ജോജി തോമസ്

അടുത്ത കാലത്ത് കേരളരാഷ്ട്രീയത്തിൽ ഏറ്റവുമധികം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സംഭവപരമ്പരകൾക്കാണ് സ്വർണ്ണ കള്ളക്കടത്തും അതിനോടനുബന്ധിച്ചുള്ള രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും കാരണമായിരിക്കുന്നത്. ഇതിനിടയിലാണ് സ്പീക്കർ പി. രാമകൃഷ്ണന്റെ യു.കെ സന്ദർശനത്തെ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെടുത്തി ഒരു മഞ്ഞ ചാനലിൽ വാർത്ത വന്നത്. വാർത്തയിലെ ആരോപണം 2018 – ൽ നടന്ന യുക്മാ വള്ളംകളിയിൽ സ്പീക്കർ പി . രാമകൃഷ്ണൻ ക്ഷണിക്കപ്പെടാതെ വലിഞ്ഞുകയറി വന്നതാണെന്നും, സ്പീക്കറുടെ ബ്രിട്ടൺ സന്ദർശനം സ്വർണ്ണ കള്ളക്കടത്തു മാഫിയയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണെന്നുള്ളതുമാണ്.

അന്വേഷണ ഏജൻസികളുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിന്റെ ശരി തെറ്റുകളിലേയ്ക്ക് വിരൽ ചൂണ്ടാൻ സാധിക്കില്ലെങ്കിലും വാർത്തയിലെ ആരോപണങ്ങൾ പലതും കെട്ടിച്ചമച്ചതാണെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. വള്ളംകളിയുടെ സംഘാടകരായ യുക്മാ ഭാരവാഹികൾ സ്പീക്കറെ ഔദ്യോഗികമായി ക്ഷണിച്ചതിന്റെ രേഖകൾ പുറത്തുവന്നിട്ടുണ്ട്. യുക്മാ ഭാരവാഹികൾ സ്പീക്കറെ ക്ഷണിച്ചുകൊണ്ട് അയച്ച കത്താണ് വാർത്തയ്ക്കൊപ്പം നൽകുന്നത്. അതു കൂടാതെ യുക്മയുടെ വേദിയിലുണ്ടായിരുന്ന 15 മിനിറ്റ് ഒഴികെയുള്ള സമയങ്ങളിൽ സ്പീക്കർ അപ്രത്യക്ഷനായിരുന്നു എന്നാണ് മറ്റൊരു ആരോപണം. എന്നാൽ യു.കെയിൽ സന്ദർശനവേളയിൽ മറ്റു പല പരിപാടികളിലും പങ്കെടുത്തിരുന്നുവെന്നും വിവിധ സംഘടനാ ഭാരവാഹികൾ സാക്ഷ്യപ്പെടുത്തുന്നു. പ്രമുഖ മലയാളി സംഘടനയായ സമീക്ഷ യു.കെ യുടെ വാർഷിക പൊതുയോഗത്തിൽ സ്പീക്കർ പി. രാമകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്ത വാർത്ത മലയാളം യുകെ ഉൾപ്പെടെയുള്ള യുകെയിലെ പ്രമുഖ മാധ്യമങ്ങളിൽ വന്നിരുന്നു. വാർത്തയുടെ ലിങ്ക്

https://malayalamuk.com/sameeksha-uk-meeting-2018/

യുകെയിലെ പ്രമുഖ മലയാളി സംഘടനയായ യുക്മയുടെ ഒരു പ്രമുഖ പരിപാടിയിൽ പി. രാമകൃഷ്ണൻ എന്ന വ്യക്തിയേയോ, രാഷ്ട്രീയക്കാരനെയോ അല്ല യു.കെ മലയാളികൾ ക്ഷണിച്ചത് മറിച്ച് എല്ലാവരും ബഹുമാനിക്കുന്ന ഭരണഘടനാ സ്ഥാനമായ കേരള സ്പീക്കറേയാണ്. അതിനാൽ തന്നെ സംസ്കാരശൂന്യമായ വാക്കുകൾ കൊണ്ട് അമ്മാനമാടുന്നതും, അട്ടഹാസം കൊണ്ട് പ്രകമ്പനം സൃഷ്ടിക്കുന്നതുമാണ് മാധ്യമപ്രവർത്തനമെന്ന് ധരിച്ചിരിക്കുന്ന അവതാരകന്റെ ആരോപണങ്ങൾ മലയാളികളുടെ പ്രത്യേകിച്ച് യു.കെ മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. കാരണം അവരുടെ ഒരു പ്രധാനപ്പെട്ട പരിപാടിയുടെ വേദിയിലെ പ്രധാന വ്യക്തികളിലൊരാൾ സ്വർണകളളക്കടത്തിന്റെ തിരക്കുകൾക്കിടയിൽ വലിഞ്ഞുകയറി വന്നതായാണ് വാർത്തയുടെ ചുരുക്കം.

ഇതിനിടയിൽ പ്രസ്തുത വാർത്തയോടുള്ള യുക്മാ നേതൃത്വത്തിന്റെ പ്രതികരണവും സംശയാസ്പദമാണ്. വാർത്തയ്ക്കെതിരെ നിഷേധക്കുറിപ്പ് ഇറക്കാനോ, വിശദീകരണം നൽകാനോ യുക്മ നേതൃത്വം തയ്യാറായിട്ടില്ല. യുകെയിലെ പല പ്രമുഖ വ്യക്തികളും വാർത്തയുടെ വിശദീകരണം ആവശ്യപ്പെട്ട് യുക്മാ നേതൃത്വത്തെ സമീപിച്ചെങ്കിലും യുക്മയുടെ ഭാഗത്തുനിന്ന് നടപടികൾ ഒന്നും ഉണ്ടായിട്ടില്ല . വഴിയേ പോകുന്നവർക്ക് ഇടിച്ചുകയറാൻ ഉള്ള വേദിയാണോയെന്ന് വ്യക്തമാക്കേണ്ട ബാധ്യത സംഘാടകർക്ക് ഉണ്ട്. യുക്മാ വേദികളിൽ കുമ്മനടി സാധാരണമാണെങ്കിലും കേരള നിയമസഭാ സ്പീക്കറെപ്പോലെ ഒരു സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയെ അതിലേയ്ക്ക് വലിച്ചിഴക്കുന്നതിലൂടെ കേരളത്തിലെ ജനാധിപത്യവ്യവസ്‌ഥിതിയുടെ ശ്രീകോവിലായ നിയമസഭയെയും കേരള ജനതയെയും അപമാനിക്കുകയാണ് ചെയ്യുന്നത്.