ലണ്ടൻ∙ മുൻകൂട്ടി വിസമ്മതം അറിയിക്കാത്തവരുടെ പ്രവർത്തനക്ഷമമായ അവയവങ്ങൾ മരണശേഷം ആവശ്യക്കാർക്ക് നൽകുന്ന പുതിയ നിയമനിർമാണത്തിന് ബ്രിട്ടൻ തയാറെടുക്കുന്നു. അവയവദാനരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ഉതകുന്നതാകും പുതിയ നിയമനിർമാണം. കഴിഞ്ഞദിവസം മാഞ്ചസ്റ്ററിൽ സമാപിച്ച ഭരണകക്ഷിയായ ടോറി പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി തെരേസ മേയാണ് ആരോഗ്യരംഗത്ത് സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ നിയമനിർമാണത്തെക്കുറിച്ച് വിശദീകരിച്ചത്.
ഇതനുസരിച്ച് ഒരാൾ മരിച്ചാൽ പിന്നീടും പ്രവർത്തനക്ഷമമായ എല്ലാ അവയവങ്ങളും സർക്കാർ എടുക്കും. ഇതിന് സമ്മതമല്ലാത്തവർ അക്കാര്യം മുൻകൂട്ടി നാഷണൽ ഹെൽത്ത് സർവീസിനെ (എൻഎച്ച്എസ്) അറിയിച്ചിരിക്കണം. ‘ഓപ്റ്റ് ഔട്ട് ഓർഗൺ ഡോണർ സിസ്റ്റം’ എന്നാണ് പുതിയ സമ്പ്രദായം അറിയപ്പെടുക. ഇതനുസരിച്ച് ഒരാൾ മരിക്കുമ്പോൾ അയാൾ സ്വമേധയാ അവയവ ദാദാവായി മാറുന്നു. അങ്ങനെയാകാൻ താൽപര്യമില്ലാത്തവർ അക്കാര്യം നേരത്തെ രേഖാമൂലം അറിയിച്ചിരിക്കണം.
ആവശ്യത്തിന് അവയവം ലഭിക്കാത്തതിനാൽ മറ്റുള്ളവരുടെ ദയവുകാത്ത് ആയിരക്കണക്കിന് ആളുകളാണ് ബ്രിട്ടനിൽ ട്രാൻസ്പ്ലാന്റ് ലിസ്റ്റിലുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ പുതിയ നിയമനിർമാണത്തിലൂടെ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇംഗ്ലണ്ടിൽ ഇപ്പോളുള്ള നിയമമനുസരിച്ച് ഓരോ വ്യക്തിയുടെയും സമ്മതമുണ്ടെങ്കിൽ മാത്രമേ മരണാനന്തരം അവയവങ്ങൾ എടുക്കാൻ സാധിക്കൂ. ഇതാണ് ‘ഓപ്റ്റ് ഔട്ട്’ സിസ്റ്റത്തിലൂടെ ഭേദഗതി ചെയ്യാൻ ഉദ്ദേശിക്കുന്നത്.വെയിൽസിൽ സമാനമായ നിയമം ഇപ്പോൾ നിലവിലുണ്ട്. 2015 ഡിസംബറിൽ വെയിൽസിലെ പ്രാദേശിക സർക്കാർപാസാക്കിയ നിയമമനുസരിച്ച് 18 വസയിനുമേൽ പ്രായമുള്ളവർ മരണപ്പെട്ടാൽ അവരുടെ അവയവങ്ങൾ ആരുടെയും അനുമതിക്ക് കാത്തുനിൽക്കാതെ ഡോക്ടർമാർക്ക് നീക്കംചെയ്ത് ആവശ്യക്കാർക്ക് ട്രാൻസ്പ്ലാന്റ് ചെയ്യാം. സ്കോട്ട്ലൻഡിലും ഇംഗ്ലണ്ടിലും സമ്മതമില്ലാതെ അവയവങ്ങൾ നീക്കം ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് സർക്കാർ പുതിയ നിയമനിർമാണം ആലോചിക്കുന്നത്.
Leave a Reply