‘ഒരു പൈന്റ് എം.സി.., ഒരു ഫുള്‍ എം.എച്ച്, ഒരു കെ.എഫ്., ഒരു ജവാന് ‘ക്യൂവില്‍ ഉച്ചത്തില്‍ ബ്രാന്‍ഡുകളുടെ പേരുകള്‍. ഉടനെ മറുപടിവന്നു. ‘ജവാനില്ല, എഴുതിവച്ചിരിക്കണത് കണ്ടില്ലേ… പകരം ഏതാ വേണ്ടേ? എന്നാ ഏതേലും റമ്മെട്.’ കൗണ്ടറുകളില്‍ നിന്ന് വ്യത്യസ്തങ്ങളായ ബ്രാന്‍ഡുകളുടെ പേരുകളും മറുപടികളും ഷൈനി സാകൂതം കേള്‍ക്കുകയാണ്. വാങ്ങിക്കാനല്ല, മലയാളികളുടെ ഇഷ്ടബ്രാന്‍ഡുകള്‍ ഏതൊക്കെയാണെന്നു പഠിക്കാന്‍ വേണ്ടിയാണ്. ഇതുവരെ കേരളത്തിലെ സ്ത്രീകള്‍ എത്തിനോക്കാന്‍ മടിച്ചിരുന്ന മദ്യമേഖലയില്‍ ജോലി നോക്കുമ്പോള്‍ ആദ്യം പഠിക്കേണ്ടത് മദ്യത്തിന്റെ പേരല്ലാതെ മറ്റെന്താണെന്നും ഷൈനി ചോദിക്കുന്നു. അതുകൊണ്ട് അതൊക്കെ അറിഞ്ഞിരിക്കണം. പേരുമാത്രം അറിഞ്ഞാല്‍ പോരാ. ഇനിയതിന്റെ വിലകൂടി പഠിക്കണം. അതിനായി നീണ്ട ലിസ്റ്റുണ്ട്. അതു കാണാപ്പാഠമാക്കുകയാണ് ഈ പുതിയ ജീവനക്കാരി.
എറണാകുളം പുത്തന്‍വേലിക്കര കണക്കന് കടവിലെ ബിവറേജസ് ചില്ലറ മദ്യവില്‍പ്പനശാലയില്‍ ഒരു മുഴുദിനം മദ്യക്കുപ്പികളുടെ ഇടയില്‍ ജോലി ചെയ്തതിലെ കൗതുകം പങ്കിടുകയാണ് പുത്തന്‍വേലിക്കര വെണ്‍മനശേരില്‍ രാജീവിന്റെ ഭാര്യ ഷൈനി. നിറഞ്ഞ സന്തോഷത്തോടെയാണ് ആദ്യദിനം കഴിഞ്ഞത്. “രജിസ്റ്ററുകള്‍ നോക്കണം. മദ്യത്തിന്റെ വിലയറിയണം. ലിസ്റ്റുണ്ട്, പക്ഷേ, വിലയറിയില്ലായിരുന്നു. കേള്‍ക്കാത്ത പേരുകള്‍ തന്നെ. ഇനി ഒന്നേന്ന് പഠിക്കണം.
സഹപ്രവര്‍ത്തകരുടെ പിന്തുണ ആവോളമുള്ളതാണ് രക്ഷയായത്. ഒരു സ്ത്രീ ആദ്യമായാണ് മദ്യശാലയില്‍ ജോലി ചെയ്ുന്നത്.യ ഇന്നലെ വരെ ഇത് ആണുങ്ങളുടെ ലോകമായിരുന്നു. ഇന്നു മദ്യം വാങ്ങാന്‍ വരുന്നവര്‍ക്കുപോലും അറിയാം ഇവിടെയൊരു സ്ത്രീ ജോലി ചെയ്യുന്നുണ്ടെന്ന്..
കുപ്പികളില്‍ എഴുതിയിരിക്കുന്ന പേരുകളില്‍നിന്ന് അല്പം വ്യത്യസ്തമാണ് ക്യൂവില്‍ നിന്ന് കേള്‍ക്കുന്ന പേരുകള്‍. നാളെ എന്നെ കൗണ്ടറില്‍ ജോലി ചെയ്യാന്‍ നിയോഗിച്ചാലോ?” അപ്പോള്‍ മുന്‍കൂറായി അറിഞ്ഞിരിക്കുന്നത് നല്ലതല്ലേയെന്നും ചിരിയോടെ മറുപടി.
നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് എല്‍.ഡി. ക്ലര്‍ക്കായി ബിവറേജസില്‍ ഷൈനി രാജീവ്(43) ജോലിക്കെത്തിയത്. ഒട്ടേറെ രജിസ്റ്ററുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അതിന്റെ പരിശോധനയാണ് ഇപ്പോള്‍ ചെയ്യുന്നത്. മദ്യത്തിന്റെ വിലയും നികുതിയും എല്ലാം കൂട്ടിയെടുക്കണം. വില്‍ക്കുന്നതിന്റെയും ഗോഡൗണില്‍ നിന്നു വരുന്നതിന്റെയും കണക്കുകള്‍. ഇതൊരു പരിചിതമായ മേഖലയല്ലാതിരുന്നതുകൊണ്ട് അല്പം വിഷമത്തിലായിരുന്നു. അധ്യാപികയാകാനായിരുന്നു മോഹം. ബി.എ. ഇക്കണോമിക്സ് പഠനത്തിനുശേഷം ബി.എഡ് പാസായി. എച്ച്.എസ്.എ. പരീക്ഷകള്‍ പലതും എഴുതിയെങ്കിലും ജോലി ലഭിച്ചില്ല. ഇതിനിടെ പഞ്ചായത്തുവകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സ്വീപ്പര്‍ തസ്തികയില്‍ ജോലി കിട്ടി. ആ ജോലി ചെയ്യുന്നതിനിടെയാണു പുതിയ നിയമനം.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനാണു ഷൈനി പുതിയ ജോലിയില്‍ പ്രവേശിച്ചത്. ഇതു തന്റെ നാടായതുകൊണ്ട് എല്ലാവരും പരിചയക്കാരാണ്. ക്യൂ നില്‍ക്കുന്നവരടക്കം. ചിലര്‍ തന്നെ കാണുമ്പോള്‍ ക്യൂവില്‍ നിന്ന് വലിയുന്നതും കാണാം. ഔട്ട്ലെറ്റില് നിന്ന് നാലര കിലോമീറ്ററേയുള്ളൂ വീട്ടിലേക്ക്. സ്കൂട്ടറില്‍ വരും. രണ്ടുദിവസമായി മകനാണ് കൊണ്ടുവരുന്നത്. രാവിലെ പത്തുമുതല്‍ രാത്രി ഒമ്പതുവരെ ജോലിയുണ്ട്.
സമയമൊന്നും പ്രശ്നമല്ല. സ്ഥിരജോലിയാണ് പ്രധാനം. ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട് ജോലി കിട്ടാന്‍. എല്ലാത്തിനും പിന്തുണയായി ഭര്‍ത്താവ് രാജീവും രണ്ടുമക്കളുമുണ്ട്. മകന് ചാര്‍വാകന്‍ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയാണ്. മകള്‍ ശബരി ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. നാളെ മദ്യം എടുത്തുകൊടുക്കുന്ന പണിയാണേലും കുഴപ്പമില്ല. ജോലിയാണ് ഷൈനിക്കു പ്രധാനം.
Leave a Reply