ജോര്‍ജ്ജ് എടത്വ
ഒരുമയുടെയും സഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം വിളംബരം ചെയ്ത് കൊണ്ട് യുകെയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഓണം ആഘോഷിച്ചു. എം 1 മോട്ടോര്‍വേയിലെ ദാരുണ ദുരന്തത്തില്‍ ജീവന് വെടിഞ്ഞ പ്രിയ മലയാളി സുഹൃത്തുക്കള്‍ ബെന്നിച്ചേട്ടനും ഋഷിക്കും അഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷന്റെ ഓണാഘോഷ ചടങ്ങുകള്‍ തുടങ്ങിയത്. 700 ല്‍ അധികം പേര്‍ക്ക് വാഴയിലയില്‍ 24 കൂട്ടം വിഭവങ്ങളുമായി ഓണസദ്യ, സമയനിഷ്ഠ പാലിച്ച ആഘോഷക്രമങ്ങള്‍ എല്ലാം ലെസ്റ്ററിലെ ഓണത്തെ വ്യത്യസ്തമാക്കുന്നതായിരുന്നു. വിശിഷ്ട അതിഥികളായി യുകെയിലെ ആദ്യ ഏഷ്യന്‍ വനിതാ മേയറും ഇന്ത്യന്‍ വംശജയുമായ കൗണ്‍സിലര്‍ ഡോ. മഞ്ജുള സൂദ്, രബീന്ദ്ര നാഥ ടാഗൂറിന്റെ നാട്ടുകാരനും മികച്ച വാഗ്മിയുമായ ഡോ. കമാല്‍ ഹഖ്, മലയാളിയുടെ സ്വന്തം മാവേലി തമ്പുരാന്, യുകെയിലെ പ്രസ്തരായ മൂന്ന് നൃത്താധ്യാപകര് ചിട്ടപ്പെടുത്തിയ നാട്യവിസ്മയങ്ങള് തുടങ്ങിയവയാണ് ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയുടെ ഓണം വ്യത്യസ്തമാക്കിയത്.
700ല്‍ പരം പ്രേക്ഷകരെ ഉള്‍ക്കൊള്ളുന്ന ജഡ്ജ് മെഡോ കോളേജില്‍ രാവിലെ പത്തുമണി മുതല്‍ ലെസ്റ്റര്‍ മലയാളികളുടെ പൊതുവായ വാര്‍ഷിക ഉത്സവത്തിന് പങ്കാളികളാകാന്‍ ലെസ്റ്റര്‍ മലയാളികള്‍ ഒഴുകിയെത്തുകയായിരുന്നു. ജഡ്ജ് മെഡോ കോളജിന്റെ പ്രവേശന കവാടത്തില്‍ പുഷ്പങ്ങളാല്‍ മാത്രം യാഥാസ്ഥിക രൂപത്തിലും ഭാവത്തിലും ഒരുക്കിയിരുന്ന പൂക്കളം ഏവരുടെയും പ്രശംസക്ക് പാത്രമായി. രമേശ് ബാബു, ബിനു ശ്രീധരന് എന്നിവരുടെ നേതൃത്വത്തിലാണ് ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയുടെ അംഗങ്ങള്‍ ആണ് പൂക്കളം തീര്‍ത്തത്. 2 മണിക്കൂര്‍ നീണ്ട ഓണസദ്യയില്‍ പേപ്പര്‍ വാഴയിലയില്‍ 24ല്‍ പരം വിഭവങ്ങള്‍ 700 ലധികം പേര് ആസ്വദിച്ചു.
