തിരുവനന്തപുരം: ഇനി മുതല്‍ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെര്‍മിനലുകളിലും വിദേശമദ്യം ലഭിക്കും. സര്‍ക്കാര്‍ പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ അബ്കാരി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി ഉത്തരവിറങ്ങി. ആദ്യ ലൗഞ്ച് ബാര്‍ തിരുവനന്തപുരം ആഭ്യന്തര ടെര്‍മിനലില്‍ തുടങ്ങാനുള്ള അപേക്ഷ എക്സൈസ് വകുപ്പിനു ലഭിച്ചു. ആഭ്യന്തര ടെര്‍മിനലുകളില്‍ ഫോറിന് ലിക്വര്‍ 7 എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് ലൗഞ്ച് ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണ് ബാര്‍ തുടങ്ങുക. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അനുമതിയോടൊപ്പം അപേക്ഷ സമര്‍പ്പിച്ചാല്‍ എക്സൈസ് കമ്മിഷണര്‍ അനുമതി നല്‍കും. എക്സൈസ് വകുപ്പിനു നല്‍കേണ്ട വാര്‍ഷിക ഫീസ് ഒരു ലക്ഷം രൂപയാണ്.
ഇതുവരെ വിമാനത്താവളങ്ങളിലെ രാജ്യാന്തര ടെര്‍മിനലുകളില്‍ മാത്രമേ വിദേശ മദ്യവില്പന കേന്ദ്രങ്ങളും ലൗഞ്ച് ബാറുകളും പ്രവര്‍ത്തിച്ചിരുന്നുള്ളൂ. നേരത്തെ കൊട്ടാരക്കരയിലെ ബാര്‍ ഉടമ ആഭ്യന്തര ടെര്‍മിനലുകളിലും വിദേശ മദ്യവില്പന അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ സൗകര്യം ന്യൂഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ മറ്റു പ്രധാന വിമാനത്താവളങ്ങളില്‍ ഉണ്ടെന്ന് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, അബ്കാരി നയത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ അനുവദിക്കാനാകില്ലെന്ന് എക്സൈസ് വകുപ്പ് നിലപാടെടുത്തു. അതിനിടെയാണ് ഇടതുസര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചത്. മദ്യനയത്തില്‍ ആഭ്യന്തര ടെര്‍മിനലുകളിലും വിദേശമദ്യ വില്പന കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനം ഉള്‍പ്പെടുത്തി.
Leave a Reply