ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്വിറ്റ്‌സർലൻഡിലെ ഏറ്റവും വലിയ ബാങ്കുകൾ തകർച്ചയുടെ വക്കിൽ എത്തിയതിന് പിന്നാലെ ജോലി നഷ്ടപ്പെടുന്ന ഭീഷണിയിലാണ് ആയിരക്കണക്കിന് ബ്രിട്ടീഷുകാർ. സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്യൂസിനെ ഒടുവിൽ എതിരാളിയായ യുഎസ്ബിയാണ് വാങ്ങിയത്. 2008-ലെ ബാങ്കിംഗ് പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക ദുരന്തമാകുമായിരുന്ന ക്രെഡിറ്റ് സ്യൂസിന്റെ തകർച്ച ഒഴിവാക്കാൻ യുഎസ്ബിയുമായുള്ള സഖ്യത്തിന് കഴിഞ്ഞു. എന്നാൽ പുതിയ കരാറിൽ യുകെയിലെ ആയിരക്കണക്കിന് ആളുകളുടെ ജോലികളാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്. ലണ്ടൻ നഗരത്തിലും കാനറി വാർഫിലും സ്വിസ് ബാങ്കുകൾ 11,000-ത്തിലധികം ജീവനക്കാരെയാണ് നിയമിക്കാൻ ഒരുങ്ങുന്നത്. അതിനാൽ തന്നെ ലയനത്തിൻെറ ഭാഗമായി പലരുടെയും ജോലി നഷ്ടമാവും.

ലോകത്തിലെ ആദ്യ മുപ്പത് ബാങ്കുകളിൽ ഒന്നായതിനാൽ ക്രെഡിറ്റ് സ്യൂസിൻെറ തകർച്ച വലിയ സാമ്പത്തിക പ്രതിസന്ധികളിലേയ്ക്ക് നയിക്കും. സ്വിസ് അധികാരികൾ 45 ബില്യൺ പൗണ്ട് നൽകിയിട്ടും ബാങ്കിനെ പഴയ രീതിയിൽ എത്തിക്കാൻ സാധിച്ചില്ല . കോവിഡ് മഹാമാരിക്ക് ശേഷം ഇവരുടെ ഓഹരികൾ ഏറ്റവും കൂടുതൽ ഇടിഞ്ഞത് കഴിഞ്ഞ ഒരാഴ്ച്ചയാണ്. യുഎസ് ആസ്ഥാനമായുള്ള സിലിക്കൺ വാലി ബാങ്ക്, സിൽവർഗേറ്റ്, സിഗ്നേച്ചർ ബാങ്ക് എന്നിവയുടെ തകർച്ചയിൽ ബാങ്കിംഗ് മേഖലയാകെ കുലുങ്ങിയിരിക്കുന്നതിന് പിന്നാലെയാണിത്.

രാജ്യത്തെ രണ്ട് പ്രധാന ബാങ്കുകളിൽ ഒന്നാണ് ക്രെഡിറ്റ് സ്യൂസ്. അതിനാൽ തന്നെ ഇതിൻെറ തകർച്ച സ്വിറ്റ്‌സർലൻഡിലെ ബിസിനസുകളെയും സ്വകാര്യ ഉപഭോക്താക്കളെയും ജീവനക്കാർക്കാരെയും മാത്രമല്ല ബാധിക്കുക എന്ന് സ്വിസ് കോൺഫെഡറേഷൻ പ്രസിഡന്റ് അലൈൻ ബെർസെറ്റ് പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളിലായി ബാങ്ക് തകർച്ചയുടെ വക്കിൽ ആയിരുന്നെന്നും അതുകൊണ്ട് തന്നെ യുഎസ്ബിയുമായുള്ള ലയനമാണ് ഏറ്റവും നല്ല പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.