റെഡിച്: നഴ്സിങ് മേഖലയില്‍ നടന്നു വരുന്ന റീവാലിഡേഷന് പ്രക്രിയക്ക് സഹായകമാകും എന്ന പ്രതീക്ഷയോടെ റെഡിച് കെസിഎ നടത്തിയ ഏകദിന സെമിനാറില്‍ നഴ്സിങ് സമൂഹത്തില്‍ നിന്നും മികച്ച പ്രതികരണം. ഭൂരിഭാഗം പേരെയും സെമിനാറില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു എന്നത് സംഘടനാ പ്രവര്‍ത്തകര്‍ക്കു ആവേശമായി. ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കായി വാലിഡേഷന്‍ പോയിന്റ് ലഭിക്കാന്‍ എന്‍എച് എസ് തന്നെ മാര്ഗ്ഗനിര്ദേശ ക്ളാസുകള്‍ നടത്തുന്നുണ്ടെങ്കിലും നഴ്സിങ് ഹോമുകളിലും ഏജന്‍സികളിലും ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പ്രയോജനകരമാണ് ഇത്തരം മാര്‍ഗനിര്‍ദേശക പഠന ക്ളാസുകള്‍ എന്ന തിരിച്ചറിവാണ് ഈ സംരഭം നടത്താന്‍ സംഘടനക്ക് പ്രചോദനമായതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
യുകെയിലെ മിക്കവാറും മലയാളി സംഘടനകള്‍ എന്നാല്‍ ആഘോഷങ്ങള്‍ക്കും മത്സരങ്ങള്‍ക്കുമുള്ള സംവിധാനം എന്ന തരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുറേകൂടി ക്രിയാത്മകമാകുകയാണ് കെ സിഎ.ഓണവും ക്രിസ്മസും വിഷുവും ഈസ്റ്ററും ആഘോഷിക്കുകയും ആര്‍ട്സ്,സ്പോര്‍ട്സ് മേളകള്‍ നടത്തുകയും ചെയ്യുന്ന പതിവ് സംഘടനാ ശൈലിയില്‍ നിന്നും വേറിട്ട് സഞ്ചരിക്കുന്ന ശൈലിയാണ് റെഡിച്ചില്‍ നിന്നുള്ള മലയാളി സംഘടനയായ കെ സി എ തുടക്കം മുതല്‍ അനുവര്‍ത്തിക്കുന്നതും.
റെഡിച്ചിലെ കുടിയേറ്റ മലയാളികളുടെ പ്രധാന തൊഴില്‍ മേഖലയായ നഴ്സിംഗ് എന്നതിനാല്‍ ഈ രംഗത്തെ മാറ്റങ്ങള്‍ എല്ലാവരിലും എത്തിക്കാന്‍ വേണ്ടിയാണ് സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ നഴ്സിംഗ് സംബന്ധിച്ച കാര്യങ്ങളില്‍ മലയാളികള്‍ക്കിടയില്‍ ശരിയായ ബോധവല്‍ക്കരണവും ആനുകാലികമായ കാര്യങ്ങളില്‍ അറിവ് അപ്ഡേറ്റ് ചെയ്യേണ്ടതും അത്യന്താപേക്ഷിതമാണ്.ഈ തിരിച്ചറിവാണ് നഴ്സുമാര്‍ക്കായി അര്‍ദ്ധ ദിന സെമിനാര്‍ നടത്തുവാന്കെ സി എ നേതൃത്വത്തിന് പ്രചോദനമായത്.
സെമിനാറില്‍ റീവാലിഡേഷന്, കരിയര്‍ പ്രോഗ്രഷന്‍, ഡാറ്റിക്സ് ആന്‍ഡ് ഇന്‍സിഡന്റ് റിപ്പോര്‍ട്ടിങ്, കംപ്ലയ്ന്റ് ഹാന്റിലിങ് ആന്റ് ഗുഡ് ഡോക്യുമെന്റേഷന്, എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. ഓരോ ടോപ്പിക്കിനും പവര്‍ പോയിന്റ് പ്രേസേന്റ്റേഷനും അതിനെത്തുടര്‍ന്ന് ഏഴു പേര് അടങ്ങിയ ഗ്രൂപ്പുകളും അവരെ നയിക്കാനായി ഓരോ ഗ്രൂപ്പിനും ലീഡേഴ്സും ഓരോ വിഷയങ്ങളെ പറ്റിയും ചര്‍ച്ചകള്‍ നടത്തി.
ബിഞ്ചു ജേക്കബ്, മേഴ്സി ജോണ്സന് എന്നിവര്‍ നേതുത്വം നല്കിയ സെമിനാറില്‍ നഴ്സിംഗ് രംഗത്ത് ജോലി ചെയുന്ന കെ സി എ മെംബേര്‍സ് ആയ നാല്പതു പേരോളം സംബന്ധിച്ചു. അടുത്ത വര്‍ഷം ഒരു മുഴുവന്‍ ദിവസം നീളുന്ന സെമിനാര്‍ നടത്തുവാനുള്ള സാധ്യതകളും ആരായും. കെ സി എ പ്രസിഡന്റ് ജസ്റ്റിന് ജോസഫ് ഉത്ഘാടനം നിര്‍വഹിച്ച നഴ്സിംഗ് സെമിനാറില്‍ ഡോക്ടര്‍ സിദിഖി, എന്‍ എച് എസ് പ്രൊഫെഷണല്‍ കോര്‍ഡിനേറ്റര്‍ ഡോണ്‍ ടോള്‍ഹുര്‍സ്റ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
അടുത്തിടെ യുകെയില്‍ ആരംഭിച്ച കേരള സര്‍ക്കാരിന്റെ മലയാളം മിഷനുമായി സഹകരിച്ച്പുതുതലമുറയെ മലയാള ഭാഷ പഠിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കെ സി എ തുടക്കമിട്ടു. വൈകുന്നേരം ആറുമണിക്ക് മലയാളം മിഷന് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു യൂ കെകോര്ഡിനേറ്റര് മുരളി വെട്ടത്തു, എബ്രഹാം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന യോഗത്തില്‍ വച്ചു മലയാളം മിഷന് പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ഉത്ഘാടനം നിര്‍വഹിക്കുകയും പ്രധാന അധ്യാപകനായി പീറ്റര്‍ ജോസഫിനെ തിരഞ്ഞെടുക്കുകയും ചെയ്തു.മലയാളം മിഷന്റെ കവന്‍ട്രി മേഖല കേന്ദ്രവുമായി ബന്ധപെട്ടായിരിക്കും റെഡിച് മലയാളം പഠന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.
കെ സി എ പ്രസിഡന്റ് ജസ്റ്റിന് ജോസഫ് സെക്രട്ടറി റെജി ജോര്‍ജ്, യുക്മ മിഡ്ലാണ്ട്സ് റീജണല്‍ പ്രസിഡന്റ് ഡിക്സ് ജോര്‍ജ്, സെക്രട്ടറി സന്തോഷ് തോമസ്,പീറ്റര്‍ ജോസഫ്, ബിന്്ജു ജേക്കബ്, മേഴ്സി ജോണ്സണ്,ലിസ്സി ജേക്കബ്, ഷിബി ബിജിമോന്‍, ജസ്റ്റിന് മാത്യു, ബിന്‍സി ജോയ്,ജിന്‍സി എല്സോ,ജെന്‍സി പോള്‍, ഷീന ആര്‍ഷല്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുത്തു.
Leave a Reply