കൊച്ചി – മംഗലാപുരം ഗെയിൽ വാതക പൈപ് ലൈൻ പദ്ധതിക്കെതിരെ സമരം നടക്കുന്ന മുക്കത്ത് വ്യാഴാഴ്ചയും സംഘര്‍ഷം. സംസ്ഥാന പാതയിൽ തടികളും ടയറുകളും ഉപയോഗിച്ച് തീയിട്ട് പ്രതിഷേധക്കാര്‍ ഗതാഗതം തടസപ്പെടുത്തി. തടസങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാന്‍ പൊലീസ് ശ്രമിച്ചപ്പോൾ വ്യാപകമായ കല്ലേറുണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തിവീശി.
പരിസരത്തെ വീടുകളില്‍ കയറി പരിശോധന നടത്തിയ പൊലീസ് നിരവധിപേരെ കസ്റ്റഡിയിലെടുത്തു. അതിനിടെ സംഘര്‍ഷങ്ങളുടെ പേരില്‍ പൊലീസ് വീടിനുള്ളില്‍ അതിക്രമിച്ചു കടന്ന് നിരപരാധികളെ കസ്റ്റഡിയിലെടുക്കുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പൊലീസ് മര്‍ദനത്തില്‍ നിരവധിപേര്‍ക്കു പരുക്കേറ്റു.
ഗെയിൽ പൈപ് ലൈൻ പദ്ധതിക്കെതിരെ ബുധനാഴ്ചയുണ്ടായ സംഘർഷത്തിന്റെ ബാക്കിപത്രമായിട്ടാണ് വീണ്ടും പ്രശ്നമുണ്ടായത്. ബുധനാഴ്ചത്തെ സംഘർഷത്തിന്റെ ഭാഗമായി മുപ്പതിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പുറത്തുനിന്നുള്ള സംഘം സംഘർഷത്തിനു നേതൃത്വം നൽകിയെന്നാണ് പൊലീസിന്റെ നിലപാട്.
Leave a Reply