ഫാ. ബിജു കുന്നയ്ക്കാട്ട്, നോട്ടിംഗ്ഹാം
നോട്ടിംഗ്ഹാം: ഓഗസ്റ്റ് 26-ാം തീയതി മോട്ടോര്‍ വേ 1-ല്‍ ഉണ്ടായ വാഹന അപകടത്തില്‍ മരണമടഞ്ഞ നോട്ടിംഗ്ഹാം സ്വദേശിയായ സിറിയക് ജോസഫിന്റെ (ബെന്നി) മൃതസംസ്‌കാര ശുശ്രൂഷകള്‍ അദ്ദേഹത്തിന്റെ മാതൃ ഇടവകയായ കോട്ടയം ജില്ലയിലെ ചേര്‍പ്പുങ്കല്‍ പള്ളി സെമിത്തേരിയില്‍ വരുന്ന തിങ്കളാഴ്ച നടക്കും. മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടുപോകുന്നതിനു മുമ്പായി യുകെയിലുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അന്തിമോപചാരമര്‍പ്പിക്കാനായി വെള്ളിയാഴ്ച, 8-ാം തീയതി നോട്ടിംഗ്ഹാമിലുള്ള ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് ദിവ്യബലിയും മറ്റു പ്രാര്‍ത്ഥനാ ശുശ്രൂഷകളും പൊതുദര്‍ശനത്തിന് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
പോലീസ് – ആശുപത്രി നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നാണ് മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്സിന് കൈമാറിയത്. യു കെ ജനതയെ ഒന്നാകെ നടുക്കിയ ഈ വലിയ ദുരന്തത്തിന്റെ തുടര്‍ നടപടികള്‍ പോലീസ് പതിവിലും വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ദുരന്തത്തില്‍ മരണമടഞ്ഞ ബാക്കിയുള്ളവരുടെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായി വരുന്നെന്നാണ് ലഭ്യമാകുന്ന വിവരം. വെള്ളിയാഴ്ച നടക്കുന്ന അന്തിമോപചാരത്തിനും പൊതുദര്‍ശനത്തിനു ശേഷം ഞായറാഴ്ച രാവിലെ പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് പ്രാരംഭ പ്രാര്‍ത്ഥനകളോടെ ചേര്‍പ്പുങ്കല്‍ ഇടവകയിലെ വീട്ടില്‍ വച്ച് മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. വീട്ടിലും ദേവാലയത്തിലുമുള്ള പ്രാര്‍ത്ഥനകള്‍ക്കു ശേഷം മൃതദേഹം പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കും.
ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെനീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ശനിയാഴ്ച നാട്ടിലേയ്ക്ക് തിരിക്കും. നോട്ടിംഗ്ഹാമിന്റെ മത-സാമൂഹിക-സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ബെന്നിയുടെ സുഹൃത്തുക്കളായ സീറോ മലബാര്‍ രൂപതാ ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, അഡ്വ. ജോബി പുതുക്കുളങ്ങര, മിസിസ് ആന്റ് മി. സോയിമോന്‍ ജോസഫ് എന്നിവരും മൃതസംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുക്കാനായി നാട്ടിലേയ്ക്ക് പോകുന്നുണ്ട്.
എബിസി ട്രാവല്‍സ് എന്ന പേരില്‍ മിനി ബസ് സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന തങ്ങളുടെ പ്രിയ സുഹൃത്തിന്റെ അകാല വേര്‍പാടിന്റെ നടുക്കത്തില്‍ നിന്ന് നോട്ടിംഗ്ഹാമിലുള്ളവര്‍ ഇനിയും വിമുക്തരായിട്ടില്ല. കഴിഞ്ഞ 26-ാം തീയതി നോട്ടിംഗ്ഹാമില്‍ നിന്ന് ലണ്ടനിലേയ്ക്ക് മറ്റു പതിനൊന്നു പേരുമായി യാത്ര ചെയ്യുമ്പോഴാണ് നാടിനെ നടുക്കിയ വന്‍ ദുരന്തമുണ്ടായതും ബെന്നിക്കും 7 സഹയാത്രികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതും.
Leave a Reply