ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്ന കാരണമാണ് ഇതിനായി ഉയര്‍ത്തിക്കാണിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിയമവിരുദ്ധ സംഘടനകളുടെ പട്ടികയില്‍ പെടുത്തണോ അതോ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണോ എന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം ഉടന്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.

ബിജെപിയും സംഘപരിവാര്‍ സംഘടനകളും ആവശ്യപ്പെടുന്ന കാര്യമാണ് ഈ സംഘടനകളെ നിരോധിക്കണമെന്നത്. സംഘപരിവാര്‍ അനുകൂലികളായവര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്ന ആരോപണമാണ് ഇവര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ 25 വര്‍ഷങ്ങള്‍ക്കിടെ 10 കേസുകള്‍ മാത്രമാണ് തങ്ങള്‍ക്കെതിരെ ഉണ്ടായിരിക്കുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് അവകാശപ്പെടുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒന്നും തങ്ങള്‍ നടത്തിയിട്ടില്ലെന്നും സംഘടന പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഘടനയെ നിരോധിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കുന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും എന്‍ഐഎ, ഇന്റലിജന്‍സ് ബ്യൂറോ തുടങ്ങിയ ഏജന്‍സികളുടെ ഉന്നതരും തമ്മില്‍ കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. തങ്ങള്‍ അന്വേഷിക്കുന്ന കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി എന്‍ഐഎ അറിയിച്ചിരുന്നു. കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ അന്വേഷിക്കുന്ന തീവ്രവാദക്കേസുകളും നിരോധനം ഏര്‍പ്പെടുത്താന്‍ കാരണമായി ഉന്നയിക്കപ്പെടുന്നുണ്ട്.