കൊലപാതകക്കേസിൽ പ്രതികളായ മാതാപിതാക്കൾ തടവറയിലായതോടെ സമൂഹം ഒറ്റപ്പെടുത്തിയ നാല് കുരുന്നുകൾ മുത്തശ്ശിക്കൊപ്പം ജലിലിനുമുന്നിൽ അന്തിയുറങ്ങുന്നു. മാതാപിതാക്കൾ കഴിയുന്ന കോട്ടയം സബ് ജയിലിന് മുൻപിൽ ആക്രിക്കടയിൽനിന്ന് വാങ്ങിയ പഴയ മാരുതി ഒമ്നി വാനിലാണ് അഞ്ചംഗ താമസം. ആഗസ്റ്റ് 23ന് പയ്യപ്പാടി മലകുന്നം പുന്നാപറമ്പിൽ സന്തോഷിനെ പല കഷണങ്ങളാക്കി വെട്ടിനുറുക്കി കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിച്ച കേസിൽ പ്രതികളായ കുപ്രസിദ്ധ ഗുണ്ട വിനോദ്കുമാർ (കമ്മൽ വിനോദ് -38), ഭാര്യ കുഞ്ഞുമോൾ (34) എന്നിവരുടെ മക്കളാണ് തെരുവിൽ അലയുന്നത്.
കമ്മൽ വിനോദിന്റെ മാതാവും റിട്ട. കോട്ടയം നഗരസഭ ജീവനക്കാരിയുമായ തങ്കമ്മയാണ് (60) ഇവർക്ക് കൂട്ട്. 14 വയസ്സുള്ള ഒമ്പതാം ക്ലാസുകാരനാണ് മൂത്തയാൾ. തൊട്ടുതാഴെയായി എട്ടിലും ആറിലും പഠിക്കുന്ന രണ്ട് ആൺകുട്ടികളുമുണ്ട്. നാലുവയസ്സുള്ള പെൺകുട്ടിയാണ് ഇളയവൾ. കൊലപാതകത്തെത്തുടർന്ന് രണ്ടുദിവസം കോട്ടയത്തെ തണലിൽ അഭയം തേടിയിരുന്നു. പിന്നീട് മീനടം പീടികപ്പടിയിലെ വാടകവീട്ടിൽനിന്ന് ഇറക്കിവിട്ടു. പിന്നെ നഗരത്തിൽ അലഞ്ഞുതിരിഞ്ഞുള്ള ജീവിതമായിരുന്നു. ബസ് സ്റ്റാൻഡുകളിലും കടത്തിണ്ണകളിലുമായിരുന്നു അന്തിയുറക്കം. കറങ്ങിത്തിരിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിലും അഭയം തേടി. ഇതിനിടെ, പ്രായമായ മുത്തശ്ശി വാടകവീട് അന്വേഷിച്ച് പലയിടത്തും നടന്നെങ്കിലും കിട്ടിയില്ല. അന്വേഷണത്തിലും അലച്ചിലിലും മനം മടുത്ത മുത്തശ്ശി കഴുത്തിൽ കിടന്ന സ്വർണമാല പണയപ്പെടുത്തി 14,000 രൂപക്ക് ആക്രിക്കടയിൽനിന്ന് എൻജിൻ ഇല്ലാത്ത പഴയ മാരുതി ഒമ്നി വാൻ സ്വന്തമായി വാങ്ങി. ശനിയാഴ്ച വൈകുന്നേരം മുതൽ സബ് ജയിലിനുസമീപത്തെ റോഡരികിൽ പാർക്ക് ചെയ്ത വാഹനത്തിലാണ് ഇവരുടെ താമസം.
ആരെങ്കിലും വീട് വാടകക്ക് തന്നാൽ പിള്ളേരെ പൊന്നുപോലെ നോക്കുമെന്ന് തങ്കമ്മ ഞങ്ങളോട് പറഞ്ഞു. പെൻഷൻ ഇനത്തിൽ പ്രതിമാസം 12,000 രൂപ ലഭിക്കുന്നുണ്ട്. കുറഞ്ഞനിരക്കിൽ വാടകക്ക് വീട് തരപ്പെട്ടാൽ കുട്ടികളുടെ പഠനവും ചെലവും എല്ലാം ഭംഗിയായി നടത്താനാകും. എന്നാൽ, ആരും വീട് തരാൻ തയാറാകുന്നില്ല. ഇളയ പെൺകുട്ടിയുടെ കാര്യം ഓർക്കുമ്പോൾ വിഷമം ഇരട്ടിയാകും. അവർ പുറത്തിറങ്ങും വരെ നന്നായി നോക്കി തിരിച്ചേൽപിക്കണം. രാത്രി മുൻസീറ്റിലിരുന്നാണ് മുത്തശ്ശിയുടെ ഉറക്കം. പിന്നിൽ സീറ്റില്ലാത്ത വാഹനത്തിൽ പായ വിരിച്ചാണ് നാലുപേരും കിടക്കുന്നത്. നേരം പുലർന്നാൽ നാഗമ്പടം ആറ്റുതീരത്തേക്ക് എല്ലാവരും നടന്നുപോകും. കുളിച്ചും തുണിയലക്കിയും പകൽ തള്ളിനീക്കും.
വിശന്നുവലയുമ്പോൾ പുറത്തുനിന്ന് ഭക്ഷണം വാങ്ങിനൽകും. നീണ്ട ഇടവേളക്കുശേഷം മൂന്നുകുട്ടികൾ തിങ്കളാഴ്ച കോട്ടയം നഗരത്തിലെ ഗവ. സ്കൂളിലേക്ക് പഠിക്കാൻ പോവുകയാണ്. ഇതിനായി മീനടത്തെ വാടകവീട്ടിൽനിന്ന് ഞായറാഴ്ച പാഠപുസ്തകങ്ങളും ബാഗും യൂനിഫോമും ഉൾപ്പെടെ സാധനങ്ങൾ എടുത്തുകൊണ്ടുവന്നിട്ടുണ്ട്. പഠനത്തിനായി രാത്രി നേരിയവെട്ടം തെളിക്കാൻ ബാറ്ററിയും ഘടിപ്പിച്ചിട്ടുണ്ട്.
കുട്ടികൾ സ്കൂളിൽ പോകുന്ന സമയം ഏറെ ആശ്വാസം കിട്ടുമെന്നാണ് തങ്കമ്മയുടെ കണക്കുകൂട്ടൽ. അംഗൻവാടിയിൽ പഠിച്ചിരുന്ന ഇളയകുട്ടിയെ ഒന്നാം ക്ലാസിൽ വിടാനുള്ള ഒരുക്കത്തിലാണ് ഇവർ. തങ്കമ്മയുടെ ഭർത്താവ് രാജപ്പനെ കൊന്ന കേസിലും മകൻ വിനോദ് വിചാരണ നേരിടുകയാണ്.
Leave a Reply