ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള ഭീകരരുടെ ശ്രമം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു. ഗാര്‍ഡുമാരും ഭീകരരുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ത്തിയ ഇന്ത്യന്‍ ഏജന്‍സികള്‍ വിവരങ്ങള്‍ ബംഗ്ലാ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതോടെ ഭീകരരുടെ ശ്രമം പൊളിഞ്ഞു.
2009ൽ പ്രധാനമന്ത്രി സ്ഥാനമേറ്റശേഷം ഹസീനയ്ക്കു നേരെയുണ്ടാകുന്ന 11ാമത്തെ വധശ്രമമാണിത്. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത ഭീകരസംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി)യാണ് ഹസീനയെ വധിയ്ക്കാന്‍ പദ്ധതിയിട്ടത്. ഹസീനയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ചാണ് ഭീകരര്‍ പദ്ധതിയിട്ടത്.
ഇന്ദിരാഗാന്ധിയെ സ്വന്തം അംഗരക്ഷകര്‍ വധിച്ച മാതൃകയിലായിരുന്നു ശ്രമം. ആഗസ്റ്റ് 24ന് ഹസീനയുടെ പ്രത്യേക സുരക്ഷാ ഗാര്‍ഡുകളിലെ ഏഴു പേരാണ് വധിക്കാന്‍ ശ്രമം നടത്തിയത്. സായാഹ്ന സവാരിക്ക് പുറത്തിറങ്ങുമ്പോള്‍ വധിക്കാനായിരുന്നു പദ്ധതി. ഓഫീസിനു ചുറ്റും സ്ഫോടന പരമ്പരയുണ്ടാക്കി സുരക്ഷാ ഗാര്‍ഡുമാരുടെ ശ്രദ്ധ തിരിച്ച് ഹസീനയെ വധിക്കാനായിരുന്നു നീക്കം. ഗാര്‍ഡുമാരെ അറസ്റ്റ് ചെയ്തു.
Leave a Reply