കോഴിക്കോട് : ‘വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ഒന്നുകൂടി വിവാഹം കഴിച്ചിട്ട് വരൂ’… വിവാഹ സര്‍ട്ടിഫിക്കറ്റിനായി 40 ദിവസം കയറിയിറങ്ങിയ ദമ്പതികള്‍ക്ക് മറുപടി കേട്ട് ദമ്പതികള്‍ ഞെട്ടി.
വിവാഹ സര്‍ട്ടിഫിക്കറ്റിനായി മുക്കം നഗരസഭയെ സമീപിച്ച കോരുത്തോട് സ്വദേശി ജോഷി ജയിംസിനും ഭാര്യ ബിന്ദുവിനുമാണ് ദാരുണ അനുഭവം ഉണ്ടായത്. സെപ്റ്റംബര്‍ 11 നാണ് വിവാഹ സര്‍ട്ടിഫിക്കറ്റിനായി ഇരുവരും നഗരസഭയില്‍ അപേക്ഷ നല്‍കിയത്. അന്നു മുതല്‍ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടു തുടങ്ങി. പറഞ്ഞ രേഖകളെല്ലാം നല്കി ഒടുവില്‍ വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് തയ്യാറായത് വ്യാഴാഴ്ച.
അന്നു തന്നെ മുക്കം നഗരസഭയിലെ രജിസ്ട്രാറുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ മുന്നില്‍ ബിന്ദുവും ജോഷിയും ഒപ്പുവെച്ചു. ഇനി സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുത്ത് കിട്ടുകയേ വേണ്ടൂ എന്ന മറുപടിയും ലഭിച്ചു. എന്നാല്‍, സാങ്കേതിക പ്രശ്നം അവിടെ വില്ലനായെത്തി. അതോടെ ‘ബ്ലോക്ക് ടെക്നിക്കല്‍ അസിസ്റ്റന്റ് നാളെ വരും, രാവിലെ വന്നാല്‍ കയ്യോടെ പ്രിന്റ് തരാം’ എന്നായി ഉദ്യോഗസ്ഥയുടെ മറുപടി.
പിറ്റേന്ന് 10 മണിയോടെ ദമ്പതികള്‍ വീണ്ടും എത്തി. ഭക്ഷണം പോലും കഴിക്കാതെ അഞ്ചു മണിവരെ കാത്തിരുന്നു. ടെക്നിക്കല്‍ അസിസ്റ്റന്റും വന്നില്ല, ഉദ്യോഗസ്ഥ അകത്തേയ്ക്ക് വിളിപ്പിച്ചുമില്ല. ഒടുവില്‍ അഞ്ചു മണി കഴിഞ്ഞപ്പോള്‍ സീറ്റില്‍ നിന്നും ഉദ്യോഗസ്ഥ എഴുന്നേറ്റതോടെ ദമ്പതികള്‍ വീണ്ടും ആവശ്യവുമായെത്തി. ‘പ്രിന്റായി’ എത്തുന്ന സര്‍ട്ടിഫിക്കറ്റ് കാത്തിരുന്ന ദമ്പതികള്‍ ‘ആ മറുപടി’ കേട്ട് ഞെട്ടി. ‘നിങ്ങളുടെ അപേക്ഷ അപ്രൂവല്‍ ലഭിക്കാന്‍ സിവില്‍ സ്റ്റേഷനിലേയ്ക്ക് അയച്ചിരിക്കുകയാണ്.’
സിവില്‍ സ്റ്റേഷനിലെ സര്‍ട്ടിഫിക്കറ്റ് തന്ന ഉദ്യോഗസ്ഥനെ വിളിച്ചു. ഇനി പ്രിന്റു മാത്രമേയുള്ളൂ എന്ന മറുപടിയില്‍ അദ്ദേഹം ഉറച്ചു നിന്നതോടെ ദമ്പതികള്‍ വീണ്ടും വെട്ടിലായി. ഇതോടെ ഉദ്യോഗസ്ഥ സത്യം പറഞ്ഞു: ശ്രദ്ധിക്കാതെ അപേക്ഷ കാന്‍സല്‍ ചെയ്തു പോയത്രേ. പുതിയ സര്‍ട്ടിഫിക്കറ്റിനു നിയമപരമായി വീണ്ടും വിവാഹം കഴിക്കണമത്രേ…! ദമ്പതികള്‍ വിട്ടില്ല. സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഓഫിസ് അടയ്ക്കാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞു കവാടത്തില്‍ തന്നെ നിലയുറപ്പിച്ചു. നേതാക്കളുമായി ബന്ധപ്പെട്ടു. ഒടുവില്‍ വീട്ടില്‍ പോയ ടെക്നിക്കല്‍ അസിസ്റ്റന്റിനെ രാത്രി എട്ടുമണിയോടെ വിളിച്ചു വരുത്തി പത്തു മിനിറ്റിനകം സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് നല്കി.
ഇസ്രയേലില്‍ ജോലിക്കായി നാളെ മുംബൈയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ നിവൃത്തികെട്ടായിരുന്നു ഈ കാത്തിരിപ്പെന്ന് ദമ്പതികള്‍ പറയുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചാല്‍ ഏഴു ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് ചട്ടം എന്നിരിക്കെയാണ് ദമ്പതികള്‍ക്ക് ഇത്തരമൊരു ദാരുണ അനുഭവം നേരിടേണ്ടി വന്നത്.
Leave a Reply