ്‍കുട്ടിയോട് ചെയ്തത്. പിടിക്കപ്പെട്ടിരുന്നുവെങ്കില്‍ ഏജന്റുമാരോടൊപ്പം പെണ്‍കുട്ടിയും ജയിലിനകത്താകുമായിരുന്നു.

ഇതേസമയം, യുഎഇയില്‍ നിന്ന് ഒമാനിലേയ്ക്കും മനുഷ്യക്കടത്ത് നടക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോണിക്ക പണ്ഡിറ്റ് എന്ന യുവതിയെ ഇന്ത്യയില്‍ നിന്നു യുഎഇ വഴി ഒമാനിലേയ്ക്ക് കടത്തിയ സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെട്ടിരുന്നു.

മന്ത്രിയുടെ നിര്‍ദേശപ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പെണ്‍വാണിഭ സംഘത്തിന്റെ കൈയില്‍ നിന്ന് മോണിക്ക രക്ഷപ്പെട്ട് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയതോടെയാണ് വീണ്ടും ഒരാള്‍ കൂടി അകപ്പെട്ട വിവരം പുറംലോകമറിയുന്നത്. മോണിക്കയുടെ മക്കളുടെ പരാതിയിന്‍മേലായിരുന്നു മന്ത്രിയുടെ നടപടി.

ഗള്‍ഫില്‍ ജോലി വാഗ്ദാനം ലഭിച്ചതോടെയാണ് മോണിക്ക ടാപ്പാ പണ്ഡിറ്റ് എന്ന ഹരിയാന സ്വദേശിനി യു എ ഇയില്‍ എത്തിയത്. മുംബൈയിലെ ഏജന്റ് മുഖേന ഡല്‍ഹി വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം ജൂലൈ 23ന് മോണിക്കയെ ഷാര്‍ജയില്‍ എത്തിച്ചു. അന്ന് രാത്രി തന്നെ അജ്മാനിലെ ഏജന്റിന്റെ ഓഫീസില്‍ ജോലിക്കായി അയച്ചു. ഇതിനു ശേഷമാണ് താന്‍ ചതിക്കുഴിയില്‍ അകപ്പെട്ടു എന്ന് മോണിക്കയ്ക്ക് മനസിലാകുന്നത്.

ഒരു മാസത്തെ സന്ദര്‍ശക വീസയിലെത്തിയ ഇവര്‍ക്ക് ഒമാനില്‍ കൂടുതല്‍ ശമ്പളം കിട്ടുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് സൊഹാറിലേയ്ക്കു കടത്തിയത്. ഇവിടെ ഒരു സ്വദേശിയുടെ വീട്ടില്‍ മോണിക്ക ജോലി ചെയ്തു വരുന്നതിനിടെ മജസ്സു എന്ന സ്ഥലത്തു നിന്നു യുവതിയെ സാമൂഹിക പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി, ഇന്ത്യന്‍ എംബസിയുടെ സംരക്ഷണത്തില്‍ എത്തിക്കുകയായിരുന്നു.

മൂന്ന് മാസത്തിലേറെ മസ്‌കറ്റ് ഇന്ത്യന്‍ എംബസിയുടെ അഭയ കേന്ദ്രത്തില്‍ കഴിഞ്ഞ മോണിക്കയുടെ കാര്യത്തില്‍ തുടര്‍നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു യുവതിയുടെ കുടുംബം സുഷമാ സ്വരാജിന്റെയടുത്ത് പരാതിയുമായി എത്തിയത്. മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതനുസരിച്ച് മുംബൈയിലെ ഏജന്റുമാര്‍ക്കെതിരെ നിയമ നടപടിയുണ്ടായി.

