ലോറന്‍സ് പെല്ലിശേരി
ക്രിസ്റ്റല്‍ ഇയര്‍ ഓണാഘോഷം നിറക്കാഴ്ചയുടെ നിളയായി ഒഴുകിയെത്തിയപ്പോള്‍ ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്കൂളും പരിസരവും ഒരു ഉത്സവപ്പറമ്പിന് സമാനമായി. സെപ്റ്റംബര്‍ 30ന് ശനിയാഴ്ച രാവിലെ 10.30ന് ആയിരുന്നു പ്രൗഢഗംഭീര ചടങ്ങുകള്‍ ആരംഭിച്ചത്. ആര്‍പ്പുവിളികള്‍ നിറഞ്ഞ ഓണപ്പുലരിയല്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മങ്കമാര്‍ താലപ്പൊലിയേന്തി ആതിഥ്യമരുളിയപ്പോള്‍ ജാതി മത ചിന്തകള്‍ക്കപ്പുറത്തുള്ള മലയാളിയുടെ സാംസ്കാരിക സമന്വയത്തിലേക്കുള്ള വാതായനമായി. പൂക്കളവും മുത്തുക്കുടകളും നിറഞ്ഞ വേദിയില്‍ ആവേശം തീര്‍ത്ത ചെണ്ടമേളക്കാര്‍ക്കൊപ്പമായിരുന്നു മഹാബലിക്ക് സ്വാഗതമോതിയത്. ഗ്ലോസ്റ്ററിലെയും ചെല്‍റ്റന്‍ഹാമിലെയും മേയറും ഡെപ്യൂട്ടി മേയറും ഫാദര്‍ ജോസ് പൂവണിക്കുന്നേലും ഔദ്യോഗിക അതിഥികളായെത്തിയ ചടങ്ങില്‍ പരമ്പരാഗത രീതിയില്‍ തിരി തെളിയിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ക്രിസ്റ്റല്‍ ഇയര്‍ ഓണാഘോഷം ചരിത്ര താളുകളില്‍ ആലേഖനം ചെയ്യപ്പെടണമെന്ന ജി.എം.എ പ്രസിഡന്റ് ടോം ശങ്കൂരിക്കലിന്റെയും, സെക്രട്ടറി മനോജ് വേണുഗോപാലിന്റെയും നിശ്ചയദാര്‍ഢ്യം ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ മൊത്തം ഏറ്റെടുക്കുന്ന കാഴ്ചക്കാണ് ആ വേദി പിന്നീട് സാക്ഷ്യം വഹിച്ചത്. മലയാളത്തിന്റെ സംസ്കാരവും പൈതൃകവും വിളിച്ചോതിക്കൊണ്ട്, കുട്ടികള്‍ മുതല്‍ മുത്തശീ മുത്തച്ഛന്മാരടക്കം 80ല്‍ പരം പേര് പങ്കെടുത്ത, ഓണത്തെക്കുറിച്ചുള്ള നൃത്തശില്പം ഉദ്ഘാടനത്തിന്റെ ഭാഗമായെത്തിയപ്പോള്‍ കണ്ണിനും കാതിനും കുളിര്‍മ്മയേകുന്നതായി.
തുടര്‍ന്ന്, ഒരു സ്റ്റേജ് ഷോയെ അനുസ്മരിപ്പിക്കും വിധം ഇടതടവില്ലാതെ വന്ന കാഴ്ചയുടെ വര്‍ണ്ണ വിസ്മയങ്ങളൊരുക്കാന്‍ ഗ്ലോസ്റ്റെര്‍ഷെയറിലെ കുഞ്ഞു കുരുന്നുകളടക്കം മിടുക്കീ മിടുക്കന്മാര്, അടുക്കും ചിട്ടയോടെയും മാസങ്ങളായി തുടന്ന് വന്ന പ്രയത്നമാണ് അവിടെ സാക്ഷാല്‍ക്കരിക്കപ്പെട്ടത്. അവര്‍ക്കൊപ്പം ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം സുദര്‍ശനും കലാഭവന്‍ സതീഷും ചേര്‍ന്നപ്പോള്‍ രാത്രി ഏറെ വൈകിയും സദസ്യരുടെ നിറ സാന്നിദ്ധ്യം തുടര്‍ന്നു. ഒപ്പം ആവേശമായി മാറിയ വടംവലി മത്സരവും വിഭവ സമൃദ്ധമായ ഓണസദ്യയും മലയാളികള്‍ക്കൊപ്പം ഇഗ്ളീഷുകാരുടെയും മനം കവരുന്നതായിരുന്നു.
