ഹോസ്റ്റലില്‍ പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തില്‍ ദളിത് ഗവേഷണ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആര്‍ത്തവ പരിഹാസങ്ങള്‍ വരെ ഉപയോഗിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്നും സര്‍വകാലശാല മാറണം. വിദ്യാര്‍ത്തിനികളുടെ സമരം സന്ദര്‍ശിച്ച ആം ആദ്മി പാര്‍ട്ടി സംസ്ഥാന കന്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ കുറ്റക്കാര്‍ക്കെതിരെ പട്ടിക ജാതി/പട്ടിക വര്‍ഗ പീഡനം, സ്ത്രീ പീഡനം എന്നീ നിയമ പ്രകാരം കേസെടുക്കാന്‍ സര്‍വകലാശാല തന്നെ മുന്‍കയ്യെടുത്ത് ആറു ദിവസമായി നിരാഹാരം തുടരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

ഇടതുപക്ഷമാണ് ഭരണത്തില്‍ എന്ന ധാര്‍ഷ്ട്യത്തിലാണ് എസ്.എഫ്.ഐ ഇത്തരത്തില്‍ ആക്രമണത്തിനു മുതിരുന്നത്. കാമ്പസുകളില്‍ ജനാധിപത്യം വേണമെന്ന കോടിയേരിയുടെ ഉപദേശം കേവലം രാഷ്ട്രീയ കസര്‍ത്ത് മാത്രമാണെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ തെളിയിക്കുന്നു. ജനകീയ സമരങ്ങളെയും, ദളിത് ന്യൂനപക്ഷങ്ങളെയും അടിച്ചമര്‍ത്തുന്ന സി.പി.എം അജണ്ട ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പോലെയുള്ള യുവ സംഘടനകളിലൂടെയും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അതിന്റെ ഫലമാണ് കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടി വന്നത്.

വിദ്യാര്‍ത്ഥികളില്‍ പോലും വളരുന്ന ഈ ഫാസിസ്റ്റ് മനോഭാവം ചെറുക്കേണ്ടത് അനിവാര്യമാണ്. നിരാഹാരമിരിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യവും നീതിയും സര്‍വകലാശാലയുടെ മാത്രം ഉത്തരവാദിത്വമല്ല, സര്‍ക്കാരിന്റെ കൂടിയാണ്.