ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും മോശം ബ്രോഡ്ബാന്‍ഡ് സേവനദാതാക്കള്‍ ഏതൊക്കെയാണെന്ന് വിശദീകരിച്ച് സര്‍വേ. രാജ്യത്തെ ഏതാണ്ട് എല്ലാ ഉപഭോക്താക്കള്‍ക്കും കഴിഞ്ഞ വര്‍ഷം ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ മോശമായാണ് ലഭിച്ചത്. സ്പീഡ് കുറവാണെന്ന പരാതിയാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്. വിര്‍ജിന്‍ മീഡിയ, ടോക്ക് ടോക്ക്, സ്‌കൈ, ബിടി എന്നിവരുടെ ഉപഭോക്താക്കള്‍ക്കാണ് ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ അനുഭവിക്കേണ്ടി വന്നത്. 53 ശതമാനം ഉപഭോക്താക്കള്‍ക്കും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിച്ച് കണ്‍സ്യൂമര്‍ ഇന്‍സൈറ്റ് സര്‍വേയിലാണ് ഇവ് വ്യക്തമായത്.

വിര്‍ജിന്‍ ഉപഭോക്താക്കള്‍ നിരക്ക് വര്‍ദ്ധനയേക്കുറിച്ചാണ് പ്രധാനമായും പരാതിപ്പെട്ടത്. 38 ശതമാനം പേര്‍ ഈ പരാതി ഉന്നയിച്ചു. ടോക്ക് ടോക്കിന്റെ 33 ശതമാനംവും ബിടിയുടെ 22 ശതമാനവും ഉപഭോക്താക്കള്‍ കുറഞ്ഞ ഇന്റര്‍നെറ്റ് വേഗത്തേക്കുറിച്ചാണ് പരാതി ഉന്നയിച്ചത്. ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നവരില്‍ അഞ്ചിലൊരാളെങ്കിലും സ്പീഡിനേക്കുറിച്ചുള്ള പരാതി ഉന്നയിച്ചിട്ടുണ്ട്. 17 ശതമാനം പേര്‍ കണക്ഷന്‍ ഇടക്കിടെ വിച്ഛേദിക്കപ്പെടുന്നതിനെക്കുറിച്ചും 12 ശതമാനം പേര്‍ വയര്‍ലെസ് റൂട്ടറിനേക്കുറിച്ചും 8 ശതമാനം പേര്‍ മണിക്കൂറുകളോളമോ ചിലപ്പോള്‍ ഒരു ദിവസം മുഴുവനായോ കണക്ഷന്‍ ഇല്ലാതിരുന്നതിനെക്കുറിച്ചോ പരാതിപ്പെട്ടിട്ടുണ്ട്.

ബ്രോഡ്ബാന്‍ഡ് വ്യവസായത്തിലുള്ള ഉപഭോക്തൃ വിശ്വാസം 41 ശതമാനമായി ഇടിഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ 3 ശതമാനത്തിന്റെ ഇടിവാണ് ഇതില്‍ രേഖപ്പെടുത്തിയത്. ജൂണ്‍-ജൂലൈ കാലയളവില്‍ 1709 ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നത്.