കാഞ്ഞിരപ്പള്ളി: ഇതു എന്തൊരു നാട്.. ഇങ്ങനെയും മനുഷ്യരുണ്ടോ ..? നമുക്കെന്തു പറ്റി..? മനസാക്ഷി മരവിച്ചുപോയോ ..? കരുണയും പരസ്നേഹവും വറ്റിപ്പോയോ ? മനസ്സ് കല്ലാണോ…? കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളിയില്‍ ബൈക്കും ബസ്സും കൂട്ടയിടിച്ചു ബൈക്ക് യാത്രികന് മരിച്ച സ്ഥലത്തു അരങ്ങേറിയ സംഭവങ്ങള്‍ അറിഞ്ഞവര്‍ മൂക്കത്തു വിരല്‍ വച്ചുകൊണ്ടു ചോദിക്കുന്ന ചോദ്യങ്ങളാണിത്…
അറിഞ്ഞവരെയെല്ലാം ഞെട്ടിച്ച, കാഞ്ഞിരപ്പള്ളിയെ നാണക്കേടിന്റെ പടുകുഴിയിലാക്കിയ ആ സംഭവങ്ങള്‍ ഇങ്ങനെ :
രാവിലെ എട്ടുമണിയോടെ റോഡരികില്‍ കൂട്ടിയിട്ടിരുന്ന മെറ്റലില്‍ കയറി, പാളി, നിയന്ത്രണം തെറ്റിവന്ന ബൈക്ക് വേഗത്തില്‍ വന്ന ബസ്സില്‍ ഇടിച്ചു തകര്‍ന്നു. ബൈക്ക് യാത്രികന് ഗുരുതര പരിക്കുകളോടെ ബൈക്കില്‍ നിന്നും ബസ്സിന്റെ മുന്പില് വീണു പിടഞ്ഞുകൊണ്ടു കിടക്കുന്നു ..തലയില്‍ വച്ചിരുന്ന ഹെല്‍മെറ്റ് തെറിച്ചു പോയി.. ഇടിയുടെ ശക്തിയില്‍ അയാളുടെ തലപൊട്ടി, വായില്‍ നിന്നും രക്തം കുടുകുടെ പുറത്തേക്കു വന്നുകൊണ്ടിരിക്കുന്നു …
ഇടിച്ച ബസ്സിലെ ജീവനക്കാരും, യാത്രക്കാരും, അതുവഴി വന്ന മറ്റു യാത്രക്കാരും, നാട്ടുകാരും ആ പാവം മനുഷ്യന്റെ ചുറ്റും കൂടി നില്ക്കുന്നു.. ആരും അയാളെ സഹായിക്കുവാന്‍ ശ്രമിച്ചില്ല , ചിലര്‍ മൊബൈല്‍ ഫോണില്‍ ആ ‘ അപൂര്‍വ രംഗം’ ചിത്രീകരിക്കുന്നു.. വിലപ്പെട്ട പത്തു മിനിറ്റുകള്‍ അങ്ങനെ കടന്നു പോയി.. ആ പത്തുമിനിറ്റുകള്ക്ക് ആ മനുഷ്യന്റെ ജീവന്റെ വിലയുണ്ടായിരുന്നു….
ആ സമയത്തു അതുവഴി കടന്നുപോയ ഒരു യുവവൈദികന് തന്റെ വാഹനം നിര്‍ത്തി അപകടത്തില്‍ പെട്ടയാളുടെ അടുത്തെത്തി.. തല പൊട്ടിയിട്ടുണ്ട്, വായില്‍ നിന്നും രക്തം ഒഴുകുന്നുണ്ട് ..അതല്ലാതെ മറ്റു പരിക്കുകള്‍ ഒന്നും തന്നെ കാണുന്നില്ല. സഹായിച്ചാല്‍ ഒരു പക്ഷെ ആ വിലപ്പെട്ട ജീവന് രക്ഷപെട്ടേക്കാം. ..
