ഷിബു മാത്യൂ
ഓണ്‍ലൈനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിലൂടെ ഭക്തിയില്‍ കുറവ് വന്നു എന്ന് തോന്നുന്നില്ല. ഇനിയുള്ള കാലത്തും ക്രൈസ്തവര്‍ ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ പോരേ..?? കൊറോണയുടെ കാലത്ത് ധാരാളം പേര്‍ ചോദിക്കുന്ന ചോദ്യമിതാണ്. അതിനെക്കുറിച്ച് സഭ പഠിപ്പിക്കുന്നതെന്താണ്? ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരമാണ് ക്ലാരിഷ്യന്‍ സന്യാസ സഭാംഗമായ ഫാ. ബിനോയ് ആലപ്പാട്ട് നല്‍കുന്നത്. ഗുജറാത്തില്‍ ഗാന്ധിനഗര്‍ സീറോ മലബാര്‍ ഇടവകയില്‍ വികാരിയായി സേവനം അനുഷ്ഠിക്കുകയാണദ്ദേഹം.
ഫാ. ബിനോയ് പറയുന്നതിങ്ങനെ.
കൂദാശകള്‍ എപ്പോഴും നേരിട്ട് ചെയ്യുവാനുള്ളതാണ്. 2020 ഏപ്രില്‍ 17ന് വിശുദ്ധ കുര്‍ബാന മദ്ധ്യേ പരിശുദ്ധ ഫ്രാന്‍സീസ് പാപ്പാ ഇതിന് വ്യക്തമായ നിര്‍വചനം നല്‍കി. മാധ്യമങ്ങളിലൂടെയുള്ള കൂദാശാ അനുകരണങ്ങളും അതിന്റെ ഭാഗഭാഗിത്വമൊന്നും സഭയുടെ കൂദാശകള്‍ക്ക് പകരമാകുന്നില്ല. പ്രത്യേകമായ സാഹചര്യത്തില്‍ ഒരു ക്രമീകരണം മാത്രമായി ഇതിനെ വിശേഷിപ്പിക്കാന്‍ സാധിക്കത്തുള്ളൂ. കോവിഡ് കാലത്തെ ഐസുലേഷനില്‍ സഭ നല്‍കിയ ആനുകൂല്യം മാത്രമാണിത്.
ഓണ്‍ലൈന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്ക് കൊള്ളുമ്പോള്‍ പൂജ്യ വസ്തുക്കളുടെ സാന്നിധ്യമനുഭവിക്കുന്നില്ല. വിശുദ്ധ കുര്‍ബാന സ്വീകരണം സാധ്യമാകുന്നില്ല. വിരുന്നിന്റെ ഭാഗമാകുവാന്‍ സാധിക്കുമ്പോഴാണ് അര്‍പ്പണം പൂര്‍ണ്ണമാകുന്നത്. സ്വകാര്യതയുടെ അനുഭവമല്ല ബലിയര്‍പ്പണം. ഓണ്‍ലൈന്‍ ശീലമാക്കാന്‍ ഒരു പക്ഷെ തോന്നിപ്പോകും. ഒരിക്കലും അത് കൗദാശീകമല്ല. സഭയുടെ മാനങ്ങളില്ല. ഒരു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന്റെ പുണ്യവും അതില്‍ കിട്ടുന്നില്ല. കണ്ടു എന്നു മാത്രം.
ഇതിന് വ്യക്തമായ ഉദാഹരണം ഇതാണ്.
ഞാന്‍ ഗുജറാത്തില്‍ ശുശ്രൂഷ ചെയ്യുന്നു. നാട്ടിലുള്ള എന്റെ അമ്മച്ചിയെ ഫോണ്‍ വിളിക്കുമ്പോള്‍ അമ്മച്ചിയുടെ സാന്നിധ്യമറിയാന്‍ എനിക്ക് സാധിക്കുന്നുണ്ട്. പക്ഷേ, എന്നെ കാത്തിരിക്കുന്ന അമ്മച്ചിയുടെ അടുത്തെത്തി കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുന്ന അനുഭവം ഒരിക്കലും ഫോണ്‍ വിളിയില്‍ എനിക്ക് ഉണ്ടാകില്ല. ഞാന്‍ പറഞ്ഞതിന്റെ വ്യക്തമായ നിര്‍വചനമിതാണ്.
ഓണ്‍ലൈനിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നവര്‍ക്കും ഇനി മുതല്‍ അതു മതി എന്ന് ആശ്വസിക്കുന്നവരുമായ ക്രൈസ്തവര്‍ക്ക് ഫാ. ബിനോയ് ആലപ്പാട്ട് നല്‍ക്കുന്ന മറുപടി കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.