ലണ്ടന്‍: യുകയിലെ തൊഴിലുടമകള്‍ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ബ്രെക്‌സിറ്റ് മൂലം യൂറോപ്യന്‍ യൂണിയന്‍ തൊഴിലാളികള്‍ കുറയുന്നതോടെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ കൂടുതല്‍ ശമ്പളം നല്‍കി ജീവനക്കാരെ ആകര്‍ഷിക്കാന്‍ തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് റിക്രൂട്ട്‌മെന്റ് കമ്പനികളെ പ്രതിനിധീകരിക്കുന്ന ദി റിക്രൂട്ട്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് കോണ്‍ഫെഡറേഷന്‍ അറിയിച്ചു. ഒക്ടോബര്‍ മാസത്തില്‍ തുടക്കക്കാരുടെ ശമ്പളത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. 2015 നവംബറിനു ശേഷം രണ്ടാമതാണ് ഇത്തരത്തിലൊരു ദ്രുതഗതിയിലുള്ള വര്‍ദ്ധന രേഖപ്പെടുത്തുന്നതെന്നും കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി.

കോണ്‍ഫെഡറേഷന്‍ നടത്തുന്ന പ്രതിമാസ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ബ്രെക്‌സിറ്റിനു ശേഷമുണ്ടാകാനിടയുള്ള അനിശ്ചിതത്വങ്ങള്‍ ഭയന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ തിരികെ പോയിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഭാവിയില്‍ നടപ്പാക്കുന്ന ഇമിഗ്രേഷന്‍ സംവിധാനത്തെക്കുറിച്ച് വ്യക്തമായ ചിത്രം അറിയേണ്ടതുണ്ടെന്ന് ആര്‍ഇസി ചീഫ് എക്‌സിക്യൂട്ടീവ് കെവിന്‍ ഗ്രീന്‍ പറഞ്ഞു. അല്ലെങ്കില്‍ സാഹചര്യങ്ങള്‍ കൂടുതല്‍ മോശമാകുമെന്നും തൊഴിലുടമകള്‍ വീണ്ടും രൂക്ഷമായ തൊഴിലാളി ക്ഷാമം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്നു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ് കുടിയേറ്റത്തില്‍ ഉണ്ടായിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ യുകെ വിടുന്നതിനൊപ്പം യുകെയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സ്ഥിരമോ താല്‍ക്കാലികമോ ആയ ജീവനക്കാരുടെ ലഭ്യത കഴിഞ്ഞ മാസവും ഗണ്യമായി കുറഞ്ഞിരുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.