യുഎഇയില്‍ ബേബി കെയറില്‍ ജോലിക്ക് വന്ന മാവേലിക്കര സ്വദേശിനി മീര വാസുദേവന്‍ ഒടുവില്‍ എത്തപ്പെട്ടത് മസ്‌കത്ത് ഇന്ത്യന്‍ എംബസി ഷെല്‍ട്ടറില്‍. അജ്മാനിലെ ഒരു ഓഫീസില്‍ നിന്നു ഒമാനി സ്പോണ്‍സര്‍ മീരയെ വീട്ടു ജോലിക്കായി വാങ്ങി മസ്‌കത്തില്‍ എത്തിക്കുകയായിരുന്നു. നാല് മാസം ഇവിടെ ജോലി ചെയ്ത മീര കഴിഞ്ഞ മാസം പകുതിയോടെ രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ അഭയം പ്രാപിക്കുകയായിരുന്നു.2016 മേയിലാണ് അജ്മാനിലെ സ്വകാര്യ ബേബി കെയറില്‍ ജോലിക്കെന്ന് പറഞ്ഞ് സുഹൃത്ത് മീരയെ ഇവിടെയത്തിച്ചത്. വീസയ്‌ക്കോ ടിക്കറ്റിനോ പണം ഈടാക്കിയിരുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മെഡിക്കല്‍ പരിശോധനയ്ക്കുള്ള 3,500 രൂപ മാത്രമാണ് മീരയ്ക്ക് ചെലവായത്. എന്നാല്‍, പറഞ്ഞ ജോലിയോ മറ്റെന്തെങ്കിലും പണിയോ ഇവിടെ ഉണ്ടായിരുന്നില്ല. രാവിലെ മുതല്‍ അജ്മാനിലെ ഓഫീസില്‍ വന്നിരിക്കുക മാത്രമായിരുന്നു യുവതി ചെയ്തത്. ഒരു മാസം വരെ ഇങ്ങനെ തുടര്‍ന്നു. പന്നീടാണ് ഒരു ഒമാനി സ്ത്രീ വന്ന് മീരയെ അജ്മാനിലെ കമ്പനിയില്‍ നിന്ന് പണം കൊടുത്ത് വാങ്ങി ഒമാനിലേക്കു കൊണ്ടുപോയത്.

നാല് മാസം വരെ 70 റിയാല്‍ ശമ്പളത്തിന് മീര ഒമാനില്‍ ജോലി ചെയ്തു. എന്നാല്‍, അധിക സമയ ജോലി കാരണം ശാരീരിക പ്രയാസം ശക്തമായതോടെ നാട്ടിലേക്ക് അയയ്ക്കാന്‍ സ്വദേശിയോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായിരുന്നില്ല. 1,500 റിയാലിനാണ് തന്നെ അജ്മാനില്‍ നിന്ന് വാങ്ങിയതെന്നും ഇത്രയും തുക നല്‍കിയാല്‍ തിരച്ചയക്കാമെന്നുമായിരുന്നു സ്വദേശി വീട്ടുകാരുടെ പ്രതികരണം.

പിന്നീട് സലാലയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ വന്ന് മീരയെ ഇന്ത്യന്‍ എംബസിയിലേക്ക് എത്തിക്കുകയായിരുന്നു. 18 ദിവസമായി എംബസി ഷെല്‍ട്ടറില്‍ കഴിഞ്ഞ മീരയുടെ കൈവശം പാസ്പോര്‍ട്ടോ മറ്റു രേഖകളോ ഇല്ലായിരുന്നു. ഇതിനിടെ സ്പോണ്‍സര്‍ എംബസിയില്‍ എത്തി കൊണ്ടുപോകാന്‍ ശ്രമിച്ചു. ഒരു വര്‍ഷം കൂടി ഇവരുടെ വീട്ടില്‍ ജോലി ചെയ്യണമെന്നായിരുന്നു ആവശ്യം.

തന്നോടൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ അജ്മാനിലെ ഓഫീസില്‍ ഉണ്ടായിരുന്നതായും ഇവിടെ നിന്ന് മറ്റു പല സ്ഥലങ്ങളിലേക്കും ഇവരെ വില്‍പന നടത്തുകയായിരുന്നുവെന്നും മീര വാസുദേവന്‍ പറഞ്ഞു. മീരയെ പിന്നീട് ഇന്ത്യയിലേയ്ക്ക് അയച്ചു.

