ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്കൂളുകളിൽ കൂട്ടുകാരോടൊത്ത് പഠിച്ചു കളിച്ചും രസിച്ചും നടന്ന കുട്ടികള്‍ക്ക് ലോക് ഡൗണ്‍ അപ്രതീക്ഷിത പ്രഹരമായിരുന്നു. വീട്ടിനുള്ളിൽ ഒതുങ്ങി കഴിയേണ്ടി വന്ന കുട്ടികൾ മാനസിക സംഘർഷങ്ങൾക്ക് കീഴ് പ്പെടേണ്ടി വന്നതായി റിപ്പോർട്ടുകൾ ഉണ്ട്. വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകാൻ റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു. പകർച്ചവ്യാധി കുട്ടികളെയും യുവാക്കളെയും രൂക്ഷമായി ബാധിക്കുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 200,000 യുവാക്കളെയാണ് മാനസികാരോഗ്യ സേവനങ്ങളിലേക്ക് റഫർ ചെയ്തത്. മാനസിക സമ്മർദത്തിന് എൻഎച്ച്എസ് സഹായം തേടുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയർന്നെങ്കിലും പ്രശ്നപരിഹാരത്തിനായി പ്രത്യേക നടപടികൾ ഇല്ല. വിദ്യാർത്ഥികൾ മാനസിക സംഘർഷം നേരിടുമ്പോൾ പിന്തുണ ഉറപ്പാക്കാനായി സ്കൂളുകൾ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കോളേജ് ആവശ്യപ്പെട്ടു.

മഹാമാരി നിരവധി കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യത്തെ ബാധിച്ചുവെന്നും നിരവധി സംഘർഷങ്ങളിലൂടെയാണ് അവർ കടന്നുപോകുന്നതെന്നും റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ് അധ്യക്ഷ ഡോ. എലൈൻ ലോക്ക്ഹാർട്ട് വ്യക്തമാക്കി. വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകാൻ വിദ്യാഭ്യാസ സെക്രട്ടറിയും സ്കൂളുകളും ഒരുമിച്ച് പ്രവർത്തിക്കണം. മാനസികാരോഗ്യ പരിചരണം ആവശ്യമുള്ള കുട്ടികൾക്ക് പിന്തുണ ഉറപ്പാക്കുന്നതിനോടൊപ്പം മാനസികാരോഗ്യ സേവനങ്ങൾക്ക് ശരിയായ ധനസഹായവും ലഭ്യമാക്കണം.

ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 18 വയസ്സിന് താഴെയുള്ള 190,271 കുട്ടികളെ മാനസികാരോഗ്യ സേവനങ്ങളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. 8552 കുട്ടികൾക്കും യുവാക്കൾക്കും അടിയന്തിര സഹായം ആവശ്യമായി വന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ എൻഎച്ച്എസ് കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് ആക്ഷൻ ഫോർ ചിൽഡ്രൻ ഡയറക്ടർ ഇമ്രാൻ ഹുസൈൻ വ്യക്തമാക്കി. ഒന്നരവർഷത്തെ ലോക്ക്ഡൗണുകൾ, ഭയം, ഉത്കണ്ഠ, വിദ്യാഭ്യാസ തടസം,ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവ മൂലം വിദ്യാർത്ഥികളും യുവാക്കളും മാനസിക സംഘർഷം നേരിടുന്നു. ചാരിറ്റി യംഗ് മൈൻഡ്സ് കുട്ടികൾക്കും യുവാക്കൾക്കും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. അടിയന്തിര പിന്തുണ ആവശ്യമുള്ളവർക്ക് അവരുടെ പ്രാദേശിക എൻ‌എച്ച്‌എസ് ടീമിനെ ഓൺലൈനിലോ 116 123 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.