ലണ്ടന്‍: പരീക്ഷണശാലയില്‍ കൃത്രിമ ഭ്രൂണം നിര്‍മിക്കുന്നതില്‍ വിജയിച്ചതായി കേംബ്രിഡ്ജ് സര്‍വകലാശാല അറിയിച്ചു. ചരിത്രപരമായ കണ്ടെത്തലെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എലിയുടെ ഭ്രൂണമാണ് വികസിപ്പിച്ചത്. ഇത് യഥാര്‍ത്ഥ ഭ്രൂണവുമായി എല്ലാക്കാര്യങ്ങളിലും സാമ്യമുള്ളതാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ജീവന്റെ ഉല്‍പ്പത്തിയേക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ വെളിച്ചം പകരുന്നതാണ് ഈ കണ്ടെത്തല്‍. ഒരു ജീവിയായി വളരാന്‍ ഇതിനു സാധിക്കില്ല. എന്നാല്‍ ഉടന്‍ തന്നെ ഇത്തരം ഭ്രൂണത്തെ വളര്‍ത്തിയെടുക്കാന്‍ ശാസ്ത്രത്തിന് കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മനുഷ്യ ഭ്രൂണം സൃഷ്ടിക്കാനും ഇതെ സാങ്കേതികത ഉപയോഗിക്കാനാകും. ചില സമയത്ത് ഭ്രൂണങ്ങള്‍ ഗര്‍ഭപാത്രത്തില്‍ത്തന്നെ ഇല്ലാതാകുന്നതിന്റെ രഹസ്യങ്ങള്‍ കണ്ടെത്താനും ഇത് ഉപകരിച്ചേക്കും. സയന്‍സ് ജേര്‍ണലിലാണ് ഈ കണ്ടുപിടിത്തം സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. രണ്ട് വ്യത്യസ്ത തരത്തിലുള്ള വിത്ത്‌കോശങ്ങള്‍ ചേര്‍ത്താണ് ഈ ഭ്രൂണം വികസിപ്പിച്ചത്. ഇത് ഏതു വിധത്തിലുള്ള കലകളായും മാറ്റിയെടുക്കാവുന്ന വിധത്തിലുള്ളവയാണ്. മസ്തിഷ്‌ക കോശങ്ങള്‍ മുതല്‍ ചര്‍മം വരെ ഈ വിധത്തില്‍ നിര്‍മിക്കാം.

ഒരു ഭാഗം ഭ്രൂണമായി മാറുമ്പോള്‍ മറ്റൊരു ഭാഗം പ്ലാസന്റയായി മാറുകയാണ് ചെയ്യുന്നത്. ഇങ്ങനെ സംയോജിപ്പിച്ച കോശങ്ങള്‍ ഭ്രൂണത്തിനു സമാനമായ വസ്തുവായി രൂപാന്തരം പ്രാപിക്കുകയായിരുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. മഗ്ദലേന സെര്‍ണിക്ക് ഗോയെറ്റ്‌സ് പറഞ്ഞു. മനുഷ്യന്റെ വിത്തുകോശങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ ഇതിലും വിപ്ലവകരമായി ഫലങ്ങള്‍ ഉണ്ടാക്കുമെന്നും ഗവേഷകര്‍ പറഞ്ഞു.