പൊലീസ് നടപടികള്‍ ശക്തം: വിളിക്കുക 9999

അതിര്‍ത്തി വഴിയുള്ള മനുഷ്യക്കടത്തിനെതിരെ അധികൃതരുടെ നടപടി ശക്തമാക്കിയിട്ടുണ്ട്. അനാശാസ്യ കേന്ദ്രങ്ങള്‍ക്കെതിരെയും യുഎഇയിലും ഒമാനിലും പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നു. ഇത്തരക്കാരെ പിടികൂടാന്‍ നിയമപാലകര്‍ എപ്പോഴും ജാഗരൂകരായി നിലകൊള്ളുന്നു.

ഇതേസമയം, ചതിക്കപ്പെട്ട് നിരവധി സ്ത്രീകളാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് കയറ്റി അയയ്ക്കപ്പെടുന്നത്. യു എ ഇയില്‍ നിന്ന് ബര്‍കയിലേക്ക് അനിധികൃതമായി വീട്ടുജോലിക്ക് കൊണ്ടുവന്ന മലയാളി സ്ത്രീ കെട്ടിടത്തില്‍ നിന്ന് ചാടിയ സംഭവം ഉണ്ടായത് ഒരു വര്‍ഷം മുമ്പാണ്. മനുഷ്യക്കടത്തില്‍ പെടുന്നവരില്‍ ഭൂരിഭാഗവും എത്തിച്ചേരുന്നത് വീട്ടുജോലിക്കാണ്. തുച്ഛമായ ശമ്പളം, കൂടുതല്‍ സമയം ജോലി തുടങ്ങി പീഡനങ്ങളാണ് ഇത്തരക്കാര്‍ നേരിടേണ്ടി വരുന്നത്.

അടുത്തിടെ മസ്‌കറ്റിലെ അല്‍ ഖുവൈര്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു അനാശാസ്യ കേന്ദ്രം റോയല്‍ ഒമാന്‍ പൊലീസ് അടപ്പിച്ചു. ഇന്ത്യക്കാരടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു. അഞ്ച് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്.പലപ്പോഴും രഹസ്യ വിവരം ലഭിച്ചതനുസരിച്ചാണ് പൊലീസ് ഇത്തരം കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുന്നത്. ആവശ്യക്കാര്‍ ചമഞ്ഞെത്തുന്ന പൊലീസ് സംഘമാണ് നടത്തിപ്പുകാരെ കുടുക്കുന്നത്. ഇത്തരം കേന്ദ്രങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ റോയല്‍ ഒമാന്‍ പൊലീസിനെ 9999 എന്ന നമ്പരില്‍ വിളിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.

ദുബായിലും ഇതുപോലെ അനാശാസ്യക്കാര്‍ക്കെതിരെ പൊലീസ് നടപടി ശക്തമാണ്. ഇടയ്ക്കിടെ ഇത്തരം കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്ത് നടത്തിപ്പുകാരെയും ഇടപാടുകാരെയും പിടികൂടാറുണ്ട്. പൊലീസിന്റെ കൈയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി നടത്തിപ്പുകാരും യുവതികളും ഇടപാടുകാരുമൊക്കെ ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടുകയും അതുവഴി ജീവഹാനി സംഭവിക്കുകയും ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ഇത്തരത്തില്‍ ജീവന്‍ പൊലിഞ്ഞ നിരവധി മലയാളികളുമുണ്ട്. പലപ്പോഴും നടത്തിപ്പുകാരും ഏജന്റുമാരും ഇടപാടുകാരും ഓടി രക്ഷപ്പെടുമ്പോള്‍, നിരാലംബരായ സ്ത്രീകളുടെ ജീവിതമാണ് നിയമത്തിന്റെ കൈകളിലകപ്പെട്ട് തടവറയില്‍ ഹോമിക്കപ്പെടുന്നത്.