യുഎസില്‍ കാണാതായ, മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെത്തി. ടെക്‌സാസില്‍ 15 ദിവസം മുമ്പാണ് ഷെറിനെ കാണാതായത്. ഷെറിന്റെ വീടിന് ഒരു കിലോമീറ്റര്‍ മാറി റോഡിലെ കലുങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നായ്ക്കളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ഷെറിന്റേതാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അതേ സമയം മൂന്നു വയസ് തോന്നിക്കുന്ന മൃതദേഹം മറ്റൊരു കുഞ്ഞിന്റേതാകാൻ സാധ്യതയില്ലെന്നാണു പൊലീസിന്റെ വിശദീകരണം. മരണകാരണവും മറ്റും പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു.
ഈ മാസം ഏഴിനാണു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ നിന്നു ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണു വളര്‍ത്തച്ഛന്‍ എറണാകുളം സ്വദേശി വെസ്‌ലി പൊലീസിനെ അറിയിച്ചത്. ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നു രണ്ടു വര്‍ഷം മുമ്പാണു വെസ്‌ലി-സിനി ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്കു നേരിയ കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ട്. പോഷകാഹാരക്കുറവുള്ളതിനാല്‍ നിശ്ചിത ഇടവേളകളില്‍ പാല്‍ നല്‍കണമെന്നും അതിനു കുട്ടി മടി കാണിച്ചിരുന്നുവെന്നുമാണു വെസ്‌ലി നേരത്തേ പൊലീസില്‍ മൊഴി നല്‍കിയത്.
വെസ്‌ലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ജാമ്യത്തില്‍ വിട്ടിരുന്നു. ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. പുലര്‍ച്ചെ 3.15ന് കാണാതായെങ്കിലും രാവിലെ എട്ടുമണിയോടെയാണു വിവരം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. പൊലീസില്‍ അറിയിക്കാന്‍ അഞ്ചു മണിക്കൂര്‍ വൈകിയതു ദുരൂഹമാണെന്ന നിലപാടിലായിരുന്നു പൊലീസ്. കുട്ടിയെ കാണാതായെന്നു കരുതുന്ന സമയത്തു വീട്ടില്‍ നിന്നൊരു വാഹനം രണ്ടുതവണ പുറത്തുപോയി തിരിച്ചെത്തിയതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്നു കണ്ടെത്തിയിരുന്നു
Leave a Reply