വൈദികന് പിന്നെ ഒന്നും ആലോചിച്ചില്ല .. അയാളെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുവാന്‍ തീരുമാനിച്ചു.. താന്‍ വന്ന വാഹനത്തില്‍ അയാളെ കൊണ്ടുപോകുവാന്‍ വൈദികന് തീരുമാനിച്ചു.. അതനുസരിച്ചു അപകടത്തില്‍ പെട്ടയാളെ തന്റെ വാഹനത്തിലേക്ക് കയറ്റുവാന്‍ ആരെക്കിലും സഹായിക്കുവാന്‍ അവിടെ കൂടി നിന്നവരോട് വൈദികന് അഭ്യര്‍ത്ഥിച്ച . ബൈക്കിനടിയില്‍ പെട്ടുപോയ അയാളെ ഒറ്റയ്ക്ക് എടുത്തു വാഹനത്തില്‍ കയറ്റുവാന്‍ അദ്ദേഹത്തിന് സാധിക്കില്ലായിരുന്നു. പക്ഷെ ആ കൂടിനിന്നവര്‍ യാതൊന്നു പ്രതികരിക്കാതെ മുഖം തിരിച്ചു മാറി നില്ക്കുവാനാണ് ശ്രമിച്ചത്. മനസ്സാക്ഷി കല്ലാക്കിയ ഒരുകൂട്ടം മനുഷ്യര്‍ .. വൈദികന് അവിടെ നിന്നവരില്‍ പലരോടും കൈകൂപ്പി ആ ജീവന് രക്ഷിക്കുവാന്‍ ഒരുകൈ സഹായത്തിനു വേണ്ടി കേണപേക്ഷിച്ചു ..
ആ അപേക്ഷ കണ്ടു മനസ്സലിഞ്ഞ അവിടെ കൂടി നിന്നവരില്‍ രണ്ടുമൂന്നു പേര് ആ വൈദികന്റെ അടുത്തെത്തി അപകടത്തില്‍ പെട്ടയാളെ താങ്ങിപിടിച്ചു വൈദികന്റെ വാഹനത്തിന്റെ പിന്‍സീറ്റില്‍ കിടത്തി കൊടുത്തു.. അതോടെ അവരും തങ്ങളുടെ കടമ നിര്‍വഹിച്ചു പിന്മാറി.
വൈദികന് അവിടെ കൂടി നിന്നവരോട്, വണ്ടിയില്‍ കിടത്തിയ ഗുരുതരമായി പരിക്കേറ്റയാളെ താങ്ങിപിടിക്കുവാന്‍ തന്റെയൊപ്പം വാഹനത്തില്‍ കൂടെയിരിക്കുവാന്‍ ആരെക്കിലും ആശുപത്രിയിലേക്ക് വരണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അതുകേട്ടിട്ടും ആരും അനങ്ങിയില്ല. അമ്പരന്നുപോയ വൈദികന് വീണ്ടും വീണ്ടും ആപ്കേക്ഷിച്ചപ്പോള്‍ ഫയര്‍ ഫോഴ്സിലെ ജീവനക്കാരനായ ഷാജി എന്നയാള്‍ സഹായിക്കുവാന്‍ മുന്‍പോട്ടു വന്നു. അങ്ങനെ വൈദികനും ഷാജിയും ചേര്‍ന്ന് ആ പാവത്തിനെ വാഹനത്തില്‍ താങ്ങിയിരുത്തി ആശുപത്രിയില്‍ എത്തിച്ചു.. എങ്കിലും ആ വിലപ്പെട്ട ജീവന് അവര്‍ക്കു രക്ഷിക്കുവാനായില്ല ..
