ഇടത്-വലത് പാര്‍ട്ടികള്‍ മാറിമാറി ഭരിച്ചിട്ടും ഒരു അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാരന്‍ പോലും ശിക്ഷിക്കപ്പെടാത്ത കേരളത്തില്‍, അവരെ രക്ഷപ്പെടുത്താന്‍ വേണ്ടി ജേക്കബ് തോമസിനെ പോലുള്ള ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നു. താന്‍ ഇരുന്ന സ്ഥാനങ്ങളിലെല്ലാം അഴിമതിക്കെതിരായി ശക്തമായ നിലപാടെടുത്ത് പൊതുസമൂഹത്തിന്റെ സ്വീകാര്യത നേടിയ വ്യക്തിയാണ് ജേക്കബ് തോമസ്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉന്നയിച്ച കാരണങ്ങള്‍ വളരെ ദുര്‍ബലമാണ്. ജേക്കബ് തോമസിനെതിരെ ഉള്ള നടപടി പരിഹാസ്യമാണ് എന്ന് ആം ആദ്മി പാര്‍ട്ടി വിലയിരുത്തുന്നു.
ഒട്ടനവധി അഴിമതി കേസിലും കള്ളക്കടത്ത് കേസിലും പ്രതിയായിട്ടുള്ള ഉന്നതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോഴും സ്ഥാനങ്ങളില്‍ തുടരുമ്പോള്‍, ഒരു സെമിനാറില്‍ തന്റെ അഭിപ്രായം പറഞ്ഞു എന്ന കാരണം കൊണ്ട് ജേക്കബ് തോമസിനെതിരെ എടുത്ത നടപടി ഭീരുത്വമാണ്. അഴിമതിക്കാരെ സംരക്ഷിക്കണമെങ്കില്‍ അഴിമതിക്കെതിരെ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കണം എന്നാണ് അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും ഇന്ന് പിണറായി സര്‍ക്കാരിന്റെയും നയം.
ബാര്‍ കോഴക്കേസില്‍ മാണി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് പിണറായി വിജയനും ഇടതുപക്ഷത്തിനും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. പാറ്റൂര്‍ കേസില്‍ നേരിട്ട് തെളിവ് നല്‍കാന്‍ ജേക്കബ് തോമസിന് ഹൈക്കോടതി വിളിച്ചിരിക്കുന്ന സമയത്താണ് അദ്ദേഹത്തിനെതിരെ ഈ നടപടി. സത്യസന്ധരായ ഉദ്യോഗസ്ഥരെ വേട്ടയാടുക എന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമായി മാറിയിരിക്കുന്നു.
ഫോര്‍ട്ടുകൊച്ചി കളക്ടര്‍ അദീല, ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, എന്നിവര്‍ക്കെതിരെ ഈ സര്‍ക്കാര്‍ എടുത്ത നിലപാട് നാം കണ്ടതാണ്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വളരെ ഹീനമായ ഭാഷ ഉപയോഗിക്കുന്ന ഒരു മന്ത്രിയുള്ള പിണറായി വിജയന്‍ മന്ത്രിസഭയാണ് ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത്. ജേക്കബ് തോമസ് ഉന്നയിച്ച അഴിമതി ക്രമസമാധാന വിഷയങ്ങള്‍ വിലയിരുത്താനും ആവശ്യമായ നടപടികള്‍ എടുക്കാനും ആയിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രചരണം നടത്തി തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഭരണത്തിലെത്തി, അഴിമതിയുടെ കാര്യത്തില്‍ അവരെക്കാള്‍ മുന്നിലാണ് തങ്ങളെന്ന് തെളിയിച്ച സര്‍ക്കാറാണ് പിണറായി വിജയന്‍ സര്‍ക്കാര്‍.
Leave a Reply