ടോം ജോസ് തടിയംപാട്

ലിവര്‍പൂള്‍ ക്‌നാനായ യൂണിറ്റിനെ അടുത്ത രണ്ടു വര്‍ഷത്തേക്ക് തോമസ് ജോണ്‍ വാരികാട്ട് നയിക്കും. ശനിയാഴ്ച്ച വൈകുന്നേരം വിസ്റ്റന്‍ ടൗണ്‍ ഹാളില്‍ നടന്ന ക്രിസ്തുമസ് ആഘോഷ പരിപാടിയില്‍ വച്ചാണ് തിരഞ്ഞെടുപ്പു നടന്നത്. കഴിഞ്ഞ കമ്മറ്റിയില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച സാജു ലൂക്കോസ് ട്രഷറര്‍ ആയി പ്രവര്‍ത്തിച്ച ബിജു എബ്രഹാം എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. കൂടാതെ 13 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു.

ചടങ്ങില്‍ മുന്‍ പ്രസിഡണ്ട് സിന്റോ ജോണ്‍ അധ്യക്ഷത വഹിച്ചു. വിന്‍സി ബേബി സ്വാഗതമാശംസിച്ചു. ജിജി മോന്‍ മാത്യു ക്രിസ്തുമസ് സന്ദേശം നല്‍കി. ക്രിസ്തുമസ് കാലത്ത് ദൈവത്തിന്റെ അംശത്തില്‍ ജനിച്ച നമ്മള്‍ക്ക് വളരെയേറെ കടമകളും ദൈവം നല്‍കിയിട്ടുണ്ട്. ലോകത്തിനു പ്രകാശം പരത്തുക എന്ന നമ്മളുടെ ഉത്തരവാദിത്വം നാം പൂര്‍ത്തീകരിക്കാതിരുന്നാല്‍ അത് ഒരു വിടവായി അവിടെ അവശേഷിക്കും. അതുകൊണ്ട് സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ നാം മടി കാണിക്കരുതെന്ന് അദ്ദേഹം സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

പരിപാടിയില്‍ സഹകരിച്ച എല്ലാവരും പങ്കെടുത്ത പുഞ്ചിരി മത്സരമായിരുന്നു പരിപാടിയില്‍ ഏറ്റവും കൗതുകരമായിരുന്നത്. കുട്ടികള്‍ അവതരിപ്പിച്ച വിവിധ ക്രിസ്തുമസ് പരിപാടികളും ഡാന്‍സുമെല്ലാം പരിപാടികള്‍ക്ക് കൊഴുപ്പേകി. അധികാരമൊഴിഞ്ഞ സിന്റോ ജോണിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഒട്ടേറെ നൂതനമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ടാണ് അധികാരമൊഴിഞ്ഞത്. കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കുന്ന ഓണാഘോഷം കൂടാതെ, മാസത്തില്‍ ഒരിക്കല്‍ കൂടിച്ചേരല്‍, UKKCA, UKKCYL, കലാമേളകളില്‍ അഭിനന്ദനാര്‍ഹമായ നേട്ടം കൈവരിക്കാനും ലിവര്‍പൂള്‍ യൂണിറ്റിനു കഴിഞ്ഞു. കൂടാതെ വിമന്‍സ് ഫോറം രൂപികരിക്കാനും കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവിധ മേഖലകളില്‍ കഴിവുതെളിച്ച കുട്ടികളെയും മുതിര്‍ന്നവരെയും യോഗത്തില്‍ വച്ച് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഈ വര്‍ഷം ജൂനിയര്‍ ലിവര്‍പൂള്‍ മേയറായി തിരഞ്ഞെടുത്ത ജെനിറ്റ ജോഫിയെ യോഗത്തില്‍ അഭിനന്ദിച്ചു. ലിവര്‍പൂള്‍ സിറ്റിയിലെ 32 പ്രൈമറി സ്‌കൂളുകളില്‍ നിന്നും കൗണ്‍സില്‍ മത്സരത്തില്‍ വളരെ ശക്തമായി തന്റെ പ്രസംഗത്തിലൂടെ ആശയങ്ങള്‍ അവതരിപ്പിച്ചാണ് ജെനിറ്റ ഈ നേട്ടം കൊയ്‌തെടുത്തത്. ആദ്യം ജെനിറ്റ പഠിക്കുന്ന സ്‌കൂളില്‍ നിന്ന് തെരഞ്ഞെടുത്തു. അതിനു ശേഷം ലിവര്‍പൂള്‍ ടൗണ്‍ ഹാളില്‍ നടന്ന മത്സരത്തില്‍ 32 സ്‌കൂള്‍ പ്രതിനിധികളുമായി മത്സരിച്ച് കഴിവ് തെളിയിച്ചു. അതില്‍ നിന്നും വോട്ടുചെയ്താണ് ജെനിറ്റയെ തിരഞ്ഞെടുത്തത്.

പിന്നീട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് ലിവര്‍പൂള്‍ ലോര്‍ഡ് മേയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. ഇനി ഒരു മാസക്കാലം ജെനീറ്റ ലിവര്‍പൂള്‍ മേയര്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലം മേയര്‍ക്കൊപ്പം ഔദ്യോഗിക ഡ്രസ്സില്‍ പങ്കെടുക്കാം. പുതിയ തലമുറയെ നേതൃത്വത്തിലേക്ക് വളര്‍ത്തികൊണ്ടു വരുന്നതിനു വേണ്ടി സ്‌കൂളുകളും കൗണ്‍സിലും കൂടി സംഘടിപ്പിക്കുന്ന പ്രോഗ്രാമാണിത്. ലിവര്‍പൂള്‍ ഫസക്കര്‍ലിയില്‍ താമസിക്കുന്ന ജെനിറ്റ ജോഫി കോട്ടയം ജില്ലയിലെ കൂടല്ലൂരിലെ മംഗലത്ത് കുടുംബാംഗം ജോഫി ജോസ്, ഷീബ ദമ്പതികളുടെ മകളാണ്.

ജോഫി, ഷീബ ദമ്പതികള്‍ ലിവര്‍പൂളിലെ ആത്മീയ സാമുദായിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ കൂടിയാണ്. പരിപാടികള്‍ക്ക് ബിജു എബ്രഹാം നന്ദി പറഞ്ഞു. ലിവര്‍പൂളിലെ സ്‌പൈസ് ഗാര്‍ഡന്‍ ഒരുക്കിയിരുന്ന ക്രിസ്തുമസ് ഭക്ഷണവും കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്.