ജോജി തോമസ്

പഴയകാലത്തെ അധ്യാപകരുടെ സാമ്പത്തിക ദുരിതത്തിന്റെയും , ജീവിത പ്രാരാബ് ദങ്ങളുടെയും നേർക്കാഴ്ചയാണ് കാരൂർ നീലകണ്ഠപ്പിള്ളയുടെ പൊതിച്ചോറ് എന്ന ചെറുകഥ . തുച്ഛമായ ശമ്പളത്തിൽ ജീവിതത്തിൻറെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്ന അധ്യാപകൻ വിശപ്പടക്കാൻ തന്റെ വിദ്യാർത്ഥിയുടെ തന്നെ പൊതിച്ചോറ് മോഷ്ടിക്കുന്നതാണ് കഥാതന്തു. എന്നാൽ ആധുനിക കാലത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക-അനധ്യാപക വിഭാഗത്തിൽപ്പെടുന്ന ജീവനക്കാർ പഴയകാല അധ്യാപകരേക്കാൾ മോശമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന വസ്തുത പുറംലോകം അറിയുന്നില്ല. പൊതിച്ചോറിലേ അധ്യാപകന് സർക്കാർ ജോലിയുടെ സംരക്ഷണമെങ്കിലും ഉണ്ടായിരുന്നെങ്കിൽ സ്വകാര്യ മേഖലകളിലെ അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ജോലി സുരക്ഷിതത്വം തുമ്മിയാൽ തെറിക്കുന്ന മൂക്കു പോലെയാണ്. മാനേജ്മെന്റിന് ഇഷ്ടക്കേട് ഉണ്ടാകുകയോ, തെറ്റുകൾക്ക് നേരെ വിരൽ ചൂണ്ടുകയോ ചെയ്താൽ ജോലി കാണുകയില്ല. കോടികൾ ചിലവഴിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള സ്കൂളുകളിലേയ്ക്ക് കനത്ത ഫീസ് നൽകി കുട്ടികളെ അയക്കുന്ന മാതാപിതാക്കൾ അറിയുന്നില്ല തങ്ങളുടെ കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് നയിക്കുന്നത് ജീവിത പ്രാരാബ്ധങ്ങളിൽ പെട്ട് ഉഴലുന്ന കുറെ ജീവിതങ്ങളാണെന്ന്. എയ് ഡഡ് സ്കൂളുകളോടനുബന്ധിച്ചുള്ള അൺ എയ് ഡഡ് പ്രീപ്രൈമറി സ്കൂളുകളിലേ അധ്യാപകരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഏകാംഗ അധ്യാപക സമ്പ്രദായം നിലനിൽക്കുന്ന ഈ മേഖലയിൽ തുച്ഛമായ ശമ്പളത്തിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് അടിയന്തരഘട്ടങ്ങളിൽ ഒരു അവധി എടുക്കാനുള്ള അനുവാദം പോലും മാനേജ്മെൻറ് നിഷേധിക്കാറുണ്ട് . പ്രീ പ്രൈമറി സ്കൂളുകൾ സ്കൂളുകളിലേയ്ക്ക് കുട്ടികളെ ആകർഷിക്കാനുള്ള വാതായനമാണ്..

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ നല്ലൊരു ശതമാനവും സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലാണ്. ലക്ഷക്കണക്കിന് വരുന്ന തൊഴിൽരഹിതരായ അഭ്യസ്തവിദ്യരാണ് ഇക്കൂട്ടരുടെ ചാകര. ബിരുദവും, ബിരുദാനന്തര ബിരുദവും അതിനുശേഷം ബി എഡ് ഉൾപ്പെടെയുള്ള ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സുകൾ കഷ്ടപ്പെട്ട് സ്വായത്തമാക്കിയ ഇക്കൂട്ടർ മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാൽ തൊഴിലുറപ്പ് പദ്ധതിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വേതനത്തിൽ ഉപജീവനത്തിനായി ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. കേരളത്തിലെമ്പാടും സ്വകാര്യ അൺ എയ് ഡഡ് മേഖലയിൽ ലക്ഷക്കണക്കിന് ജീവനക്കാരാണ് കടുത്ത തൊഴിൽ ചൂഷണത്തിന് വിധേയരാകുന്നത് .

