ലണ്ടന്‍: ആഘോഷ വേളകളില്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലേക്ക് മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളുമായെത്തുന്നവരുടെ തിരക്ക് കുറയ്ക്കാനുള്ള സംവിധാനം എന്‍എച്ച്എസ് ഏര്‍പ്പെടുത്തിയേക്കും. ന്യൂകാസില്‍, ബ്രിസ്റ്റോള്‍, കാര്‍ഡിഫ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ആല്‍ക്കഹോള്‍ ഇന്‍ടോക്‌സിക്കേഷന്‍ മാനേജ്‌മെന്റ് സര്‍വീസ് (എയിംസ്) മാതൃക പഠിക്കാനും അവ എന്‍എച്ച്എസില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാനുമുള്ള പദ്ധതി എന്‍എച്ച്എസ് തയ്യാറാക്കി. ആഘോഷവേളകളില്‍ ആംബുലന്‍സുകള്‍ അമിതമായി മദ്യപിച്ച് വീഴുന്നവരെ ആശുപത്രികളിലാക്കാന്‍ ഉപയോഗിക്കപ്പെടുന്ന പ്രവണതക്കെതിരെ എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി സൈമണ്‍ സ്റ്റീവന്‍സ് രംഗത്തെത്തി.

ജനങ്ങള്‍ എത്രമാത്രം സ്വാര്‍ത്ഥരാണെന്ന് തെളിയിക്കുന്നതാണ് ഉത്തരവാദിത്തമില്ലാത്ത വിധത്തിലുള്ള മദ്യപാനമെന്ന് അദ്ദേഹം പറഞ്ഞു. ആക്‌സിഡന്റ് എമര്‍ജന്‍സി യൂണിറ്റുകളില്‍ എത്തിക്കപ്പെടുന്ന 15 ശതമാനം കേസുകളും അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലാകുന്നവരുടേതാണ്. എന്‍എച്ച്എസിനെ നാഷണല്‍ ഹാങ്ങ്ഓവര്‍ സര്‍വീസ് ആയാണ് മിക്കയാളുകളും കാണുന്നതെന്നും സ്റ്റീവന്‍സ് കുറ്റപ്പെടുത്തി. എന്നാല്‍ മദ്യപിച്ച് ആശുപത്രികളില്‍ എത്തിക്കപ്പെടുന്നവരില്‍ മിക്കവര്‍ക്കും മറ്റു വിധത്തിലുള്ള പരിക്കുകളും കാണാറുണ്ടെന്നതിനാല്‍ പുതിയ നയം പ്രഖ്യാപിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തലുകള്‍ നടത്തിയതിനു ശേഷമായിരിക്കണമെന്ന് ആശുപത്രി പ്രതിനിധികളും ആവശ്യപ്പെടുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡ്രങ്ക് ടാങ്കുകള്‍ എന്ന പേരിലാണ് മദ്യപര്‍ക്കായി എന്‍എച്ച്എസ് അവതരിപ്പിക്കാനിരിക്കുന്ന പദ്ധതി അറിയപ്പെടുന്നത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളോടനുബന്ധിച്ചോ സിറ്റി സെന്ററുകളിലോ ആയിരിക്കും ഇവ സ്ഥാപിക്കുക. പാരാമെഡിക്കുകളോ നഴ്‌സുമാരോ ആയിരിക്കും ഇവയില്‍ ഉണ്ടാകുക. ഇവിടെ പ്രവേശിപ്പിക്കപ്പെടുന്നവരെ പരിശോധിച്ച് കൂടുതല്‍ ചികിത്സ ആവശ്യമുണ്ടോ എന്ന കാര്യം ഇവര്‍ തീരുമാനിക്കും. പോലീസ് സാന്നിധ്യവും ഇത്തരം സെന്ററുകളില്‍ ഉണ്ടാകും. ഈ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തു പോകണമെങ്കില്‍ 400 പൗണ്ട് ഫീസ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പോലീസ് നല്‍കിയിട്ടുണ്ട്.