ലണ്ടന്‍: മദ്യത്തിന് മിനിമം വില ഏര്‍പ്പെടുത്താനുള്ള സ്‌കോട്ടിഷ് സര്‍ക്കാര്‍ നീക്കം അംഗീകരിച്ച് യുകെ സുപ്രീം കോടതി. സ്‌കോച്ച് വിസ്‌കി അസോസിയേഷനും സര്‍ക്കാരുമായി കഴിഞ്ഞ 5 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തിന് അന്ത്യംകുറിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മിനിമം പ്രൈസിംഗ് അംഗീകരിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. ഏഴ് ജഡ്ജിമാരടങ്ങുന്ന ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്.

കോടതി ഉത്തരവനുസരിച്ച് സ്‌കോട്ടിഷ്, വെല്‍ഷ് സര്‍ക്കാരുകള്‍ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളുടെ മിനിമം യൂണിറ്റ് വില 50 പെന്‍സ് ആയി നിശ്ചയിക്കും. ഇതോടെ ഇംഗ്ലണ്ടിലും ഇത് പ്രാവര്‍ത്തികമാക്കേണ്ടി വരും. സ്‌കോട്ടിഷ് പാര്‍ലമെന്റ് എത്രയും വേഗം തന്നെ മിനിമം പ്രൈസിംഗ് നടപ്പാക്കുമെന്ന് നിക്കോള സ്റ്റര്‍ജന്‍ ഗവണ്‍മെന്റിലെ ഹെല്‍ത്ത് സെക്രട്ടറി ഷോണ റോബിന്‍സണ്‍ പറഞ്ഞു. 2018 സ്പ്രിംഗില്‍ ഇത് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡേവിഡ് കാമറൂണ്‍ പ്രധാനമന്ത്രിയായിരുന്ന സമയത്ത് ചര്‍ച്ചയില്‍ വന്ന ഈ പദ്ധതി പഠനങ്ങള്‍ക്കു ശേഷം ഉപോക്ഷിക്കുകയായിരുന്നു. എന്നാല്‍ സൂപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുകെ സര്‍ക്കാരിന് ഇത് വീണ്ടും പരിഗണിക്കേണ്ടി വരുമെന്ന് ഇംഗ്ലീഷ് ഹെല്‍ത്ത് ക്യാംപെയിനര്‍മാര്‍ പറയുന്നു. മദ്യം കുറഞ്ഞ വിലയില്‍ ലഭിക്കാന്‍ തുടങ്ങിയതോടെ അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിച്ചിരുന്നു.

ഈ ആരോഗ്യ പ്രതിസന്ധി തരണം ചെയ്യാന്‍ ഇത്തരം നടപടികള്‍ ആവശ്യമായിരുന്നുവെന്ന് ആല്‍ക്കഹോള്‍ കണ്‍സേണ്‍ ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് പൈപ്പര്‍ പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് മദ്യം ലഭ്യമായിത്തുടങ്ങിയതോടെ കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടയില്‍ മദ്യവുമായി ബന്ധപ്പെട്ടുള്ള മരണങ്ങളുടെ നിരക്ക് ഉയര്‍ന്നിരുന്നു. 18 പെന്‍സിന് മദ്യം ലഭിക്കുമെന്നിരിക്കെ മരണനിരക്ക് ഉയരുകയായിരുന്നു. ഇതിനെ പിടച്ചു നിര്‍ത്താന്‍ മിനിമം പ്രൈസിംഗിലൂടെ മാത്രമേ കഴിയൂ എന്നും ക്യാംപെയിനര്‍മാര്‍ വ്യക്തമാക്കി.