ബിബിന്‍ ഏബ്രഹാം
പൂന്തോട്ട നഗരിയായ കെന്റിനെ പ്രകമ്പനം കൊള്ളിക്കാന്‍ വടംവലി മത്സരത്തിലെ രാജാക്കന്മാര്‍ ഏറ്റുമുട്ടുന്ന രാജകീയ മത്സരം ഇന്ന്. വടംവലിയുടെ ആവേശപ്പൊലിമയില്‍ അവിസ്മരണീയമായ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ അങ്കത്തട്ട് ഉണരുമ്പോള്‍ കൈ-മെയ് മറന്ന് കാളക്കൂറ്റന്മാരെ പോലെ കൊമ്പുകുലുക്കി ഏറ്റുമുട്ടി കരുത്തു തെളിയിക്കാന്‍ യു.കെയിലെ വടംവലി ടീമുകളിലെ വില്ലാളി വീരന്മാരും വമ്പന്മാരും കൊമ്പന്മാരും അജ്ജയ്യരും ശക്തരും കെന്റിലെ ഹില്‍ഡന്‍ ബോറോയിലേക്ക്.
യു.കെയിലെ വടംവലി പോരാട്ടത്തിനു പുതിയ മാനവും വീര്യവും പകര്‍ന്നു നല്‍കിയ സഹൃദയയുടെ അഖില യു.കെ വടംവലി മത്സരം തുടര്‍ച്ചയായി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ആ ആവേശം നെഞ്ചോടു ചേര്‍ത്തു അതിന്റെ ഭാഗമാകുവാന്‍ യു.കെയിലെ ഓരോ വടംവലി പ്രേമിയും എത്തിച്ചേരുന്ന കാഴ്ച്ചക്കാണ് കെന്റ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഏകദേശം ആയിരത്തോളം കാണികളെ പ്രതീക്ഷിക്കുന്ന ഈ പോരാട്ടത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞെന്നു ഭാരവാഹികള്‍ അറിയിച്ചു.
ഈ കരുത്തിന്റെ പോരാട്ട വിജയികളെ കാത്തിരിക്കുന്നത് ഏറ്റവും മികച്ച സമ്മാനത്തുകയും ട്രോഫിയുമാണ്. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ സഹൃദയ നല്‍ക്കുന്നതായിരിക്കും. ഏഴു പേര്‍ അണിനിരക്കുന്ന ടീമുകള്‍ക്ക് നിജപ്പെടുത്തിയിരിക്കുന്ന ഭാരം 600 കിലോയാണ്. ടീം രജിസ്ട്രേഷന്‍, ടീമംഗങ്ങളുടെ ഭാരം നിജപ്പെടുത്തല്‍ തുടങ്ങിയവ കൃത്യം ഒമ്പത് മണിക്കു തന്നെ തുടങ്ങുന്നതായിരിക്കുമെന്നതിനാല്‍ ടീമുകള്‍ കൃത്യ സമയത്തു തന്നെ എത്തിച്ചേരണമെന്ന് സഹൃദയ അറിയിച്ചു.
വടംവലി മത്സരത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് ആവേശം പകര്‍ന്നു കൊണ്ടു വിജയികള്‍ക്ക് ട്രോഫിയും കാഷ് പ്രൈസും നല്‍കുന്നത് കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ആണ്. മലയാളം മിഷന്‍ യു.കെ ചാപ്റ്ററിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യു.കെയില്‍ എത്തുന്ന മന്ത്രി വടംവലി മത്സരത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനോടൊപ്പം കെന്റ് മേഖലയുടെ ഔപചാരികമായ ഉദ്ഘാടനവും നിര്‍വഹിക്കുന്നതാണ്.
വടംവലി മത്സരവും മലയാളം മിഷന്‍ കെന്റ് മേഖലയുടെ ഉദ്ഘാടനവും നടക്കുന്ന വേദിയുടെ വിലാസം:
Sackville School, Hildenborough, Kent TN11 9HN
സഹൃദയയുടെ അഖില യു.കെ വടംവലി മത്സരത്തിനോടൊപ്പം സഹൃദയ നിങ്ങള്‍ക്കായി ഒരുക്കുന്നതു ഒരു ദിനം സകുടുബം ആസ്വദിക്കുവാനുമുള്ള സുവര്‍ണാവസരമാണ്. കുട്ടികള്‍ക്ക് ചാടി മറിയുവാനായി ബൗണ്‍സി കാസില്‍, ഫേസ് പെയിന്റിംഗ് എല്ലാ അതിഥികള്‍ക്കുമായി മിതമായ നിരക്കില്‍ രുചിയൂറും നാടന്‍ ഭക്ഷണശാല, നിങ്ങളില്‍ ആരാണ് ഭാഗ്യവാന്‍ എന്നു അറിയാനായി ലക്കി ഡ്രോ, പിന്നെ സൗജന്യ പാര്‍ക്കിംഗ് സൗകര്യം… തുടങ്ങി നിരവധി അനവധി രസകരമായ അനുഭവങ്ങള്‍..
അതെ, ഈ ആവേശപോരാട്ടം കണ്ടാസ്വദിക്കുവാനും, സകുടുംബം വന്നു ചേര്‍ന്നു സഹൃദയ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളില്‍ പങ്കാളിയാക്കുവാനും യു.കെ യിലെ ഒരോ മലയാളികളെയും ടീം സഹൃദയ കെന്റിലേക്ക് ഹൃദ്യമായ സ്വാഗതം ചെയ്യുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പ്രസിഡന്റ് – സെബാസ്റ്റ്യന്‍ എബ്രഹാം – 07515120019
സെക്രട്ടറി – ബിബിന്‍ എബ്രഹാം – 07534893125
ട്രഷറര്‍- ബേസില്‍ ജോണ്‍ – 07710021788
Leave a Reply