ലണ്ടന്‍: റോഡ് അറ്റകുറ്റപ്പണികള്‍ക്കിടെ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന വേഗപരിധി ഉയര്‍ത്താന്‍ ആലോചന. പരിധി 60 മൈല്‍ ആയി ഉയര്‍ത്തിക്കൊണ്ട് ഗതാഗതക്കുരുക്കും അറ്റകുറ്റപ്പണികള്‍ ഗതാഗതത്തെ ബാധിക്കുന്നതും ഒഴിവാക്കാനാണ് പുതിയ നിര്‍ദേശമെന്ന് ഹൈവേ്‌സ് ഇംഗ്ലണ്ട് വ്യക്തമാക്കി. 2016 മുതല്‍ അറ്റകുറ്റപ്പണികള്‍ക്കിടെ വ്യത്യസ്ത വേഗപരിധികള്‍ പരീക്ഷിച്ചു വരികയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ കമ്പനി. അറ്റകുറ്റപ്പണികള്‍ നടക്കുന്നയിടങ്ങളിലൊക്കെ 60 മൈല്‍ എന്ന പരിധി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹൈവേയ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം ഓ സള്ളിവന്‍ പറഞ്ഞു.
എന്നാല്‍ വീതി കുറഞ്ഞ ലെയിനുകളിലും കോണ്‍ട്രാഫ്‌ളോസിലും റോഡിനോട് ഏറ്റവുമടുത്തും അറ്റകുറ്റപ്പണികള്‍ നടക്കുന്നയിടങ്ങളില്‍ കുറഞ്ഞ വേഗം മാത്രമേ അനുവദിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. അറ്റകുറ്റപ്പണികള്‍ ഇപ്പോള്‍ ഒട്ടേറെ നടക്കുന്നുണ്ട്. ഇത് ഈ നിരക്കില്‍ നീങ്ങുകയാണെങ്കില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ അവ പൂര്‍ത്തിയാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടേണ്ടിയിരിക്കുന്നുവെന്നും സള്ളിവന്‍ വ്യക്തമാക്കി. കൂടുതല്‍ വേഗത്തിലുള്ള ട്രാഫിക്ക് സുരക്ഷിതമാണെന്ന് തോന്നുന്നയിടങ്ങളില്‍ 55 മുതല്‍ 60 മൈല്‍ വരെ വേഗത അനുവദിക്കാനാണ് പദ്ധതി.
36 പേരാണ് ഇതിനായുള്ള ട്രയലുകളില്‍ പങ്കെടുത്തത്. ഡാഷ്‌ക്യാമുകളും ഹൃദയസ്പന്ദനം രേഖപ്പെടുത്തുന്ന വാച്ചുകളും ജിപിഎസ് ട്രാക്കറുകളും ഇവര്‍ക്ക് നല്‍കിയിരുന്നു. എം5ല്‍ ബ്രോംസ്ഗ്രൂവിലെ ജംഗ്ഷന്‍ 4എയില്‍ നിന്ന് വോഴ്‌സ്റ്ററില്‍ 6 വരെയുള്ള ഭാഗത്ത് 60 മൈല്‍ വേഗതയിലും എം3യില്‍ സറേയില്‍ ജംഗ്ഷന്‍ 3നും 4എക്കുമിടയിലുള്ള ഭാഗത്ത് 55 മൈല്‍ വേഗതയിലുമാണ് പരീക്ഷണം നടത്തിയത്. വേഗത നിയന്ത്രണമുള്ള മേഖലകളില്‍ ഡ്രൈവര്‍മാരുടെ ശരാശരി ഹൃദയമിടിപ്പില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.
Leave a Reply