നാടിനു മാത്രമല്ല, ലോകത്തിലെ മനുഷ്യര്‍ക്ക് മുഴുവനും മാതൃകയായ ആ വൈദികന്റെ പേര് ഫാ . മനു കെ. മാത്യു കിളികൊത്തിപ്പാറ. ആനക്കല്ല് സൈന്റ് ആന്റണിസ് പബ്ലിക് സ്കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണദ്ദേഹം . കാളകെട്ടി അസ്സീസ്സി അന്ധവിദ്യാലയത്തില്‍ വിശുദ്ധ കുര്‍ബാന ശുശ്രൂഷ അര്‍പ്പിച്ച ശേഷം സ്കൂളിക്കുലേക്ക് തിരിച്ചു വരുന്ന സമയത്താണ് അപകടം വഴിയില്‍ കണ്ടത്.
സമയത്തു സഹായം കിട്ടാതെ അവിടെ പിടഞ്ഞു തീര്‍ന്ന ആ മനുഷ്യന്റെ പേര് റെജി വര്‍ഗ്ഗീസ്. ഷാര്‍ജയിലെ പ്രവാസി ജീവിതത്തിനു വിരാമമിട്ടുകൊണ്ടു നാട്ടില്‍ തിരിച്ചെത്തി കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ വീടുവച്ചു കുടുംബസമേതം താമസിക്കുന്ന, അദ്ദേഹം മൂന്നു കൊച്ചു പെണ്‍കുട്ടികളുടെ പിതാവാണ്. ഇളയ കുട്ടിക്ക് രണ്ടു വയസ്സ് ..
പിറവത്ത് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അദ്ദേഹം ജോലിസ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് അപകടത്തില്‍ പെട്ടത്.. ഒരുപക്ഷെ അവിടെ കൂടി നിന്നവരില്‍ ആരെങ്കിലും സഹായിച്ചിരുന്നങ്കില്‍ ആ വിലപ്പെട്ട ജീവന് രക്ഷപെട്ടേനെ.. ആ മൂന്നു കുഞ്ഞു പെണ്‍കുട്ടികള്‍ക്ക് സ്നേഹനിധിയായ പിതാവിനെ തിരികെ കിട്ടുമായിരുന്നു….രണ്ടു വയസ്സുമാത്രം പ്രായമുള്ള ആഞ്ജലീന എന്ന് പേരുള്ള ഇളയ കുഞ്ഞിന് അച്ഛന്റെ സ്നേഹം മതിവരുവോളം ലഭിച്ചേനെ .. വിധിയെന്ന് കരുതുന്നതിനു പകരം, കുറെ മൃഗമനസ്സുകളുള്ള മനുഷ്യരുടെ കണ്ണില്‍ച്ചോരയില്ലാതെ പ്രവര്‍ത്തിമൂലമാണ് ആ ജീവന് നഷ്ടപെട്ടത് എന്ന് കരുതുന്നതാണ് ശരി
മറ്റുള്ളവരെ ആപത്തില്‍ സഹായിക്കാതിരിക്കുന്നതു കുറ്റകരമാണ് എന്നകാര്യം നാം എന്നാണ് മനസ്സിലാക്കുന്നത് … ജീവന് നിലനിര്‍ത്തുവാന്‍ പരസഹായം വേണ്ടിവരുന്ന സന്ദര്‍ഭങ്ങള്‍ ആര്‍ക്കും സംഭവിക്കാം എന്നകാര്യം നാം മനസ്സിലാക്കാത്തതെന്ത് ? ‘ ഇന്ന് ഞാന്‍, നാളെ നീ ‘ എന്ന വാക്യത്തിന്റെ അര്‍ഥം നാം എന്താണ് മനസ്സിലാക്കാത്തത് ? മനുഷ്യന് എന്ന ജീവി എന്നും ഒരു പ്രഹേളിക തന്നെ .. ആര്‍ക്കും മനസ്സിലാകാത്ത ഒരു പ്രഹേളിക .. അവരില്‍ മിന്നലാട്ടം പോലെ ചില നല്ല മനുഷ്യര്‍ ഉണ്ടാവാറുണ്ട് .. ഫാദര്‍ മനുവിനെപ്പോലെ ..
Leave a Reply