സാവോ പോളോ: ബാങ്കിന്റെ പണം സൂക്ഷിക്കുന്ന വോള്‍ട്ടിലേക്ക് തുരങ്കം നിര്‍മിച്ച് കവര്‍ച്ചക്ക് ശ്രമം. ബ്രസീലിലാണ് ലോകത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ളയെന്ന് വിശേഷിപ്പിക്കാമായിരുന്ന കവര്‍ച്ചക്ക് ശ്രമമുണ്ടായത്. സാവോ പോളോയിലെ ബാങ്ക് ഓഫ് ബ്രസീലിന്റെ വോള്‍ട്ടിലേക്ക് 500 മീറ്റര്‍ നീളമുള്ള തുരങ്കമാണ് കൊള്ളസംഘം നിര്‍മിച്ചത്. 240 മില്യന്‍ പൗണ്ടിന് തുല്യമായ പണം ഈ വോള്‍ട്ടില്‍ ഉണ്ടായിരുന്നു. നാല് മാസമെടുത്താണത്രേ ഈ തുരങ്കം സാവോപോളോ തെരുവുകള്‍ക്ക് അടിയിലൂടെ സംഘം നിര്‍മിച്ചത്.
ഇരുമ്പ് ദണ്ഡുകളും തടിക്കഷണങ്ങളും ഉപയോഗിച്ച് ബലപ്പെടുത്തിയ തുരങ്കത്തിന്റെ തുടക്കം സാന്റോ അന്റോണിയോയിലെ ഒരു വാടകക്കെടുത്ത വീട്ടിലാണെന്ന് കണ്ടെത്തി. തുരങ്കം കണ്ടെത്തിയതോടെ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഘത്തെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. സെപ്റ്റംബര്‍ 27ന് തുരങ്കം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് പോലീസ് ഇടപെട്ടത്. സംഘത്തിന്റെ ശ്രമം വിജയിച്ചിരുന്നെങ്കില്‍ ലോകത്തെ ഏറ്റവും വലിയ ബാങ്ക് കൊള്ളയായി ഇത് മാറുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സേഫ് വരെയെത്താന്‍ സംഘത്തിന് കഴിഞ്ഞില്ലെങ്കിലും വോള്‍ട്ടിന്റെ പുറംചട്ടവരെ ഇവര്‍ എത്തി.
കൊള്ളയ്ക്കായുള്ള തയ്യാറെടുപ്പിനു മാത്രം ഈ സംഘത്തിന് 1.27 മില്യന്‍ അമേരിക്കന്‍ ഡോളറിനു തുല്യമായ തുക ചെലവായെന്ന് അന്വേഷണ സംഘത്തലവന് ഫാബിയോ പിന്‍ഹേരിയോ ലോപ്പസ് പറഞ്ഞു. 6340 ഡോളര്‍ വീതം ഓരോ സംഘാംഗവും ഓഹരിയായി നല്കി. 317 മില്യന്‍ ഡോളറിനു തുല്യമായ തുക വോള്‍ട്ടില്‍ നിന്ന് മോഷ്ടിക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. സംഘത്തിലെ ഏകദേശം എല്ലാവരെയും അറസ്റ്റ് ചെയ്തുകഴിഞ്ഞതായി ലോപ്പസ് വ്യക്തമാക്കി.
Leave a Reply