യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച കനത്ത മഴ കൃത്രിമമായി ഉണ്ടാക്കിയത്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചിരുന്നു.

കനത്ത മഴ ലഭിക്കാന്‍ കാരണമായത് സര്‍ക്കാര്‍ നടത്തിയ ക്ലൗഡ് സീഡിംഗ് വഴിയാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കൃത്രിമമായി മഴ പെയ്യിക്കുന്നതിനായി ഡിസംബര്‍ 15 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ 16 തവണയാണ് വിമാനങ്ങള്‍ ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ നടത്തിയത്.

യുഎഇയുടെ മേഘാവൃതമായ പര്‍വതപ്രദേശങ്ങള്‍ക്ക് മുകളില്‍ മേഘങ്ങളുടെ സാന്നിധ്യം റഡാറിന്റെ സഹായത്തോടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ കൗഡ് സീഡിംഗ് ദൗത്യത്തിനായി അവിടേക്ക് യാത്രകള്‍ നടത്തിയതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മേഘങ്ങള്‍ക്കകത്തേക്ക് പറന്ന് അവയെ മഴത്തുള്ളികളാക്കി മാറ്റുന്നതിനാവശ്യമായ രാസപദാര്‍ഥങ്ങള്‍ കടത്തിവിട്ടുകൊണ്ടാണ് ഇത് സാധിച്ചത്. യുഎഇയിലാകമാനം മഴയുടെ ലഭ്യതയില്‍ 20 ശതമാനം വര്‍ധനവാണ് ക്ലൗഡ് സീഡിംഗിലൂടെ രേഖപ്പെടുത്തിയത്.

അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്. മേഘങ്ങളില്‍, മഴപെയ്യുവാന്‍ വേണ്ടി നടക്കുന്ന സൂക്ഷ്മ ഭൗതികപ്രവര്‍ത്തനങ്ങള്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ചാണ് ഇത് ചെയ്യുന്നത്.

എന്നാൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഷാർജയിൽ ഇറക്കാൻ കഴിയാതെ ജെറ്റ് എയർവെയ്സ് വിമാനം യാത്രക്കാരുമായി നെടുമ്പാശേരിയിൽ തിരികെയെത്തി. വിമാനത്തിൽ നിന്ന് പുറത്തിറങ്ങാതെ യാത്രക്കാർ മണിക്കൂറുകളോളം പ്രതിഷേധിച്ചു. ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ചയുമായി മുഴുവൻ യാത്രക്കാരെയും ഷാർജയിലെത്തിക്കാമെന്ന വിമാന കമ്പനിയുടെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ശനിയാഴ്ച രാത്രി 9.30ന് ഷാർജയിലേക്ക് പോയ വിമാനം മൂടൽ മഞ്ഞിനെ തുടർന്ന് മസ്കറ്റിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് അഞ്ച് മണിക്കൂർ നേരം വിമാനത്താവളത്തിലെ പാർക്കിങ് ബേയിൽ കാത്തിരുന്ന ശേഷം ഞായറാഴ്ച രാവിലെ 11 ഒാടെ യാത്രക്കാരുമായി നെടുമ്പാശേരിയിലേക്ക് തന്നെ മടങ്ങിയെത്തുകയായിരുന്നു. യാത്രക്കാരുടെ നെടുമ്പാശേരിയിലെ താമസ ചെലവ് വഹിക്കാൻ പക്ഷേ വിമാനത്താവള കമ്പനി തയാറായില്ല.