ലാന്‍കാഷയര്‍: സ്കോട്ട്ലന്‍ഡിലെ ഏറ്റവും വലിയ മൂന്നാമത്തെ എന്‍എച്ച്എസ് ട്രസ്റ്റില്‍ സൈബര്‍ ആക്രമണം. ആക്രമണമുണ്ടായ സാഹചര്യത്തില്‍ ഓപ്പറേഷനുകളും അപ്പോയിന്റ്മെന്റുകളും റദ്ദാക്കി. എന്‍എച്ച്എസ് ലാന്‍കാഷയറിലാണ് ആക്രമണം ഉണ്ടായത്. രോഗികളോട് അടിയന്തര സാഹചര്യമാണെങ്കില്‍ മാത്രമേ ആശുപത്രിയില്‍ എത്താവൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെയ് മാസത്തില്‍ വാനക്രൈ ആക്രമണത്തിനും ട്രസ്റ്റ് ഇരയായിരുന്നു. അതിനു ശേഷം രണ്ടാമത്തെ തവണയാണ് സൈബര്‍ ആക്രമണം ട്രസ്റ്റിനു നേരെയുണ്ടാകുന്നത്.
വെള്ളിയാഴ്ച ഉച്ചക്കു ശേഷം ആശുപത്രികളുടെ പ്രവര്‍ത്തനവും ജിപി പ്രാക്ടീസുകളും കൈകാര്യം ചെയ്യുന്ന ഐടി സംവിധാനത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഏതു വിധത്തിലുള്ള ആക്രമണമാണ് ഉണ്ടായതെന്ന് ഇവര്‍ സ്ഥിരീകരിച്ചില്ല. ചില മാല്‍വെയര്‍ ആക്രമണങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്ന് ചീഫ് എക്സിക്യൂട്ടീവ് കാല്‍കം ക്യാംപ്ബെല്‍ പറഞ്ഞു. ആക്രമണം വ്യക്തമായതോടെ മാല്‍വെയറുകള്‍ പടരാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
രോഗികള്‍ക്ക് ഇതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ ജീവനക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.നോര്‍ത്ത്, സൗത്ത് ലാന്‍കാഷയറില്‍ മൂന്ന് ജനറല്‍ ആശുപത്രികളും നിരവധി ജിപി സര്‍ജറികള്‍, ഡെന്റിസ്റ്റുകള്‍, ഫാര്‍മസികള്‍ എന്നിവയും നടത്തുന്നത് ഈ ട്രസ്റ്റാണ്. 6,50,000 ആളുകളുടെ ആരോഗ്യ സേവനങ്ങള്‍ ഈ ട്രസ്റ്റിന്റെ ഉത്തരവാദിത്തത്തിലാണ് നടക്കുന്നത്.
	
		

      
      



              
              
              




            
Leave a Reply