ലണ്ടന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം എന്‍എച്ച്എസ് വിട്ടത് 10,000ത്തോളം യൂറോപ്യന്‍ ജീവനക്കാരെന്ന് കണക്കുകള്‍. എന്‍എച്ച്എസ് സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിക്കുന്ന എന്‍എച്ച്എസ് ഡിജിറ്റല്‍ നല്‍കിയ വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ഹിതപരിശോധനയ്ക്കു ശേഷം ഡോക്ടര്‍, നഴ്‌സ്, മറ്റ് അനുബന്ധ തസ്തികകള്‍ എന്നിവയില്‍ ജോലി ചെയ്തിരുന്ന 9832 യൂറോപ്യന്‍ പൗരന്‍മാര്‍ 12 മാസത്തിനുള്ളില്‍ എന്‍എച്ച്എസ് വിട്ടു. കഴിഞ്ഞ മൂന്ന് മാസത്തില്‍ ജോലി വിട്ടവരുടെ കണക്കുകള്‍ പുറത്തു വന്നിട്ടില്ല.

മുന്‍ വര്‍ഷത്തേക്കാള്‍ 22 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. രണ്ടു വര്‍ഷത്തില്‍ 42 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്നും കണക്കുകള്‍ പറയുന്നു. ഹിതപരിശോധനയ്ക്കു ശേഷമുള്ള 12 മാസത്തെ കാലയളവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 3885 നഴ്‌സുമാരും 1794 ഡോക്ടര്‍മാരും എന്‍എച്ച്എസ് ഉപേക്ഷിച്ചിട്ടുണ്ട്. ബ്രെക്‌സിറ്റ് എന്‍എച്ച്എസിനുണ്ടാക്കുന്ന പ്രതിസന്ധിയേക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ ആദ്യമായാണ് പുറത്തു വരുന്നത്. ജീവനക്കാരുടെ കുറവ് മൂലം പ്രതിസന്ധിയെ നേരിടുന്ന ആരോഗ്യ സര്‍വീസിന് ഇത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതാകില്ലെന്നാണ് വിലയിരുത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യൂറോപ്യന്‍ ഡോക്ടര്‍മാരില്‍ പത്തിലൊന്ന് പേര്‍ എന്‍എച്ച്എസ് ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് തങ്ങള്‍ നടത്തിയ പഠനത്തിലും വ്യക്തമായിരുന്നുവെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. മറ്റൊരു 25 ശതമാനവും കൂടി ഇതിനായി തയ്യാറെടുക്കുകയാണെന്നും ഡോക്ടര്‍മാരുടെ സംഘടന പറഞ്ഞു. യൂറോപ്യന്‍ പൗരന്‍മാരായ എന്‍എച്ച്എസ് ജീവനക്കാരുടെയും അവരുടെ കുടുംംബങ്ങളുടെയും ബ്രെക്‌സിറ്റിനു ശേഷമുള്ള ഭാവിയെക്കുറിച്ച് വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ബിഎംഎ കുറ്റപ്പെടുത്തി.