ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിയ്ക്കെതിരെ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍. ന്യൂസിലാന്റിനെതിരായ രണ്ടാം ട്വന്റി-20യിലെ തോല്‍വിയ്ക്ക് പിന്നാലെ ആരാധകരടക്കം താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. നാളുകളായി താരത്തിന്റെ വിരമിക്കലിനായി വാദിക്കുന്ന സോഷ്യല്‍ മീഡിയയിലെ ഹേറ്റേഴ്സാണ് ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്. എന്നാലിപ്പോഴിതാ ഇതിഹാസ താരങ്ങളടക്കം ധോണിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
ട്വന്റി-20യില്‍ ധോണിയ്ക്ക് പകരം വേറൊരാളെ കണ്ടെത്തണമെന്നും യുവതാരങ്ങള്‍ക്ക് ധോണി അവസരം നല്‍കണമെന്നുമാണ് ഇതിഹാസ താരം വി.വി.എസ് ലക്ഷ്മണും മുന്‍ താരം അജിത് അഗാര്‍ക്കറും പറയുന്നത്.
‘ട്വന്റി-20യില്‍ ധോണിയുടെ സ്ഥാനം നാലാമതാണ്. മികച്ച ബാറ്റിങ് കാഴ്ച വയ്ക്കേണ്ട സ്ഥാനമാണിത്. എന്നാല്‍ വലിയ സ്കോര്‍ ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച ബാറ്റിങ് അത്യാവശ്യമായിരുന്നു. ആ സമയത്ത് ക്രീസില്‍ ഉണ്ടായിരുന്ന ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെ സ്ട്രൈക്ക് റേറ്റ് 160 ആയിരുന്നപ്പോള്‍ ധോണിയുടേത് വെറും 80 മാത്രമായിരുന്നു. ഇത്രയും വലിയ ഒരു ലക്ഷ്യം പിന്തുടരുമ്പോള് ഒരു ടീമിനും ഇത് അനുയോജ്യമല്ല. ധോണി യുവനിരയ്ക്കായി മാറി കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു.’ ലക്ഷ്മണ് പറഞ്ഞു.
ലക്ഷ്മണിന് പിന്നാലെ സമാന അഭിപ്രായവുമായി അഗാര്‍ക്കറും രംഗത്തെത്തുകയായിരുന്നു. ഏകദിന മത്സരങ്ങള്‍ ധോണി അനുയോജ്യനായ താരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വന്റി-20യില്‍ ധോണിക്ക് പകരം മറ്റൊരാളെ ചിന്തിക്കേണ്ട സമയം ആയിരിക്കുന്നുവെന്ന് അഗാക്കറും അഭിപ്രായപ്പെട്ടു.
Leave a Reply