ആര്യനാട് ആഡംബര വിവാഹം കഴിഞ്ഞ് രണ്ടാംദിനത്തില്‍ കാമുകനൊപ്പം ജീവിക്കാന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ മൊഴിചൊല്ലി. പിന്നീട് കാമുകനെ തേടിപോയപ്പോള്‍ അവര്‍ക്ക് വിവാഹത്തിന് സമ്മതമായിരുന്നില്ല. തുടര്‍ന്ന് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്കി. ഒടുവില്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ കാമുകന്റെ കുടുംബം പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കി.
കഴിഞ്ഞ 20ന് ആതിര ഓഡിറ്റോറിയത്തിലായിരുന്നു അരുവിക്കര സ്വദേശി വരന്റെയും പറണ്ടോട് സ്വദേശിനി വധുവിന്റെയും വിവാഹം. ആചാരപ്രകാരം വിവാഹശേഷം യുവതിയുടെ വീട്ടിലായിരുന്നു താമസം. ഈ സമയം വിവരങ്ങള്‍ ഇവര്‍ ഭര്‍ത്താവിനോടു വെളിപ്പെടുത്തി. അടുത്തദിവസം രാവിലെ ബന്ധുക്കളെത്തി ഇരുവരെയും ഭര്‍ത്താവിന്റെ വീട്ടിലേക്കു കൊണ്ടുപോയി. തനിക്കു കാമുകനുണ്ടെന്നും അയാള്‍ക്കൊപ്പമേ താമസിക്കൂവെന്നും വീട്ടിലെത്തിയ യുവതി ശാഠ്യം പിടിച്ചു. തുടര്‍ന്നാണ് ഇവര്‍ കയ്യിലെ ഞരമ്പു മുറിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്.
ഇതെല്ലാം കണ്ടു പ്രവാസിയായ ഭര്‍ത്താവിന്റെ കുടുംബം ഭയന്നു. ഒടുവില്‍ മതാചാരപ്രകാരം മൊഴി ചൊല്ലി. യുവതിയുടെ വീട്ടുകാര്‍ നഷ്ടപരിഹാരവും നല്കി. തുടര്‍ന്നു തിങ്കള്‍ വൈകിട്ടോടെ യുവതിയുടെ വീട്ടുകാര്‍ പനവൂര്‍ സ്വദേശിയായ കാമുകനെതിരെ പരാതിയുമായി അരുവിക്കര സ്റ്റേഷനിലെത്തി. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞിട്ടു കബളിപ്പിച്ചെന്നായിരുന്നു പരാതി. ചൊവ്വ ഉച്ചയോടെ ഇരുപക്ഷത്തെയും സ്റ്റേഷനില്‍ വിളിപ്പിച്ചു.
ഈ സമയം കാമുകന്റെ കുടുംബം യുവതിയെ വിവാഹം കഴിക്കാന്‍ വിസമ്മതം അറിയിച്ചു. കാമുകനൊപ്പം കറങ്ങിയിട്ടുണ്ടെന്നും അതിനാല്‍ ഇയാള്‍ക്കൊപ്പമേ താമസിക്കൂ എന്നുമായിരുന്നു യുവതിയുടെ നിലപാട്. യുവതിയുടെ സ്വദേശം പറണ്ടോട് ആയതിനാല്‍ തുടര്‍ന്നു പരാതി ആര്യനാട് സ്റ്റേഷനിലേക്കു കൈമാറി. ചൊവ്വ രാത്രി ആര്യനാട് പൊലീസിന്റെ സാന്നിധ്യത്തില്‍ യുവതിയുടെയും കാമുകന്റെയും കുടുംബങ്ങള്‍ ചര്‍ച്ച നടത്തി. ഒടുവിലാണ് യുവതിയെ വിവാഹം കഴിക്കാമെന്നു കാമുകന്റെ കുടുംബം ഉറപ്പു നല്‍കിയതെന്നു പൊലീസ് പറഞ്ഞു. കാമുകന് 20 വയസേ ആയിട്ടുള്ളൂവെന്നതിനാല്‍ തല്ക്കാലം മതാചാരപ്രകാരം ചടങ്ങുകള്‍ നടത്താനും ഒരു വര്‍ഷത്തിനു ശേഷം വിവാഹ പ്രായമെത്തിയതിന് ശേഷം കല്യാണത്തിനും തീരുമാനമെടുത്തതായി ആര്യനാട് സിഐ അനില്‍കുമാര്‍ അറിയിച്ചു.
Leave a Reply