അപ്പച്ചന്‍ കണ്ണഞ്ചിറ

എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് രൂപതാ മക്കളെ നേരില്‍ കാണുവാനും അവരുടെ ഭവനങ്ങളില്‍ വെഞ്ചരിപ്പ് കര്‍മ്മം നടത്തുന്നതിനുമായി സ്റ്റീവനേജില്‍ എത്തുന്നു. നവംബര്‍ 29,30 തീയതികളില്‍ (ബുധന്‍,വ്യാഴം) രാവിലെ 9:30 മുതല്‍ വൈകുന്നേരം 9:30 വരെയാണ് ഭവന സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ സെന്റ് നിക്കോളാസ് പ്രദേശത്തുള്ള ഭവനങ്ങളില്‍ സന്ദര്‍ശനം ആരംഭിച്ച് രാത്രിയോടെ ഗ്രെയ്റ്റ് ആഷ്ബി, ചെല്‍സ് പ്രദേശങ്ങള്‍ പൂര്‍ത്തിയാക്കുവാനും, വ്യാഴാഴ്ച ബെഡ്വെല്‍ പ്രദേശത്തു നിന്ന് തുടങ്ങി ഓള്‍ഡ് ടൗണ്‍, ഫിഷസ് ഗ്രീന്‍ പ്രദേശങ്ങള്‍ പൂര്‍ത്തിയാക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

പിതാവിന്റെ ഭവന സന്ദര്‍ശനങ്ങളിലൂടെ കുടുംബങ്ങളെ നേരില്‍ കാണുവാനും അവര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുവാനും, പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ രൂപതാ തലത്തില്‍ ആസൂത്രണം ചെയ്യുവാനും, രൂപതയുടെ കര്‍മ്മ പദ്ധതികളില്‍ ഏവരുടെയും നിസ്സീമമായ പിന്തുണയും സഹകരണവും തേടുവാനുമായിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഭവനങ്ങള്‍ തോറും പിതാവ് നടത്തുന്ന പ്രാര്‍ത്ഥനകളിലൂടെ ആത്മീയ ചൈതന്യം നിറക്കുവാനും, പ്രഭാത-സന്ധ്യാ പ്രാര്‍ത്ഥനകള്‍ക്കു ഭവനങ്ങളില്‍ ആക്കം കൂട്ടുവാനും പ്രയോജനകരമാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രൂപത ആരംഭിച്ച ആദ്യ വര്‍ഷം തന്നെ ദൈവം നല്‍കിയ വലിയ അനുഗ്രഹങ്ങള്‍ക്കും, അതിനോടൊപ്പം കുടുംബങ്ങള്‍ നല്‍കിയ പിന്തുണക്കും നന്ദി പറയുവാന്‍ ഏറ്റവും ഉചിതം ഒന്നിച്ചുള്ള പ്രാര്‍ത്ഥനകളും സ്തുതിപ്പുകളുമാണ് എന്ന പിതാവിന്റെ വീക്ഷണമാണ് ഭവന സന്ദര്‍ശനങ്ങള്‍ക്കായുള്ള പദ്ധതിക്കു ആരംഭമായത്. രൂപതയില്‍ ആയിരത്തില്‍പരം ഭവനങ്ങള്‍ ഇതിനോടകം പിതാവ് സന്ദര്‍ശിച്ചു കഴിഞ്ഞു.

സ്റ്റീവനേജിലെ സ്രാമ്പിക്കല്‍ പിതാവിന്റെ ഭവന സന്ദര്‍ശനങ്ങളില്‍ ചാപ്ലൈന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, സെക്രട്ടറി ഫാ.ഫാന്‍സുവാ പത്തില്‍ എന്നിവരോടൊപ്പം പാരീഷ് കമ്മിറ്റി ട്രസ്റ്റികളും അനുധാവനം ചെയ്യും. ജോസഫ് പിതാവിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ നടത്തപ്പെട്ട ഭക്തിസാന്ദ്രവും ആഘോഷപൂര്‍ണ്ണവുമായ തിരുന്നാളിലൂടെയും തന്റെ അനുഗ്രഹീത സാന്നിദ്ധ്യത്തില്‍ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ പാരീഷ് ദിനാഘോഷത്തിലൂടെയും സ്റ്റീവനേജ് വിശ്വാസി സമൂഹത്തിനു പകര്‍ന്ന പുത്തന്‍ ഉണര്‍വ്വ് ഒന്നുകൂടി അരക്കിട്ടുറപ്പിക്കുവാനും സഭാ സ്‌നേഹവും തീക്ഷ്ണതയും പോഷിപ്പിക്കുവാനും ഭവന സന്ദര്‍ശനങ്ങള്‍ ആക്കം കൂട്ടും. തങ്ങളുടെ അജപാലകനെ സ്‌നേഹപൂര്‍വ്വം വരവേല്‍ക്കുവാന്‍ ഓരോ ഭവനങ്ങളൂം ഒരുങ്ങി കാത്തിരിക്കുകയായി.