ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ നാഷണൽ സൈബർ സെക്യൂരിറ്റി സെൻ്റർ മേധാവി ലിൻഡി കാമറൂണിനെ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി നിയമിച്ചു . മൂന്ന് വർഷം പൂർത്തിയാക്കിയ അലക്സ് എല്ലിസിന് പകരമാണ് ലിൻഡി കാമറൂണിന്റെ നിയമനം. ഈ മാസം തന്നെ അവർ ഡൽഹിയിൽ തന്റെ ചുമതല ഏറ്റെടുക്കും. അലക്സ് എല്ലിസ് സ്പെയിനിലെ ഹൈക്കമ്മീഷണർ ആയി ആണ് ഡൽഹി വിടുന്നത്. യുകെയുടെ സൈബർ സെക്യൂരിറ്റി ചീഫായി പ്രവർത്തിക്കുന്നതിന് മുമ്പ്, യു.കെ.യുടെ നോർത്തേൺ അയർലൻഡ് ഓഫീസിൻ്റെ ഡയറക്ടർ ജനറലായിയും കാമറൂൺ സേവനം അനുഷ്ഠിച്ചിരുന്നു .

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ കാമറൂൺ മുമ്പ് ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ യുകെയുടെ രാജ്യാന്തര വികസന വകുപ്പിൽ കൺട്രി പ്രോഗ്രാമുകളുടെ ഡയറക്ടർ ജനറൽ ഉൾപ്പെടെയുള്ള ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് ഈ മാസം ആരംഭിക്കുകയാണ്. ഈ വർഷമോ അടുത്ത വർഷത്തിൻ്റെ ആരംഭത്തിലെ ബ്രിട്ടനിലും തെരഞ്ഞെടുപ്പ് നടന്ന് പുതിയ സർക്കാർ അധികാരമേൽക്കും. പ്രധാനമായും പാതിവഴിയിൽ മുടങ്ങി കിടക്കുന്ന യുകെയും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാക്കുക എന്നതായിരിക്കും പുതിയ ഹൈക്കമ്മീഷണറിൻ്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

യുകെ ഇന്ത്യയിലേയ്ക്ക് ആദ്യത്തെ വനിതാ ഹൈക്കമ്മീഷണറെ അയക്കുന്നത് ഇപ്പോഴാണെങ്കിലും ഇന്ത്യയുടെ യുകെയിലെ ആദ്യ ഹൈക്കമ്മീഷണർ ഒരു വനിതയായിരുന്നു. 1954-ൽ ലണ്ടനിൽ വിജയലക്ഷ്മി പണ്ഡിറ്റിനെ ഇന്ത്യ ഹൈക്കമ്മീഷണറായി നിയമിച്ചതിന് 70 വർഷങ്ങൾക്ക് ശേഷമാണ് കാമറൂണിൻ്റെ നിയമനം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ സഹോദരി, പണ്ഡിറ്റ് 1961 വരെ ആ പദവിയിൽ സേവനമനുഷ്ഠിച്ചു.