സ്വന്തം ലേഖകൻ

അമേരിക്കൻ ക്യാപിറ്റലിന്റെ പലസ്ഥലങ്ങളിലും യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. നാലു വർഷത്തെ ഭരണ കാലഘട്ടത്തിനിടയിൽ ട്രംപിന്റെ അപ്രതീക്ഷിത നിലപാടുകൾ എടുത്തുകാണിക്കുന്ന നീക്കങ്ങളാണ് ഇപ്പോഴത്തേത്. ദിനംപ്രതി കനക്കുന്ന ദേശീയ പ്രതിസന്ധിക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ ഒടുവിൽ ജനങ്ങളെ അഭിസംബോധന ചെയ്യാൻ ട്രംപ് നാടകീയമായി തീരുമാനിക്കുന്നു. അദ്ദേഹം അതിനുള്ള തയ്യാറെടുപ്പ് നടത്തുമ്പോൾ പ്രതിഷേധക്കാർ ശാന്തരായി പുറത്തു കാത്തു നിൽക്കുകയായിരുന്നു, അതേസമയം രാജ്യം മുഴുവൻ എനിക്ക് ശ്വാസം മുട്ടുന്നു എന്ന ഫ്ലോയ്ഡിന്റെ അവസാന വാക്കുകൾ മുഴക്കുകയായിരുന്നു.

എന്നാൽ പ്രസംഗത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ട്രംപിന്റെ ഭാഗത്തുനിന്നും ഫെഡറൽ അധികാരികൾ പെട്ടെന്ന് കടന്നു വരികയും ജനക്കൂട്ടത്തെ ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിക്കുകയും ചെയ്തു. ഒരു റിപ്പോർട്ടറിനെ പ്രോഗ്രാമിനിടെ കൈയേറ്റം ചെയ്യുകയും ചെയ്തു. അതിവേഗത്തിലുള്ള മർദ്ദനങ്ങളും, റബ്ബർ ബുള്ളറ്റുകളും, ടിയർ ഗ്യാസും ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ നേരിട്ടത്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു അധികാരികളുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഉണ്ടായത്.

എന്നാൽ പാർക്ക് പോലീസ് പറയുന്നത് പ്രതിഷേധക്കാരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നു എന്നും കാര്യങ്ങൾ കൈവിട്ടു തുടങ്ങി എന്ന് മനസ്സിലായപ്പോൾ പൊലീസുകാരുടെ കയ്യിലുണ്ടായിരുന്ന പുക കാനിസ്റ്ററുകൾ, പെപ്പർ ബോളുകൾ തുടങ്ങിയവ പിടിച്ചു വാങ്ങി പ്രതിഷേധക്കാർ പോലീസുകാരെ തിരിച്ച് ആക്രമിക്കുകയായിരുന്നു എന്നുമാണ് .

ടിയർഗ്യാസ് ഉപയോഗിച്ചിട്ടില്ല എന്നാണ് അധികാരികൾ പറയുന്നത്. എന്നാൽ ട്രംപ് ക്യാമ്പയിനിൽ പറയുന്നത് ഇങ്ങനെയാണ്’ പ്രതിഷേധക്കാർ ചില്ലു കുപ്പികളും, ബേസ്ബോൾ ബാറ്റ്കളും, ലോഹ കമ്പികളുമായി ആക്രമിക്കാൻ തയ്യാറെടുക്കുകയായിരുന്നു. ഇതിനെയാണോ സമാധാനപരമായ പ്രതിഷേധം എന്ന് നിങ്ങൾ വിളിക്കുന്നത്’ എന്നും പ്രസിഡന്റ് ചോദ്യം ചെയ്തു. പ്രതിഷേധക്കാരെ സമാധാനപരമായി നേരിടുമെന്ന് പറഞ്ഞ ട്രംപ് പറഞ്ഞെങ്കിലും പോലീസ് അതിക്രൂരമായാണ് പ്രതിഷേധക്കാരെ നേരിട്ടത്.

ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പല പ്രാവശ്യം ടിയർഗ്യാസ് ഉപയോഗിച്ചു. ചരിത്ര പ്രാധാന്യമുള്ള സെന്റ് ജോൺസ് എപ്പിസ്കോപ്പൽ ചർച്ചിനു മുന്നിൽ ജെയിംസ് മാഡിസൺ മുതലുള്ള എല്ലാ പ്രസിഡണ്ടുമാരും ചെയ്യാറുള്ളതുപോലെ ബൈബിൾ ഉയർത്തി പിടിച്ചു കൊണ്ടുള്ള ചിത്രം എടുക്കാനാണ് പ്രതിഷേധക്കാരെ തുരത്തിയോടിച്ചത്. നഗരത്തിലെ ഓരോ മൂലയിലും സർവായുധ സന്നദ്ധരായ പോലീസിനെ നിയോഗിച്ചിരുന്നു. പുകയാൽ ചുറ്റപ്പെട്ട വൈറ്റ് ഹൗസ് 24 മണിക്കൂറിന് ശേഷമാണ് സാധാരണ ഗതി കൈവരിച്ചത്. മണിക്കൂറുകൾ നീണ്ട കർഫ്യൂവിന് ശേഷമാണ് ഇരുന്നൂറോളം പ്രതിഷേധക്കാരെ പലവഴിയിലായി തുരത്തി ഓടിച്ച ടിയർഗ്യാസ് ആക്രമണം അരങ്ങേറിയത്. സമരക്കാരെ ഇത്തരത്തിൽ നേരിടുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ എന്നാണ് നിഗമനം.