ജി.എം.എ കുടുംബത്തില്‍ നിന്നും അകാലത്തില്‍ പൊലിഞ്ഞു പോയ പ്രിന്‍സ് ആല്വിന്, അലീഷാ രാജീവ്, സണ്ണി സെബാസ്റ്റ്യന്‍, രാജീവ് ജേക്കബ് എന്നിവരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുമ്പിലെ അശ്രുപ്രണാമം, നൊമ്പരപ്പെടുത്തുന്നതെങ്കിലും ജി.എം.എയെ മുന്നോട്ട് നയിക്കാന്‍ ഊര്‍ജ്ജം പകരുന്നതായിരുന്നു.
ജി.എം.എ പാട്രന്‍, ഡോ. തിയോഡോര്‍ ഗബ്രിയേല്‍, തന്റെ അസാന്നിദ്ധ്യത്തിലും സാന്നിദ്ധ്യമായ വേദി, അംഗീകാരത്തിന്റെയും ആദരവിന്റെയുമായി മാറി. ജി.സി.എസ്.ഇ. പരീക്ഷയില്‍ ഉന്നത വിജയം സ്വന്തമാക്കിയ അജയ് എടക്കര, മേഘ്ന ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പം ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന് സംഘടിപ്പിച്ച ബ്യുട്ടി പേജന്റില്‍ മിസ് ഹാര്‍ട്ട് (യു.കെ.) പട്ടം സ്വന്തമാക്കിയ കൊച്ചു മിടുക്കി സിയെന്‍ ജേക്കബിനെയും പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. ഔദ്യോഗികമായ കാരണങ്ങളാല്‍, ജി.എം.എ കുടുംബത്തില്‍ നിന്നും നോര്താംപ്ടണിലേക്ക് താമസം മാറുന്ന ഡോ. ജ്യോതിഷ് ഗോവിന്ദനും ജി.എം.എ വൈസ് പ്രസിഡന്റ് കൂടിയായ ഡോ. ബീന ജ്യോതിഷിനും കുടുംബത്തിനും യാത്രയയപ്പ് നല്‍കുന്നതിനും ശ്രാവണോത്സവ വേദി സാക്ഷ്യം വഹിച്ചു.
ഇംഗ്ളീഷ് സംസ്കാരത്തോടൊപ്പം മലയാളി സംസ്കാരവും സംസ്കൃതിയും പുതു തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിന്റെ ഭാഗമായി, യുവതലമുറയെയാണ് ഇത്തവണ ശ്രാവണോത്സവ വേദിയുടെ നേതൃത്വം ജി.എം.എ ഏല്‍പ്പിച്ചത്. ജി.എം.എ യുടെ ഭാവി അവരുടെ കരങ്ങളില്‍ സുരക്ഷിതമാണെന്ന് ഉത്തരവാദിത്തങ്ങള്‍ ഉത്സാഹത്തോടെ നിര്‍വ്വഹിച്ചുകൊണ്ട് അവര്‍ തെളിയിച്ചു. ദേശീയ ഗാനം ആലപിച്ചു കൊണ്ട് രാത്രി 10 മണിയോടെയാണ് ജി.എം.എ ശ്രാവണോത്സവത്തിന് തിരശീല വീണത്.
Leave a Reply