ടോജോ ജോസഫിന്റെ നേതൃത്വത്തില്‍ ഏബി പള്ളിക്കര, ബോബി ജോര്‍ജ്, ബിന്‍സു ജോണ്‍, ബിജു പോള്‍ എന്നിവരടങ്ങിയ സംഘമാണ് ഓണസദ്യയ്ക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് നടന്ന കലാസന്ധ്യയ്ക്കു ടെല്‍സ് മോന് തോമസിന്റെ നേതൃത്വത്തില്‍ അനീഷ് ജോണ്‍, ബിന്‍സി ജെയിംസ്, ബിന്‍സി ജോസ്, ജിജിമോള്‍ ഷിബു എന്നിവരാണ് നേതൃത്വം നല്കി. ലെസ്റ്റര്‍ കേരളാ ഡാന്‍സ് അക്കാദമിയും ഐവി ഡാന്‍സ് സ്കൂളിലെ ഡോ. വീണയും യുകെയിലെ പ്രസ്തരായ നര്‍ത്തകര്‍ ഡോ. രജനി പാലക്കല്‍, കലാഭവന്‍ നൈസ് തുടങ്ങയവര്‍ ചിട്ടപ്പെടുത്തിയ നൃത്തരൂപങ്ങള്‍ അരങ്ങേറി. ലെസ്റ്ററിലെ പ്രമുഖരായ മലയാളി സംഗീതപ്രവര്ത്തകരെ ഒരുമിച്ചു അരങ്ങിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങളും ഈ ഓണത്തിന് മാറ്റുകൂട്ടി.
അഭിലാഷ് പോളിന്റെ നേതൃത്വത്തില്‍ ശബ്ദവും വെളിച്ചവും ഒരുക്കിയത് ലെസ്റ്റര്‍ മെലഡീസ് ആയിരുന്നു. യുകെയിലെ പ്രശസ്തനായ ഉപകരണ സംഗീതജ്ഞന് സാബു ജോസിന്റെ നേതൃത്വത്തില്‍ സിജോ ലെസ്റ്റര്‍, ജോര്‍ജ് പാലാ, റജി ജോര്‍ജ് ഓമല്ലൂര്‍, ബാലു എന്നിവരടങ്ങുന്ന ഉപകരണസംഗീത വിദഗ്ധര്‍ ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയുടെ പന്ത്രണ്ടാമത് ഓണാഘോഷത്തിന് രാഗതാള വിസ്മയം തീര്‍ത്തു.
ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയിലെ അഭിമാനതാരങ്ങള്‍ക്ക്, വിദ്യാഭ്യാസ രംഗത്തിലെ മികവിന് ജിഷാല്‍ മാത്യു വാഴയിലിനും, കലാരംഗത്തെ മികവിന് സുനില്‍ ആല്മഠത്തിനും, ഏറ്റവും പ്രായം കുറഞ്ഞ സ്പോര്‍ട്സ് ടീം ക്യാപ്റ്റന്‍ എന്ന നിലയില്‍ ഗിന്നസ് ബുക്കിലേക്ക് ശുപാര്‍ശ ചെയ്യപ്പെട്ട ആദം ജോര്‍ജ് പുളിക്കത്രക്കും കമ്മ്യൂണിറ്റി പ്രൈഡ് പുരസ്കാരം നല്കി ആദരിച്ചു. ഉല്ലാസത്തിനും സൗഹൃദത്തിനും എന്ന മുദ്രാവാക്യം സ്വീകരിച്ചുകൊണ്ട് ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയുടെ ക്ലബിന്റെ ഉദ്ഘടനവും നടന്നു.
റോസ്മേരിയും മാളവിക ബാലുവും അരങ്ങു നിയന്ത്രിച്ച ചടങ്ങില്‍ അജയ് പെരുമ്പലത്ത് അധ്യക്ഷനായിരുന്നു, രാജേഷ് ജോസഫ് സ്വാഗതമാശംസിച്ചു. കൗണ്‍സിലര്‍ മഞ്ജുളാ സൂദ് ഉദ്ഘാടന പ്രസംഗവും, ഡോക്ടര്‍ കമല്‍ ഹഖ്, മാവേലി തമ്പുരാന് എന്നിവര്‍ ആശംസയും അര്‍പ്പിച്ചു. ജോസ് തോമസ്, ബിന്‍സി ജെയിംസ് എന്നിവരും സന്നിഹിതരായിരുന്ന ചടങ്ങില്‍ ജോര്‍ജ് എടത്വാ നന്ദി പ്രകാശനം നടത്തി.
Leave a Reply