കൊല്ലം ജില്ലയിലെ കാഞ്ഞാവള്ളിയിലെ മഹാത്മാ മോഡൽ സ്കൂളിലെ അധ്യാപക സമരം

കോവിഡ് കാലം പല സ്വകാര്യ മാനേജ്മെന്റുകൾക്കും സാമ്പത്തിക നേട്ടത്തിനുള്ള ഉപാധിയാണ്. ഓൺലൈൻ ക്ലാസുകളുടെ മറവിൽ മുഴുവൻ ഫീസും കുട്ടികളിൽനിന്ന് ഈടാക്കുമ്പോൾ സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിന്റെ പേരിൽ അധ്യാപകർക്ക് വളരെ തുച്ഛമായ വേതനം മാത്രമാണ് നൽകുന്നത്. ചില സിബിഎസ്ഇ സ്കൂളുകളിൽ 400 ലധികം കുട്ടികൾക്കാണ് ചില അധ്യാപകർ ഒരേ സമയം ഓൺലൈൻ ക്ലാസ്സ് എടുക്കുന്നത്. ഇത് നിരവധി അധ്യാപക തസ്തികകൾ ഒഴിവാക്കാൻ മാനേജ്മെന്റിനെ സഹായിച്ചിട്ടുണ്ട്. ഇനിയും കുട്ടികൾ സ്കൂളിൽ വരുമ്പോൾ മാത്രമാണ് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ എന്നേയ്ക്കുമായി സ്കൂളിനോട് വിട പറഞ്ഞത് അറിയുന്നത് . കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികളിൽ നിന്ന് നീന്തൽ പരിശീലനത്തിന്റെ ഫീസു വാങ്ങിയ മാനേജ്മെന്റുകൾ വരെയുണ്ട്. പ്രൈമറി സ്കൂളിലെ കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകൾ എന്ന പ്രഹസനം നടത്തുന്നത് ഫീസു വാങ്ങാനുള്ള ഉപാധി മാത്രമാണ് . പക്ഷേ കുട്ടികളിൽ നിന്ന് ഫീസ് വാങ്ങാൻ അമിതോത്സാഹം കാട്ടുന്ന മാനേജ്‌മെന്റ് അധ്യാപനം മാത്രം ഉപജീവനമായി കാണുന്ന ജീവനക്കാരോട് നിഷേധാത്മക സമീപനമാണ് കാട്ടുന്നത്.

പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള സ്കൂളുകൾ പണിതുയർത്തുന്ന മാനേജ്മെൻ്റുകൾ ജീവനക്കാർക്ക് യാതൊരു പരിഗണനയും നൽകുന്നില്ല. പല പ്രമുഖ സ്കൂളുകളിലും കോവണിപ്പടിയുടെ കീഴിലാണ് സ്റ്റാഫ് റൂം . തിരുവനന്തപുരം കിളിമാനൂരിൽ ബന്ധു മരിച്ചതിനെത്തുടർന്ന് ഒരു ദിവസം അവധിയെടുത്ത ടീച്ചറെ പ്രിൻസിപ്പാൾ മുടി കുത്തിന് പിടിച്ച് അടിച്ചത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ ശാരീരിക പീഡനത്തിന് വിധേയയായ അധ്യാപിക പ്രസ്തുത സ്കൂളിൽ പഠിപ്പിച്ചിരുന്നുവെന്ന് സാക്ഷി പറയാൻ പോലും സഹ അധ്യാപകർ തയ്യാറായില്ല. ആരെങ്കിലും സാക്ഷി പറഞ്ഞാൽ എല്ലാവരുടെയും ജോലി തെറിക്കുമെന്നായിരുന്നു മാനേജ്മെൻ്റിൻ്റെ ഭീഷണി. കൊല്ലത്ത് ഒരു സ്കൂൾ ടീച്ചറെ മതിയായ കാരണങ്ങളില്ലാതെ പിരിച്ചു വിട്ടതിനെ തുടർന്ന് നടന്ന സമരത്തിൽ മാനേജ്മെൻറ് ചർച്ചയ്ക്ക് തയ്യാറാകാതെ വന്നതിനെ തുടർന്ന് സ്കൂൾ ടീച്ചർ കൈ ഞരമ്പ് മുറിച്ച വേദനാജനകമായ സംഭവം ഉണ്ടായി . ജീവിക്കാൻ മറ്റു നിവൃത്തി ഒന്നുമില്ലാതിരുന്ന ടീച്ചർ എൻറെ ചോര കണ്ടെങ്കിലും മാനേജ്മെൻറ് ചർച്ചയ്ക്ക് തയ്യാറാകട്ടെ എന്നാണ് കൈ ഞരമ്പ് മുറിച്ച സംഭവത്തെക്കുറിച്ച് പറഞ്ഞത്. തൃശൂർ ചേർപ്പ് ശ്രീ കോകിലം പബ്ലിക് സ്കൂളിൽ 15 വർഷം വരെയുള്ള ടീച്ചേഴ്സിന് മതിയായ കാരണമില്ലാതെ പിരിച്ചുവിട്ടതിനെ തുടർന്നുള്ള സമരം അടുത്തയിടെയാണ് ഒത്തുതീർപ്പായത്. പേപ്പർ വാല്യുവേഷനും മറ്റുമായി രാത്രി 12 മണി വരെ ജോലിചെയ്യുന്ന ജീവനക്കാർക്ക് 10 വർഷം വരെ സർവീസ് ഉണ്ടെങ്കിലും 7000 ത്തിൽ താഴെമാത്രമാണ് ശമ്പളമെന്ന് അൺ എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ പ്രമുഖ സംഘടനയായ KUSTU വിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി വേണു കട്ടക്കിൽ ചൂണ്ടിക്കാട്ടി. അൺ എയ്ഡഡ് മേഖലയിൽ നടക്കുന്ന കഴുത്തറപ്പൻ ചൂഷണത്തിൻ്റെ ആഴവും വ്യാപ്തിയും പൊതുസമൂഹത്തിൻറെ മുമ്പിൽ എത്തിക്കുക എന്നത് ഇന്നിൻറെ ആവശ്യകതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പഴുവിൽ ശ്രീ ഗോകുലം സ്കൂൾ അധ്യാപക സമരത്തിൽ നിന്നുള്ള ദൃശ്യം

