ന്യൂഡല്‍ഹി: മൊബൈല്‍ സിം കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ട് തുടങ്ങി വിവിധ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി. മാര്‍ച്ച് 31 വരെയാണ് തിയതി നീട്ടി നല്‍കിയത്. ഇത് സംബന്ധിച്ച് ഭരണഘടനാ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ക്രെഡിറ്റ് കാര്‍ഡ്, പാന്‍ കാര്‍ഡ്, ഇന്‍ഷുറന്‍സ്, ബാങ്ക് അക്കൗണ്ട്, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ എന്നിവ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെയായിരുന്നു. ഈ സമയ പരിധി കഴിഞ്ഞ ദിവസം എടുത്തു കളഞ്ഞിരുന്നു. പുതിയ സമയ പരിധി എല്ലാ സേവനങ്ങള്‍ക്കും ബാധകമാക്കിയിട്ടുണ്ട്.
സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. മാര്‍ച്ച് 31 വരെ സമയപരിധി നീട്ടാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു കോടതി.
അതേ സമയം ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുമ്പോള്‍ ആധാര്‍ നിര്‍ബന്ധമല്ല എന്ന് കോടതി വ്യക്തമാക്കി. ആധാര്‍ ഉള്ളയാളാണ് അക്കൗണ്ട് തുടങ്ങുന്നതെങ്കില്‍ വിവരങ്ങള്‍ കൈമാറണം. ആധാര്‍ ഇല്ലാത്തവരാണെങ്കില്‍ ആധാറിന് അപേക്ഷിച്ചതിന്റെ രേഖകള്‍ കൈമാറണമെന്നും കോടതി പറഞ്ഞു.
Leave a Reply