അൺ എയ്ഡഡ് സ്കൂളുകളിൽ സിബിഎസ്ഇ, ഐസിഎസ്ഇ, കേരളാ സിലബസുകളിലായി ഏതാണ്ട് രണ്ടര ലക്ഷത്തോളം ജീവനക്കാർ ജോലിചെയ്യുന്നുണ്ട് .ഇതിൽ ഏറ്റവും ശോചനീയമായ സേവന വേതന വ്യവസ്ഥയിലൂടെ കടന്നു പോകുന്നത് എയ്ഡഡ് സ്കൂളുകളോട് അനുബന്ധിച്ചുള്ള അൺ എയ്ഡഡ് പ്രീ പ്രൈമറി സ്കൂൾ അധ്യാപകർ തന്നെയാണ്. ഈ ജീവനക്കാരൊക്കെ കേന്ദ്ര ഗവൺമെൻറിൻറെ കീഴിലാണോ അതോ സംസ്ഥാന ഗവൺമെൻറ് കീഴിലാണോയെന്ന കടുത്ത ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളെ നിയന്ത്രിക്കാൻ സംസ്ഥാന ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടി ഉണ്ടായാൽ തങ്ങൾ സംസ്ഥാന ഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിന് വിധേയമല്ലെന്നാണ് സ്കൂളുകളുടെ വാദം. ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന ഷിബു ബേബിജോൺ അൺ എയ്ഡഡ് മേഖലയിലെ ജീവനക്കാർക്ക് മിനിമം വേതനം നടപ്പാക്കാൻ കരടു ബിൽ അവതരിപ്പിക്കാൻ നീക്കമുണ്ടായെങ്കിലും പല ഭാഗത്തു നിന്നുള്ള സമ്മർദ്ദങ്ങളെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ 600 ഇന കർമ്മപരിപാടിയിൽ അൺ എയ്ഡഡ് മേഖലയിലെ ജീവനക്കാർക്ക് മിനിമം വേതനം നടപ്പാക്കാനുള്ള സമഗ്ര നിയമനിർമ്മാണം ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇതിനോടകം നടപടികളൊന്നും ഉണ്ടായിട്ടില്ല . പ്രൈമറി സ്കൂൾ ടീച്ചേഴ്സിന് 10000 , ഹൈസ്കൂൾ ടീച്ചേഴ്സ് 15000 ,ഹയർസെക്കൻഡറി ടീച്ചേഴ്സിന് 20000 പ്രാരംഭ വേതനമായി നൽകണമെന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവുണ്ടെങ്കിലും മാനേജ്മെൻ്റുകൾ കണ്ടഭാവം നടിക്കുന്നില്ല . അൺ എയ്ഡഡ് മേഖലയിലെ ജീവനക്കാർ തൊഴിൽവകുപ്പിൻ്റെ കീഴിലാണോ, വിദ്യാഭ്യാസവകുപ്പിൻ്റെ കീഴിലാണോ എന്നു പോലും ഈ മേഖലയിൽ ജോലിചെയ്യുന്നവർക്ക് വ്യക്തതയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ പ്രമുഖ സ്ഥാനം വഹിക്കുന്നത് സാമുദായിക സംഘടനകളാണ്. ആരോഗ്യരംഗത്തെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. സാമുദായിക സംഘടനകളുടെ സ്വാധീനത്തിലും സമ്മർദ്ദത്തിലും വഴങ്ങി നിരവധി പതിറ്റാണ്ടുകളായി കേരളത്തിലേ വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് തുച്ഛമായ വേതനം നൽകി അമിത ലാഭം ആണ് സ്വകാര്യമേഖല കൈക്കലാക്കിയിരുന്നത്. സൂര്യനസ്തമിക്കുന്നത് മുമ്പ് അധ്വാനിച്ചവന് അർഹമായ വേതനം നൽകണമെന്ന ബൈബിൾ വാക്യവും അധ്വാനിക്കുന്നവന് അവൻറെ വിയർപ്പ് ആറുന്നതിന് മുമ്പ് പ്രതിഫലം നൽകണമെന്ന ഖുറാൻ അനുശാസനവും മറന്നുകൊണ്ടാണ് വിവിധ ക്രിസ്ത്യൻ സഭകൾ , മുസ്ലിം സംഘടനകൾ, എൻ എസ് എസ് , എസ് എൻ ഡി പി ,മാതാ അമൃതാനന്ദമയിയുടെ ട്രസ്റ്റുകൾ , ശ്രീ രവിശങ്കറിൻെറ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സാമുദായിക സംഘടനകളും , മറ്റു സ്വകാര്യ മാനേജ്മെന്റുകളുടെയും പ്രവർത്തനം . ആരോഗ്യരംഗത്തെ തൊഴിൽ ചൂഷണത്തിന് വളരെയധികം തടയിടാൻ നേഴ് സുമാരുടെ സംഘടിത ശേഷിക്ക് സാധിച്ചു . നേഴ് സുമാരുടെ വഴിയേ , സ്വകാര്യമേഖലയിലെ അൺ എയ് ഡഡ് അധ്യാപകരും സംഘടിക്കുകയാണ് ഇന്നിന്റെ ആവശ്യം . അതുപോലെതന്നെ സ്വകാര്യ അൺ എയ്ഡഡ് സ് കൂളുകളിലെ അധ്യാപക അനധ്യാപക ജീവനക്കാർക്ക് ഒരു മിനിമം വേതനം നടപ്പാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടാകണം. കുട്ടികളെ പഞ്ചനക്ഷത്ര സ് കൂളുകളിലേയ്ക്ക് അയക്കുന്ന മാതാപിതാക്കൾ അവർക്ക് വിദ്യ പകർന്ന് നൽകുന്ന അധ്യാപകർക്ക് ഉപജീവനത്തിനാവശ്യമായ മാന്യമായ വേതനം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.

 

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.

മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.